Friday, September 21, 2007

എന്റെ സ്വന്തം ഫ്രീവിസ

എങ്ങനെയെങ്കിലും ഗള്‍ഫിലേക്കു പറക്കണമെന്നു മനസ്സില്‍‌ പ്രതിഞ്ജയെടുത്തു നടക്കുന്ന കാലം, വിസ ഉടനെ ശെരിയാകുമെന്നു വിളിക്കുമ്പോഴെല്ലാം ചേട്ടന്‍ പറയുന്നുണ്ട്! ക്ഷമ കെട്ടു അതിന്റെ പേരില്‍ വീട്ടില്‍ ബന്ദും ഹര്‍ത്താലുമൊക്കെ നടത്തി, അനാവശ്യമായ കേന്ദ്ര (ഫാദര്‍ജി) ഇടപെടല്‍ മൂലം പലതും വിജയിച്ചില്ല !ശക്തമായ ഒരു ലാത്തിച്ചാര്‍ജു നേരിടാനുള്ള ശക്തി എന്റെ സിംഗിള്‍ പാര്‍ട്ടിക്കു ഇല്ലായിരുന്നു എന്നതാണു സത്യം! അതു കൊണ്ടു തന്നെ SFI പിള്ളേര്‍ അടിവാങ്ങിച്ചു കൂട്ടുന്നതു ടി.വി യിലൂടെ കാണുമ്പോള്‍ അവര്‍ക്കു ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുമായിരുന്നു. പിന്നീടു ഗാന്ധിയന്‍ മാര്‍ഗ്ഗം ഒന്നു പരീക്ഷിച്ചു നോക്കി, നിസ്സഹകരണം, ഉപവാസം അതായപ്പോള്‍ ആക്രമണം കുറഞ്ഞു ഒന്നുമല്ലെങ്കിലും നല്ലൊരു കാര്യത്തിനു വേണ്ടിയല്ലെ! സ്ത്രീ ജനങ്ങളുടെ ഭാഗത്തു നിന്നു കുറച്ചു സഹതാപതരംഗവും ഉണ്ടായി, അതിന്റെ ഉപകാരസ്മരണക്കായി ഏഷ്യാനെറ്റിലെ സ്ത്രീ സീരിയല്‍ കണ്ടു ഞാനും അവരോടൊപ്പം കരഞ്ഞു .എന്നിട്ടും വിസയുടെ കാര്യത്തില്‍ ഒരും തീരുമാനവും ഉണ്ടായില്ല.


ഇനി ചേട്ടന്‍ പറഞ്ഞു പറ്റിക്കുകയാണൊ!? ഏയ്, സ്വന്തം ചോരയല്ലെ അങ്ങനെ ചെയ്യുമൊ!? സ്വയം സമധാനിച്ചു. ആയിടക്കു ചേട്ടന്‍ വിളിച്ചപ്പോള്‍ ഒരു കാര്യം ചോദിച്ചു, എടാ നിനക്കു വിസ വേണൊ അതിന്റെ കാശു അയച്ചു തന്നാല്‍ മതിയൊ!? എനിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു, ങ്ഹും! എന്റെ പരിപാവനമായ ഗള്‍ഫു മോഹം മുളയിലെ നുള്ളാനുള്ള പരിപാടിയാണു, ഇങ്ങനെയുള്ള പ്രലോഭനങ്ങള്‍ക്കു മുന്നിലൊന്നും ഞാന്‍ വഴങ്ങില്ല, സുഹൃത്തുക്കളായ ഗള്‍ഫുകാരുടെ ഫലഭൂയിഷ്ടമായ ശരീരവും അവധിക്കു വരുമ്പോഴുള്ള അവരുടെ ആഢം‌ബര ജീവിതവുമൊക്കെ തലയില്‍ കയറി ഫുട്ബോള്‍‍ കളിക്കാന്‍ തുടങ്ങിയിട്ടു കുറെ നാളായി. മാത്രമല്ല എന്റെ കാമുകിയെക്കാളും ഞാന്‍ ഗള്‍ഫിനെ സ്നേഹിച്ചുപോയിരുന്നു! ആയിടക്കുള്ള എന്റെ സ്വപ്നങ്ങളുടെ റീല്‍ പരിശോധിച്ചാല്‍ അതു നിറച്ചും ടി.വി യിലും സിനിമയിലുമൊക്കെ ഞാന്‍ കണ്ടിരുന്ന സുന്ദരമായ ഗള്‍ഫു മാത്രമായിരുന്നു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാനുമെന്റെ വിസക്കായി കാത്തിരുന്നു.


