വളരെയധികം ദയാലുവും കരുണാനിധിയുമായിരുന്നു ഗൂഗിള്‍ലാന്റ്റ് ഭരിച്ചിരുന്ന ഗൂഗ്ലിരാജാവ്. അതുകൊണ്ട് തന്നെയാണ് തന്റെ പ്രജകള്‍ക്ക് പട്ടയം പോലുമില്ലാതെ ഭൂമികള്‍ പതിച്ചു നല്‍കിയതും, നല്ലൊരു കലാസ്നേഹിയായ രാജാവ് പല കലാ കേന്ദ്രങ്ങളും ആരംഭിച്ചു. കലയെക്കാള്‍ അവിടെയൊക്കെ കൊലയെക്കുറിച്ചാണു ചര്‍ച്ച നടക്കുന്നതെന്നറിഞ്ഞ രാജാവിനു സങ്കടമുണ്ടായിരുന്നെങ്കിലും കൈവിട്ടുപോയ കമന്റു പോലെ കല്ലീവല്ലി അടിച്ചും സഹിക്കാതെ വരുമ്പോള്‍ റാണിജിയെ അടിച്ചും അഡ്ജസ്റ്റു ചെയ്തു പോന്നു.
ആയിടക്കു അയല്‍ദേശങ്ങളില്‍ വയാഗ്രയെക്കാളും ശക്തിയില്‍ വര്‍ഗ്ഗീയ വൈറസ് പടര്‍ന്നു പിടിക്കുകയായിരുന്നു. അവിടെ നിന്നും കുറച്ചു സ്റ്റോക്കുമായി ചില ചില്ലറക്കച്ചവടക്കാര്‍ ഗൂഗിള്‍ലാന്റിലേക്കും ചേക്കേറി. നല്ലോണം വിവരമുണ്ടായിരുന്ന ഗൂഗിള്‍ലാന്റിലെ ഭൂരിപക്ഷ ജനത, അത്യാവശം ആന്റീബയോട്ടിക് കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ലാതെ കാലം കഴിഞ്ഞു പൊക്കൊണ്ടിരുന്നു.
കച്ചവടക്കാര്‍ ഓരൊ പെട്ടിക്കട തട്ടിക്കൂട്ടി അവസരത്തിനായി കാത്തിരുന്നു.
ഗൂഗിള്‍ രാജന്‍ ഭരണ പരിഷ്കാരങ്ങള്‍ ഓരോന്നായി നടപ്പില്‍ വരുത്തി, പരിഷ്കാരം കൂടുന്നതനുസരിച്ച് തന്റെ മോളും വലുതാകുന്നത് രാജരാജ തിരുമേനി ശ്രദ്ധിച്ചു. അവളുടെ വോയിസ് ചാറ്റും വീഡിയൊ ചാറ്റും ദിനം പ്രതി കൂടിക്കൊണ്ടിരുന്നപ്പോള്‍ രാജന്റെ അന്തരാംഗങ്ങളില്‍ ഒരു വേലിചാട്ടം പൊട്ടിമുളക്കാന്‍ തുടങ്ങി, സ്വന്തം അടുപ്പില്‍ തീ പോലുമില്ലാതിരുന്ന കാലത്ത് അടുത്ത വീട്ടിലെ കോഴിക്കറിക്ക് ഉപ്പില്ലാന്നു പറഞ്ഞതിനു പകരമായി ഒടേതമ്പുരാന്‍ തന്ന സമ്മാനമല്ലെ! അവളതും ചെയ്യും അതിനപ്പുറവും ചെയ്യും രാജരാജ തിരുമനസ്സിന്റെ നെഞ്ചകം ഠപ്പെ ഠപ്പേന്നു തേങ്ങ പോട്ടുംപ്പോലെ മിടിക്കാന്‍ തുടങ്ങി.
നടന്നും ഇരുന്നും കിടന്നും ചിന്തിച്ചു അവസാനം ഒരു ഉപായം കണ്ടു പിടിച്ചു.
