Saturday, August 16, 2008

മതിരമുള്ള കിക്സ്…!!!

രണ്ടു ദിവസത്തിനു മുന്‍പ് നാസറിന്റെ മെയിലുണ്ടായിരുന്നു. അവന്റെ മോളുടെ ഒന്നാം പിറന്നാള്‍ ആഗസ്റ്റ് പതിനഞ്ചിനാണത്രെ..! ഒരു കാര്‍ഡുണ്ടാക്കിക്കൊടുക്കണം. കൂട്ടത്തിലവന്‍ സുരേഷ്ഗോപി സ്റ്റൈലില്‍ ഒന്നൂടെ എഴുതിയിരുന്നു.

“ഓര്‍മ്മയുണ്ടോടാ പഴയ ആ കിക്സിനെ..!?”

എന്റെ വീട്ടില്‍ നിന്നും അന്‍പതു മീറ്ററോളം മുന്നോട്ട് നടന്നാല്‍ വലിയൊരു മതില്‍ക്കെട്ടിനകത്തു പൂശാത്ത പഴയ ഒരോടിട്ട വീട് കാണാം, ഒരു പാടംഗങ്ങളുണ്ടായിട്ടും പലപ്പോഴും ആ വീടൊരു ഭാര്‍ഗവീ നിലയം പോലെ തോന്നിച്ചു. അധികം പുറത്താരോടും സംസാരിക്കാത്ത ആ വീട്ടുകാരില്‍ നിന്നും നാസര്‍ തികച്ചും വ്യത്യസ്തനായിരുന്നു. അവന്റെ തലതിരിഞ്ഞ സ്വഭാവം എന്നേം അവനേം കന്നാസും കടലാസും പോലെയാക്കി, ശ്രീയേയും തേങ്ങയേയും പോലാക്കി.

വീട്ടിലെന്തു പറഞ്ഞാലും കേള്‍ക്കാത്ത നാസറിന് ചന്തയില്‍ പോയി മീന്‍ വാങ്ങാന്‍ മാത്രം വലിയ താല്പര്യമായിരുന്നു. കാമുകിയെയും കാണാം ഇച്ചിരി പൈസാ വെട്ടിക്കല്‍‌സും നടത്താം. കച്ചവടക്കാരുമായി അടിപിടി നടത്തി പതിനഞ്ചു രൂപായുടെ മീന്‍ വാങ്ങി ഇരുപതും ഇരുപത്തഞ്ചും വീട്ടില്‍ പറഞ്ഞാല്‍ വലിയ കലിപ്സില്ലാതെ അഞ്ചൊ പത്തൊ പോക്കറ്റിലിരിക്കും. വണ്ടിയില്‍ നിന്നും വീഴാനുള്ള ആവേശത്തില്‍ വാപ്പയുടെ സ്കൂട്ടര്‍ കിട്ടുമ്പോള്‍ ഇടക്കു ഞാനും ചന്തക്കു പോകും..! കൂട്ടത്തില്‍ നാടന്‍ പീസുകളേം കാണാം…;)

ഞാനും അവനും കൂടി ചന്തക്കു പോയ ഒരു ദിവസം, അവിടുത്തെ മീന്‍നാറ്റത്തിനും ബഹളത്തിനുമിടയില്‍ അവന്‍ കാമുകിയുമായി ഓലാസ് കൈമാറി, അവള്‍ക്കുള്ള ഓല തയ്യാറാക്കിയ കാരണത്താല്‍ അതു കണ്ട് ചാരിതാര്‍ത്ഥ്യനായി ഞാന്‍ അടുത്തുള്ള മരച്ചീനിക്കടയുടെ തൂണില്‍ ചാരി, കടക്കാരി ചേച്ചി ഷക്കീലക്കു പഠിക്കുന്നത് കൊണ്ട് വേനല്‍ക്കിനാവായ എന്റെ ബാലന്‍സും വല്ലാണ്ടു തെറ്റി..! അവള്‍ ചാള വാങ്ങിയതു കൊണ്ട് പാരയും ചൂരയും വിട്ട് ഞങ്ങളും അതുതന്നെ വാങ്ങി. അവളേം പറഞ്ഞയച്ചു വീട്ടില്‍ നിന്നും വെട്ടിയ കാശിന് രസ്നാ വെള്ളം വാങ്ങിത്തന്നിട്ടവന്‍ പ്രേയസ്സിയുടെ കത്തെനിക്കു തന്നു.