കേരളത്തിലെ കുടും‌ബങ്ങളിലെ മുഴുവന്‍ അസന്തുലിതാവസ്ഥക്കും (എനിക്കതിന്റെ അര്‍ത്ഥം ഇതുവരെ പിടികിട്ടിയിട്ടില്ല കേട്ടൊ!) കാരണം പരാഗണ ജീവികളായ പാവം പ്രവാസികളാണെന്നാ‍യിരുന്നു എന്റെ പ്രണയിനിയുടെ കണ്ടെത്തല്‍! അവളെന്റെ ഗള്‍ഫു സ്വപ്നത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു, തന്റെ വരും കാല കണവന്‍ ഒരു സാധാഗള്‍ഫുകാരനായിക്കാണാന്‍ അവള്‍ക്കു കഴിയില്ലായിരുന്നു. ഗവന്മെന്റു ജോലിക്കു ശ്രമിക്കാനായി പ്രീ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ ഒന്നു രണ്ടു വിഷയങ്ങളുടെ സ്ഥാനത്തു വട്ട പൂജ്യമാണെന്ന എന്റെ വിശദീകരണമൊന്നും അവള്‍ ചെവികൊണ്ടില്ല, ഗള്‍ഫു മോഹവും അവളെയും ഒരു തുലാസില്‍ തൂക്കിയപ്പോള്‍ മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ ഡയലോഗു ഞാനും ഉരുവിട്ടു. എങ്കില്‍ നമുക്കു പിരിയാം എന്ന തീരുമാനിച്ചുറപ്പിച്ച അവളുടെ വാക്കില്‍ ഞാനൊന്നു വിറച്ചു! ആ വിറയലില്‍ വര്‍ഷങ്ങള്‍ കൊണ്ടു ഞങ്ങള്‍ പടുത്തുയര്‍ത്തിയ പ്രണയസൌധങ്ങള്‍ തകര്‍ന്നു വീണു! അവിചാരിതമായി അതിനിടയില്‍ പെട്ടുപോയ ഞാന്‍ ആത്മരക്ഷാര്‍ത്ഥം അവളെ നോക്കി കൈ വീശി, അതില്‍ നിന്നും ആത്മാര്‍ത്ഥത എന്ന വലിയൊരു കല്ലെടുത്തു എന്റെ തലയിലേക്കിട്ടു എന്റെ പ്രാണപ്രേയസി നടന്നകന്നു. വര്‍ഷങ്ങള്‍ നീണ്ട പരിശുദ്ധപ്രണയം ( ഇക്കാലത്തു ഈ പദം നിലവിലുണ്ടൊ എന്നറിയില്ല ! മലയാള നിഘണ്ടു നോക്കണം ) ഗള്‍ഫു മോഹങ്ങളില്‍ ഒലിച്ചുപോയി.


അവളകന്നപ്പോഴാണു ഞാനവളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നെനിക്കു മനസ്സിലായതു! ഉറക്കമില്ലാത്ത രാത്രികള്‍ തികച്ചും ഭ്രാന്തു പിടിച്ചതു പോലെ, ഒരൊളിച്ചോട്ടം എനിക്കനിവാര്യമായി തോന്നി. പ്രണയ നൈരാശ്യവും വിസ നൈരാശ്യവും ഒരു പോലെ മനസ്സിനെ മദിച്ചു കൊണ്ടിരുന്നു, പതിയെ പതിയെ ഒരു ആധുനിക ദേവദാസ് എന്നില്‍ രൂപം കൊണ്ടു ! ഇനിയും വൈകിയാല്‍ ചിലപ്പോള്‍ ഈയുള്ളവന്‍ കുപ്പിയേയും കൂട്ടിനൊരു പട്ടിയേയും കൂട്ടു പിടിച്ചാലൊ എന്നു വീട്ടുകാര്‍ ഭയന്നു! അവസാനം കേന്ദ്രം ശക്തമായി പ്രശ്നത്തിലിടപെടുകയും വളരെപ്പെട്ടെന്നു തന്നെ എന്റെ വിസ നാട്ടിലെത്തുകയും ചെയ്തു ( അതിനു പാവം ചേട്ടന്‍ എത്ര മാത്രം കഷ്ടപ്പെട്ടുകാണുമെന്നു വഴിയെ മനസ്സിലാക്കി, അനുഭവമേ ഗുരു! ) താടിവടിച്ചു ദേവദാസിന്റെ മുഷിഞ്ഞ കുപ്പായം ഊരിയെറിഞ്ഞു, താടി ഇനിയും വരും ദേവദാസിന്റെ റോള്‍ പിന്നെയുമെടുക്കാം അങ്ങനെ ഞാനുമൊരു പ്രവാസിയാകാന്‍ പോകുന്നു.