ബുദ്ധിമാനായ മന്ത്രി പുംഗോനെ ചാറ്റി രാത്രി തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.
പിറ്റേന്ന് ഗൂഗിള്‍ലാന്റ്റിന്റെ സ്വന്തം ചാനലായ സ്മൈലി ടി.വി യില്‍ കൂടി ജനം ആ വാര്‍ത്ത കേട്ടു.
ഗൂഗിള്‍ രാജ്യത്ത് മഹത്തായ ഒരു ചിത്ര രചനാ മത്സരം നടത്തുന്നു!
ഏറ്റവും നല്ല ചിത്രകാരനു സമ്മാനം! രാജപുത്രി!!!
കേട്ടവര്‍ കേട്ടവര്‍ വണ്ടറടിച്ചു, യുവാക്കള്‍ കോരിത്തരിച്ചു, വ്യദ്ധജനങ്ങള്‍ക്ക് കോച്ചിപ്പിടിച്ചു, കഴിവുള്ള വീര ശൂര പരാക്രമികള്‍ എല്ലാ വിധ സന്നാഹങ്ങളുമായി രാജ കൊട്ടാരത്തിലേക്ക് യാത്രയായി.
മത്സരം തുടങ്ങി…
പതിനായിരങ്ങള്‍ ആയിരമായി…ചുരുങ്ങി
പിന്നെയത് നൂറായി..അവസാനം അതില്‍ നിന്നും അഞ്ചു പേരെ തിരഞ്ഞെടുത്തു. (എസ്.എം.എസ് വഴിയാണെന്നു സ്ഥിതീകരിക്കാത്ത റിപ്പോറ്ട്ടുണ്ട്..:)
മത്സരാര്‍ത്ഥികളെ പരിചയപ്പെടാം...
ഇഷ്ടിക ഡക്ലസ്!!
പ്ലാറ്റ് ഫോം അന്ത്രുമാന്‍!!!
കൂരപൊക്കി സുഷാംഗന്!!!
സന്‍ലൈറ്റ് ചന്ദ്രു!!!
റെയിമ്പൊ ആന്റണി!!!
അഞ്ചാളെയും ഗൂഗിള്‍ രാജ സസൂക്ഷ്മം നിരീക്ഷിച്ചു, കൂട്ടത്തില്‍ അവരെ വാ നോക്കി നില്‍ക്കുന്ന റാണിയെയും, രാത്രി ഇടിക്കാനുള്ള ഒരു കാരണം കിട്ടി! രാജാവ് ഉള്‍പുളകിതനായി.
അഞ്ചു വിന്‍ഡോയില്‍ കൂടി അഞ്ചാളെം മാറി മാറി നോക്കിയിരുന്ന രാജപുത്രിയെ ഓരോരുത്തരുടെയും വീരസ്യങ്ങള്‍ പറഞ്ഞ് “തൊഴിപ്പെണ്ണുങ്ങള്‍“(അതായത് കൂലിയായി തൊഴി വാങ്ങുന്ന പെണ്ണുങ്ങള്‍) കളിയാക്കി.
മത്സരം ആരഭിക്കട്ടെ! രാജന്‍ വിളിച്ചു പറഞ്ഞു.
ഉച്ചത്തില്‍ പെരുമ്പറ മുഴങ്ങി... മത്സരം ആരംഭിച്ചു
“ഇഷ്ടിക” ഡക്ലസ് വിനയത്തോടെ മറുപടി പറഞ്ഞു.
“ഭേഷ്”
“അടുത്ത കേമന്‍ വരട്ടെ”
ഡക്ലസ്സിന്റെ ഇഷ്ടികക്കു കീഴെയായ് ഇടത്തു നിന്നും വലത്തോട്ട് നീട്ടിയൊരു വരയും വരച്ചു അന്ത്രുമാന്‍ കസേരയില്‍ ചെന്ന് ഉപവിഷ്ടനായി.