“വായിച്ചു നോക്കീട്ട് കിടിലന്‍ മറുപടി എഴുതിത്തരണം”

ഇവനിത്രയും താമസിച്ചതെന്താന്നും പറഞ്ഞു പിടിച്ചു വാങ്ങി വായന തുടങ്ങി.

“ യെന്റെ പ്രയപ്പൊട്ടവനേ തലവോദനക്ക് വിക്സ്..!

കളിക്കാന്‍ ലക്സ്…!!!??? (ഞാന്‍ ദേ പോയീ….!!!)

പ്രയപ്പൊട്ടവന് ആഷ്വസിക്കാന്‍ യെന്റെ മതിരമുള്ള കിക്സ്…!!!“

ഇത്രയും വായിച്ചപ്പോഴേക്കും ഞാനവളുടെ ആരാധകനായി..! ലക്സിനെക്കുറിച്ചും കിക്സിനെക്കുറിച്ചും സംശയമുണ്ടായെങ്കിലും ഞാനാ അറിവിനു മുന്നില്‍ കുറച്ചു നേരത്തേക്ക് നമ്രതാ ശിരോദ്ക്കറായി..! ഇവള്‍ക്കു മറുപടി എഴുതുന്നത് ഹാലജന്‍ ബള്‍ബില്‍ ടോര്‍ച്ചടിച്ചു നോക്കുന്ന പോലാകും..! അവനു പറ്റിയ പെന്‍‌കുട്ടി തന്നെ, വിക്സും ലക്സും കിക്സുമായി ഇവര്‍ തകര്‍ക്കും..!

“ടാ ഉം… കലക്കീട്ടൊണ്ട്..കേട്ടാ..! നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാ..!”

എന്റെ വാക്കു കേട്ട് കബടി കളിച്ചപ്പോള്‍ സജുവിന്റെ കാ‍ല്‍മുട്ടിലേക്ക് ട്രാന്‍സ്ഫറായ മുന്‍‌വശത്തെ പല്ലിന്റെ വിടവ് കാട്ടി അവന്‍ ചിരിച്ചു.

ഒന്നും മനസ്സിലാകാത്തവന്റെ ബെസ്റ്റ്... ചിരി. അതു കണ്ടാകണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ പാല്‍നിലാ പുഞ്ചിരീന്നുള്ള പാട്ടെഴുതിയത്..!?

എന്റെ വീട്ടില്‍ മീനും കൊടുത്ത് നേരെ അവന്റെ വീട്ടിലേക്ക്. ഗേറ്റിനു മുന്നില്‍ സിമന്റ് കൊണ്ടുള്ള വലിയൊരു ഹമ്പുണ്ട്. പിന്നേ… വലിയ തിരക്കുള്ള സ്ഥലമല്ലെ..! മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി ഓരോന്ന് ചെയ്തു വെച്ചിട്ടുണ്ട്. അതിന്റെ മുന്നിലായി ചേതക്ക് ചവുട്ടി നിര്‍ത്തി.

“എടാ ഞാനിറങ്ങാം ഇവിടം വരെ മതി” ഇറങ്ങാന്‍ തുടങ്ങിയ

നാസറിനോട് “അവിടെയിരിക്കെടാ ഞാനല്ലെ ഓടിക്കുന്നത്” ഇതും പറഞ്ഞു ഇടതു കൈ പതുക്കെ ക്ലച്ചിലമര്‍ത്തി, ആക്സിലേറ്ററില്‍ മുറുക്കിയതും വളരെ സൂക്ഷിച്ചാ.. പക്ഷെ അമര്‍ത്തി മാത്രം എക്സ്പീരിയന്‍സ് ഉള്ള കൈവിട്ടത് ഇച്ചിരി സ്പീഡിലായിപ്പോയി..! ഹമ്പില്‍ ടെച്ചു പോലും ചെയ്യാതെ വണ്ടി ഉയര്‍ന്നുപൊങ്ങി വീടിന്റെ മുന്നിലായി സുജൂദില്‍ വീണു. വീണതിനെക്കാള്‍ സ്പീഡില്‍ ചാടിയെഴുന്നേറ്റ് ഞാന്‍ വണ്ടി നിവര്‍ത്തി സ്റ്റാന്റിട്ടു.

ശബ്ദം കേട്ട് നാസറിന്റെ ഉമ്മ പുറത്തേക്കിറങ്ങി വന്നു. വാതില്‍പ്പടിയില്‍ കിടക്കുന്ന മീന്‍‌സഞ്ചിയെടുത്തിട്ട് എന്നോടായി,

“ഇതിവിടെക്കൊണ്ടിട്ടിട്ട് അവനെവിടെപ്പോയി..!?, ബാ‍ക്കി പൈസയും കൊണ്ട് മുങ്ങിയതായിരിക്കും..! എന്തായാലും ഇന്നെങ്കിലും മീനിങ്ങ് നേരത്തെ എത്തിയല്ലൊ..!?”