ഫ്രീ വിസ! അതു കൊണ്ടു പേടിക്കാനില്ല! അവിടെ ചെന്നു ഏതു ജോലിയും തിരഞ്ഞെടുക്കാം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വാക്പയറ്റുകളില്‍ ഞാന്‍ സ്വയം മറന്നു, ഗള്‍ഫു മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കു വെച്ചിരിക്കുന്ന ജോലി സാധ്യതകളെക്കുറിച്ചോര്‍ത്തു പുളകം കൊണ്ടു, പ്രീ ഡിഗ്രിയും അല്പസ്വല്പം കമ്പ്യൂട്ടര്‍ പരിഞ്ജാനവുമുണ്ടെങ്കില്‍ അനന്ത സാധ്യതകളാണവിടെ ഗള്‍ഫു സുഹൃത്തുക്കളും അഭിപ്രായങ്ങളുമായി മുന്നിട്ടു നിന്നു. വിസയെക്കുറിച്ചുള്ള മെസ്സേജുകള്‍ കൊണ്ടു എന്റെ ഇന്‍ബോക്സു നിറഞ്ഞു സന്തോഷം കൊണ്ടു ചിലയവസരങ്ങളില്‍ ഞാന്‍ ഹാങ് ആയി, രണ്ടു പടങ്ങള്‍ വെട്ടി മൂന്നാമതൊരു ബാക്ക് ‍ഗ്രൌണ്ടില്‍ ഒട്ടിക്കുന്ന വിദ്യ കമ്പ്യൂട്ടറില്‍ കൂടി എനിക്കറിയാമായിരുന്നു ( ഫോട്ടൊഷോപ്പിന്റെ നാലു ടൂളുകള്‍ അത്രമാത്രം ) ആ കാരണം കൊണ്ടു എന്റെ സുഹൃത്തുക്കളുടെ ഇടയിലെ വലിയൊരു ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു ഞാന്‍ .ഈ കഴിവും കൊണ്ടു ഒരിക്കല്‍ പ്രശസ്തനായ ഒരു സംവിധായകന്റെ ഫോട്ടൊഗ്രാഫിക് സ്റ്റുഡിയോയില്‍ ജോലിക്കു പോയി, ഇവിടെ ഡിജിറ്റല്‍ വര്‍‌ക്കാ ഞങ്ങള്‍ ചെയ്യുന്നതെന്ന റിസപ്ഷനിസ്റ്റായ തരുണീമണിയുടെ വാക്കു കേട്ടു ഡിജിറ്റല്‍ വര്‍ക്കിന്റെ അര്‍ത്ഥം എന്താന്നു അറിയാത്ത എനിക്കു തലകറക്കം വന്നു, ഞാന്‍ നാളെമുതല്‍ വരാമെന്നു പറഞ്ഞു ആദ്യ ദിവസം തന്നെ മുങ്ങി.


അങ്ങനെ വളരെ വലിയ ഒരു എക്സ്പിരിയന്‍സു ഉള്ളതും എന്റെ ആത്മ വിശ്വാസം വര്‍‌ദ്ധിപ്പിച്ചു. വിസയുടെ കൂടെയുള്ള കഫീലിന്റെ( സ്പോന്‍സര്‍ ) പത്താക്ക ( തിരിച്ചറിയല്‍ കാര്‍ഡ് ) യുടെ ഫോട്ടൊകോപ്പിയിലെ ആളുടെ ഫോട്ടൊ കുറച്ചു ഭയപ്പെടുത്തിയെങ്കിലും ഞാന്‍ ഫ്രീ വിസക്കാരനല്ലെ എന്നോര്‍ത്തു സമധാനിച്ചു. അങ്ങനെ എന്റെ സ്വപ്നവും സത്യമാകുന്നു, ഞാനുമൊരു ഗള്‍ഫുകാരനാകാന്‍ പോകുന്നു.