“അന്ത്രുമാന്‍ വാട്ടീസ് ദിസ്!?“
“അതു നമ്മട ഡുക്ലസിന്റെ കട്ട താഴെപ്പോകാതിരിക്കാന്‍ ഒരു പ്ലാറ്റ് ഫോം കെട്ടീതാ.. യേത്!?“
“വെരി ഗുഡ്! അടുത്തയാള്‍ ദിവംഗതനാകട്ടെ!?” രാജരാജ തിരുമേനി വീണ്ടും വിളിച്ചു”
സുഷാംഗന്‍ തന്റെ മാസ്റ്ററ് പീസ് തൊഴിലിനെയും അതിനു സമ്പാദ്യമായിക്കിട്ടുന്ന തൊഴിയെയും മനസ്സില്‍ ഓര്‍ത്ത് ഒരു പെട പെടച്ചു!
“അല്ല തിരുമനസ്സെ ഡക്ലസിന്റെ ചുടുകട്ട കൊണ്ട് അന്ത്രുമാന്റെ പ്ലാറ്റ്ഫോമില്‍ ഞാനെന്റെ കൂര പണിതതാ” വിനയത്തോടെ മറുപടി പറഞ്ഞ് സുഷാംഗനും സീറ്റില്‍ ചെന്നിരുന്നു.
“അടുത്ത കലാകാരനെവിടെ?“
ചന്ദ്രു ആഗമനായിട്ടും മുടിഞ്ഞ കളറു കാരണം രാജരാജന് കാണാന്‍ കഴിഞ്ഞില്ല, രാജാവ് കൊലവിളി വിളിച്ചു
“എവിടെ ചന്ദ്രു!?”
സദസ്സില്‍ നിന്നു ചന്ദ്രൂന്റെ കൂട്ടുകാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു,
“ചന്ദ്രുവെ ചിരിക്കെടാ..“
ചന്ദ്രു വെളുക്കെ ചിരിച്ചു, ആ പ്രകാശത്തില്‍ ചന്ദ്രുവിനെ എല്ലാരും കണ്ടു! സുഷംഗന്റെ കൂരക്കു മുകളിലായി ചന്ദ്രു തന്റെ കഴിവു പ്രകടിപ്പിച്ചു.
“ബലേഭേഷ് ചന്ദ്രൂ..” രാജന്‍ ബലം പിടിച്ചു പറഞ്ഞു
“അടുത്ത കലാകാരന്‍ കടന്നു വന്നാലും“ വിളിച്ചു വിളിച്ചു രാജന്റെ ഡയഫ്രം കീറിയതു കൊണ്ട് വിളിയുടെ ഹോള്‍സെയില്‍ മന്ത്രിപുംഗവന്‍ ഏറ്റെടുത്തു.
വളഞ്ഞു കുറുകി സദസ്സിനു മുന്നിലെത്തിയ ആന്റണി തന്റെ ഇഷ്ട ചിത്രം വരച്ചു.
“മഴവില്ല്”
“ഇതെന്ത്! കറുത്ത മഴവില്ലൊ!?”
“ഭൂമി മലയാളം മുഴുവനും വിഷപ്പുക നിറഞ്ഞ കാരണം മഴവില്ലു കറുത്തു പോയതാ..”
“മഴവില്ലെ മഴവില്ലെ എന്റെ കൂട്ടുകാരിയല്ലെ..
നീയെന്തെ ഇങ്ങനെ ബ്ലാക്കിപ്പോയേ..” മൂളിപ്പാട്ടോടു കൂടി ആന്റണിയും ചെന്നു സീറ്റില്‍ ഉപവിഷ്ടി.
രാജാവ് കടുത്ത കന്‍ഫ്യൂഷനിലായി.
“അഞ്ചു പേരും കേമന്മാര്‍! ആര്‍ക്ക് ഞാനെന്റെ മോളെക്കൊടുക്കും മന്ത്രി പുംഗവാ!?”