വീണതെന്തായാലും നാസറിന്റുമ്മ കണ്ടില്ല..!, എന്തു പറ്റിയെന്നു വെറുതെയെങ്കിലും ഒന്നു ചോദിച്ചെങ്കില്‍..! കരയണൊ ചിരിക്കണൊ എന്നറിയാത്ത അവസ്ഥയില്‍ വണ്ടി തിരിച്ചു, അവന്റെ പൊടിപോലും കാണാനില്ല, ആപത്തു സമയത്ത് ഒരു വാക്കുപോലും മിണ്ടാതെ മുങ്ങിയ ദുഷ്ടനെ മനസ്സില്‍ ചീത്ത വിളിച്ചു, വീണ്ടുമൊരു ചാട്ടത്തിനുള്ള ആരോഗ്യമില്ലാത്തതുകൊണ്ട് ഹമ്പില്‍ കൂടി വണ്ടി ഉരുട്ടി പുറത്തേക്കിറങ്ങി…!

“എടാ..” പിറകില്‍ നിന്നും ദയനീയമായൊരു വിളി.

തിരിഞ്ഞു നോക്കുമ്പോള്‍ പ്രക്യതി ചികില്‍‌സ നടത്തി നില്‍ക്കുന്ന പോലെ ചെളിയില്‍ മുങ്ങി ഒരു രൂപം..!

“അല്ലിക്ക് ആഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല്‍..“ ആ സ്റ്റൈലില്‍ നോക്കുന്നു..!

അവനെ ആ കോലത്തില്‍ കണ്ടപ്പോള്‍ അറിയാതെ ചിരിച്ചു പോയി.

“തള്ളിയിട്ടതും പോരാ.. ചിരിക്കുന്നോടാ.. പന്നീ…$##%&^%&$$..” അവന്‍ നിഗണ്ടുവിലില്ലാത്ത അല്‍‌വത്തന്‍സ് പ്രയോഗിക്കാന്‍ തുടങ്ങി.

ജമ്പിംഗ് ടൈമില്‍ നാസര്‍ ലാന്‍ഡിയത് അടുത്തുള്ള തെങ്ങില്‍ കുഴിയിലാണെന്നും, അവന്റെ കൈയ്യില്‍ നിന്നാണ് മീന്‍ സഞ്ചി പറന്നു വാതില്‍‌പടിയില്‍ വീണതെന്നും, അതറിയാതെയാണു ഉമ്മയും ഞാനുമൊക്കെ അവനെ തെറ്റിദ്ധരിച്ചതെന്നും മനസ്സിലാക്കിയപ്പോഴേക്കും ഞാന്‍ അവിടെ നിന്നും എസ്കേപ്പായി.

Monday, August 4, 2008

നല്ല അടികിട്ടാത്തതിന്റെ സൂക്കേട്..!