അപ്പോഴാണ്‍ മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരുന്ന മന്ത്രി കുമാരനോട് തന്തയാന്‍ ഈ മഹാ സ്രിഷ്ടി കാട്ടി പറഞ്ഞത്,
“നോക്കെടാ കഴിവുള്ള ആണുങ്ങള്‍ വരച്ചു വെച്ചിരിക്കുന്നത്, നീ ഗെയിമും കളിച്ചു നടന്നൊ! പെണ്ണിനെ ആന്‍പിള്ളേരു കൊണ്ട് പോകും”
ചിത്രം കണ്ട മന്ത്രി കുമാരന്‍ ഉറക്കെച്ചിരിക്കാന്‍ തുടങ്ങി, ചിരിച്ച് ചിരിച്ച് കരണം മറിഞ്ഞു, മകനു വട്ടായോന്നു വരെ മന്ത്രി സംശയിച്ചു!
“ഹ,ഹ..ഡാഡീ..ഈ ചിത്രം മഹാ രാജന്റെയാ..”
“ങ്ഹെ!“
“അതേന്ന് ഇന്നു രാവിലെ കൂടി ഞാനീ സീന്‍ കണ്ടതെ ഉള്ളു”
“എങ്ങനെ!?“
“അതെങ്ങനാ ഒരു നല്ല ഡിജിറ്റല്‍ ക്യാമറ വാങ്ങിത്തരാന്‍ എത്ര നാളായി പറയുന്നു, കേള്‍ക്കില്ല, റിയല്‍ ഫോട്ടം എടുത്തു തരില്ലായിരുന്നൊ!? രാജകുമാരിയാണ് കുളിമുറിയിലെന്നു കരുതി ഞാന്‍ പതുക്കെ ജനാലയുടെ ഗ്ലാസ്സൂരി, അപ്പോള്‍ കണ്ട കാഴ്ചയാ ഇത്”
“എന്തു കാഴ്ച!?”
“നല്ലോണം നോക്ക്! തറയില്‍ പോയ സോപ്പ് മഹാരാജന്‍ കുനിഞ്ഞെടുക്കുന്ന ബോട്ടം വ്യൂവാ ഇത്”
ചിത്രം സൂക്ഷിച്ചു നോക്കി, മകനെ കെട്ടിപ്പിടിച്ചു, മന്ത്രി നേരെ രാജാവിനടുത്തേക്കോടി, വിവരങ്ങള്‍ ധരിപ്പിച്ചു.
അഞ്ച് കലാകാരന്മാരെയും രാജസന്നിധിയില്‍ ഹാജരാക്കി, ഓരോരുത്തരും കരഞ്ഞു കൊണ്ട് തങ്ങളുടെ ചിത്രങ്ങളെ ന്യായീകരിച്ചു. പക്ഷെ തങ്ങള്‍ വരച്ച ചിത്രത്തിന്റെ ഫൈനല്‍ വെര്‍ഷനില്‍ അവര്‍ക്കും നാണം തോന്നി! രാജാവ് വളരെ ദയാലുവായിരുന്നതിനാല്‍ എല്ലാവരെയും ചിത്രത്തില്‍ കാണുന്ന അതേ വ്യൂവില്‍ നിര്‍ത്തി ഓരോന്നു പൊട്ടിച്ചു! കൂടെ നല്ലൊരു ഉപദേശവും!
“മേലാല്‍ ഗ്രൂപ്പിവരക്കരുത്, ഗ്രൂപ്പുന്തോറും ചിത്രത്തിനു പുതിയ രൂപങ്ങളും മാനങ്ങളും കൈവരും”
തന്നെ വലിയൊരു അപമാനത്തില്‍ നിന്നും രക്ഷിച്ച മന്ത്രികുമാരനു രാജാവ് മോളെ വിവാഹം കഴിച്ചു കൊടുത്തു. അവര്‍ ഒരുപാടു കാലം ഗെയിമും കളിച്ചു സുഖമായി ജീവിച്ചു...:)
എല്ലാ ബൂലോകര്‍ക്കും പ്രയാസിയുടെ
“സ്നേഹ നിര്‍ഭരമായ പുതുവത്സരാശംസകള്‍”
സുഹ്യത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത വര്‍ഷം മുതല്‍ നന്നാകാന്‍ തീരുമാനിച്ചു!..;)