ഫോണില്‍ അവളോട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞ ത്രില്ലിലായിരുന്നു അവനന്ന്. രാത്രിയില്‍ ടി.വി.യില്‍ “ഡര്‍” എന്ന ഷാരൂഖാന്റെ സിനിമയും കണ്ട് ഉറങ്ങാനായി റൂമിലേക്കു കയറിയപ്പോള്‍ അവനിലെ വികലാംഗനായ കാമുകനു ഒരതിബുദ്ധി തോന്നി, ഷാരൂഖ് നെഞ്ചില്‍ കത്തി കൊണ്ട് പേരെഴുതിയത് പോലെ ഒന്നു ചെയ്താലൊ..!? 100 ഡിഗ്രി സെന്റിഗ്രേഡില്‍ തിളക്കുന്ന തന്റെ പ്രണയത്തിന്റെ ചൂട് ശെരിക്കും അവള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാം..! ഷാരൂഖാന്‍ ഉപയോഗിച്ചതിന്റെ അത്രേം വലിപ്പമില്ലെങ്കിലും അടുക്കളയില്‍ നിന്നും ഒരു കത്തി സംഘടിപ്പിച്ചു കണ്ണാടിയുടെ മുന്നിലിരുന്നു. വലതു കൈയ്യില്‍ പിടിച്ച കത്തിയുമായി നെഞ്ചിനു നേരെ ചെല്ലുമ്പോള്‍ ഇടതു കൈ വന്നു പിടിച്ചു മാറ്റും, ഹൊ..! ഈ ഷാരൂഖാന്റെയൊക്കെ ഒരു ധൈര്യം, ആരാധന അവനു കൂടി കൂടി വന്നു. തരിശുഭൂമിയായ ഷാരൂഖാനെപ്പോലെയാണൊ കറുകപ്പുല്ലു വിളഞ്ഞു നില്‍ക്കുന്ന അവന്റെ നെഞ്ചകം, കത്തികേറാനുള്ള ഗ്യാപ്പില്ല, അതു കൊണ്ട് മാത്രം വലിയൊരു മൊട്ടു സൂചിയെടുത്തു..! അല്ലാതെ പേടിച്ചിട്ടല്ല..! മുടിഞ്ഞവള്‍ എന്തൊരു നീളമാ പേരിനു, എങ്ങനെയൊക്കെയൊ കോറിവരച്ചു, തീരുന്നവരെ അവനവളെ പിരാകി..! കണ്ണാടിയില്‍ ചോരപൊടിഞ്ഞ നെഞ്ച് കണ്ട് അവന്റെ കണ്ണു നിറഞ്ഞു. അവന്റെ ആത്മാര്‍ത്ഥതയില്‍ അവന്‍ അഭിമാനിച്ചു. നീറ്റല്‍ സഹിക്കാതെ പാവമവന്‍ നേരം വെളുപ്പിച്ചു.

അവളുമായി അവരുടെ വള്ളിക്കുടിലിലേക്കു യാത്ര ചെയ്യുമ്പോള്‍ , സ്ഥിരമായി ചെയ്യാറുള്ള പോലെ അവളവന്റെ നെഞ്ചിലെയും കൈയ്യിലെയും രോമങ്ങളില്‍ പിടിച്ചു വലിച്ചു..!(നൊ കമന്റ്സ്, പാവം അവര്‍ പിള്ളേരല്ലെ..!).

നെഞ്ചില്‍ തൊട്ടപ്പോള്‍ അവനലറി. “അയ്യോ…. !!!“

അതു കേട്ടവള്‍ കൂടെക്കാറി..!

അകമെ ചിരിച്ചും പുറമെ കരഞ്ഞും അവനാ സത്യം അവളോടു പറഞ്ഞു. പഴങ്കഞ്ഞിയും കാന്താരി മുളകും അച്ചാറും മന്‍‌ചട്ടിയില്‍ മിക്സ് ചെയ്യുമ്പോളുണ്ടാകുന്ന വെള്ളം അവന്റെ വായില്‍ നിറഞ്ഞു, പ്രതിഫലമായി കിട്ടാന്‍ പോകുന്ന നേത്രാവതി എക്സ്പ്രസ്സ് പൊലുള്ള നീളന്‍ ചുമ്പനം അവന്റെ ഉള്ളിലൂടെ ചൂളം വിളിച്ചു പാഞ്ഞു.

“അയ്യേ..!!! എന്താ നീയീ ചെയ്തിരിക്കുന്നത്..!? സ്കൂള്‍ കുട്ടികള്‍ ചെയ്യുന്ന പോലെ, ഇതൊക്കെ വെറും ബാഹ്യമായ പ്രകടനങ്ങളല്ലെ..!? നീയെന്നെ എന്തു മാത്രം സ്നേഹിക്കുന്നെന്നു എനിക്കറിയാം, പ്ലീസ് മേലില്‍ ഇങ്ങനെ മേലു മുറിക്കുന്ന പണിയൊന്നും ചെയ്യരുത്..!“

കണ്ണിച്ചോരയില്ലാത്ത ശൂര്‍പ്പണക..!അവളുടെ പ്രതികരണത്തില്‍ വായില്‍ നിറച്ചുവെച്ച വെള്ളത്തിലവന്‍ മുങ്ങി..! നേത്രാവതി അവന്റെ നെഞ്ചില്ലൂടെ കയറി..! ആകെമൊത്തം ടോട്ടല്‍ പാവം അവന്‍ ഐസായി, ഐസുകട്ടയായി.


ഒരു കൊല്ലത്തിനു ശേഷം…


തിരുവനന്തപുരം ആര്‍ട്ട് ഗ്യാലറിയുടെ മുന്നിലായി കുടപോലെ പടര്‍ന്നു നില്‍ക്കുന്ന ഒരു മരമുണ്ട്. കാലാന്തരങ്ങാളായി കാമുകഹ്ര്യദയങ്ങള്‍ക്കു മനസ്സിനും ശരീരത്തിനും ഒരു പോലെ തണലേകുന്ന ആ വയസ്സന്‍ മരത്തിന്റെ ചുവട്ടില്‍ അവര്‍ ഇരുന്നു. അത്യാവശ്യമായി ബാംഗ്ലൂരില്‍ പോയതുകാരണം ഒരാഴ്ച പിച്ചാനും മാന്താനും കിട്ടാത്തതിന്റെ പരിഭവം നാലു പേജുള്ള കത്തായി അവളവനു കൊടുത്തു. തുറന്നു വായിച്ചു തുടങ്ങിയ അവന് അവസാനപേജ് കണ്ടപ്പോള്‍ എന്തൊ പന്തി കേട് തോന്നി..! ഒരു കമ്മ്യൂണിസ്റ്റ് ചുവ..! രക്തം കൊണ്ട് കുറേ കലാപരിപാ‍ടികള്‍..! ഉള്ളില്‍ സന്തോഷവും അമ്പരപ്പുമൊക്കെ തോന്നിയെങ്കിലും പുറത്തു കാട്ടാതെ അവന്‍ ചോദിച്ചു,

“അമ്മയെ അടുക്കളയില്‍ സഹായിക്കാറുണ്ടല്ലെ..!? പ്രതി പച്ചക്കറിയൊ, അതൊ മീനൊ..!? നോക്കട്ടെ വലിയ മുറിവാണൊ.!?“

“വേണ്ട..!“ വല്ലാത്ത ദേഷ്യത്തിലവള്‍ അവനെ നോക്കി.

അവന്‍ അതു മൈന്‍ഡാതെ കത്തു വായനയില്‍ മുഴുകി, ഇടക്കവളെ നോക്കിയ അവന്‍ ബയങ്കരമായി ഞെട്ടി..!

ബ്ലേഡു കൊണ്ടു മുറിച്ച അവളുടെ കൈയ്യില്‍ നിന്നും രക്തമൊഴുകുന്നു..! (ലൈവ് ഷോ..)

പെട്ടെന്നവന്‍ കൈലേസെടുത്ത് അവളുടെ മുറിവു കെട്ടി, (റിയാലിറ്റി ഷോ..)

ദേഷ്യവും സങ്കടവും കൂട്ടത്തിലാരെങ്കിലും കണ്ടാല്‍ കിട്ടാവുന്ന ഇടിയുമോര്‍ത്തപ്പോള്‍ അവനാകെ വിറച്ചു,

“നിനക്കെന്താ ഭ്രാന്തുണ്ടോ..!?” തികച്ചും ന്യായമായ അവന്റെ ചോദ്യത്തിനു
“അതെ..!“ നിര്‍വികാരയായി അവളുടെ മറുപടി, (കൊണ്ടെ പോകൂ..).

“ഞാന്‍ കളിയായി പറഞ്ഞതല്ല, എന്താ നീയിങ്ങനെ..!?” അവന്റെ സ്വരം ഇടറിയിരുന്നു.

“പ്ലീസ്… നിനക്കെന്റെ അവസ്ഥ അറിയില്ല, കളിയായിപ്പോലും എന്റെ ആത്മാര്‍ത്ഥതയെ സംശയിക്കരുത്.“ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി,

ഇവളെന്റെ കഴുത്തേല്‍ ചുറ്റിയല്ലോന്നോര്‍ത്ത് പാവം അവന്റേം കണ്ണുകള്‍ നിറഞ്ഞു.


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു…


ഷാരൂഖാനിന്നും ഹീറൊ ആയി തന്നെ തുടരുന്നു, പ്രകടനങ്ങളില്‍ അവളാണൊ ഞാനാണൊ മുന്നിട്ടു നിന്നതെന്ന അവന്റെ സംശയം മാത്രം ഇപ്പോഴും തീര്‍ന്നിട്ടില്ല.

അല്ലാ ആക്ച്വലി ഇവിടെ ആര്‍ക്കാ പ്രശ്നം..!?

പിള്ളാരെ വടക്കാക്കണ ഷാരൂഖാനൊ...!?

ഷാരൂഖാനെക്കണ്ട് മൊട്ടുസൂചിയെടുത്ത അവനൊ...!?

അവനെ കൊലക്കു കൊടുക്കാന്‍ ബ്ലെയിഡെടുത്ത അവള്‍ക്കൊ..!?

അതൊ ഇതു വായിച്ച നിങ്ങള്‍ക്കൊ..!?..;)