Sunday, December 23, 2007

രണ്ടും ഇഞ്ച്യൂറിയല്‍‌സ് ടു ഹെല്‍ത്ത്..!

കുറച്ചു നാള്‍ മുമ്പ് ചാറ്റുന്നതിനിടയില്‍ നെറ്റിലെ കൂട്ടുകാരി ഒരു വിശേഷം പറഞ്ഞു. പ്രണയവും പറഞ്ഞു പിന്നാലെ നടക്കുന്ന സുന്ദരനായ ഇംഗ്ലീഷ് സാറിനെ ഒഴിവാക്കാന്‍ അവള്‍ തീരുമാനിച്ചത്രേ. എന്താ കാരണം? അയാളുടെ പുകവലി! (കൊള്ളാം..!) അതറിഞ്ഞപ്പോള്‍ പുകതുപ്പിക്കൊണ്ട് മനസ്സിലേക്ക് ഓടിപ്പാഞ്ഞു വന്ന കുറച്ചോര്‍മ്മകള്‍...


പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വീടിനടുത്തുള്ള ഗുണ്ടുമണിയുമായി ചെറിയൊരു പ്രണയം. അവള്‍ ഏഴില്‍ പഠിക്കുന്നു. വീടിനോടു ചേര്‍ന്നു ഒരു പലചരക്കുകടയുണ്ട്. എന്റെ മാമയാണു നടത്തിപ്പുകാരന്‍. മാമയും ഞാനും നല്ല ദോസ്തുക്കള്‍ ആയിരുന്നു. ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളില്‍ മാമയെ സഹായിക്കാന്‍ ഞാനും കൂടും. ഗുണ്ടിന്റെ വാപ്പ നല്ലൊരു വലിക്കാരനായിരുന്നതിനാല്‍ സ്ഥിരമായി സിഗററ്റു വാങ്ങാനായി അവള്‍ കടയില്‍ വരും. മാമയറിയാതെ ഒരു വില്‍‌സു ഞാന്‍ അടിച്ചു മാറ്റി അതിനുള്ളിലെ പുകയിലയൊക്കെ കളഞ്ഞു അവള്‍ക്കുള്ള കത്ത് ഭദ്രമായി ചുരുട്ടി അതില്‍ വെക്കും. കത്തിക്കുന്ന ഭാഗത്തു കുറച്ചു പുകയിലയും ഒട്ടിച്ചു വെച്ചാല്‍ ഒറിജിനല്‍ വില്‍‌സു സല്യൂട്ട് ചെയ്തു മാറി നില്‍ക്കും. വാപ്പക്കു വലിച്ചു ചാകാനുള്ള വില്‍‌സിന്റെ കൂടെ എന്റെ പ്രണയവില്‍‌സും ഞാനവള്‍ക്കു കൈമാറും.


ഒരു ദിവസം ഗുണ്ട് വില്‍‌സും കൊണ്ടു പോയതിനു പിന്നാലെ അവളുടെ വാപ്പ കടയില്‍ വന്നു. മാമയോടായി

“എന്താ റഹീമെ ഇപ്പൊ സിഗററ്റിലും മായമായൊ..!? ഇതു നോക്കിക്കെ മുഴുവന്‍ പേപ്പര്‍ ചുരുട്ടി വെച്ചിരിക്കുന്നു.”

“എല്ലാത്തിലും മായമല്ലെ കാക്കാ.. നോക്കട്ടെ..!“

മാമ അതു വാങ്ങി വേറൊന്നു കൊടുത്തു. അതും വാങ്ങി ഗുണ്ടിന്റെ വാപ്പ പോയെങ്കിലും മാമ ഷെര്‍ലക്ഹോംസിന്റെ പരമ്പരയില്‍ പെട്ടയാളായതുകൊണ്ട് പേപ്പര്‍ ചുരുള്‍ നിവര്‍ത്തി പരിശോധന തുടങ്ങി. ഗുണ്ടിന്റെ വാപ്പയുടെ വരവില്‍ തന്നെ ഞാനിരുന്ന അരിച്ചാക്കു നനഞ്ഞിരുന്നു. രാജസദസ്സില്‍ വിളംബരം വായിക്കുന്നപൊലെ മാമ നീട്ടിപ്പിടിച്ചു വായന തുടങ്ങി. “നീയില്ലാത്ത നിമിഷങ്ങള്‍ എന്തു വിരസമാണു.. ഒരു ചിതയൊരുക്കി അതില്‍ ചാടിയാലൊ എന്നു പോലും ഞാന്‍ ചിന്തിക്കുന്നു..! പറവകളെപ്പോലെ നമുക്കും ചിറകുകളുണ്ടായിരുന്നെങ്കില്‍ ആരും ശല്യം ചെയ്യാനില്ലാത്ത സ്വപ്നലോകത്തേക്കു പറക്കാമായിരുന്നു” മുഴുവനും വായിച്ചു മാമ എന്നെ സൂക്ഷിച്ചൊന്നു നോക്കി.

“പത്താം കളാസ്സുകാരനായ മരുമകന്‍ കാമുകാ നിന്റെ റേഞ്ച് തലയില്‍ ആപ്പിളുവീണ അങ്ങേരെക്കാളും മുകളിലാണല്ലോടാ..! ഇങ്ങനെ പോയാല്‍ നിനക്കു ചിറകു മുള‍ക്കും..!“

മാമ ആ വിഷയത്തിനു വലിയ പബ്ലിസിറ്റി കൊടുത്തില്ല.


ഗുണ്ടിനെ കുറ്റം പറയാന്‍ പറ്റില്ല, ഒറിജിനലും ഡ്യൂപ്പും തമ്മില്‍ എനിക്കു തന്നെ കന്‍ഫ്യൂഷന്‍ ഉണ്ടായിട്ടുണ്ട്. അതോടെ വിത്സ് പരിപാടി നിര്‍ത്തി. ഗുണ്ടും കുടുമ്പവും അവിടുന്നു മാറിപോയതോടെ ഞങ്ങളുടെ പ്രണയവും സിഗററ്റു പോലെ പുകഞ്ഞു തീര്‍ന്നു.

ഇനിയൊരു പ്രി ഡിഗ്രി പ്രണയം..

പെങ്കുട്ടികള്‍ ചുണ്ടിലും നഖത്തിലും ചായം പുരട്ടുന്നതു എനിക്കു തീരെ ഇഷ്ടമില്ല അന്നും ഇന്നും..! (ലിപ്സ്റ്റിക്കിന്റെയും നെയില്‍ പോളിഷിന്റെയും ഹോള്‍സെയില്‍ പാര്‍ട്ടികള്‍ വാളെടുക്കരുത്..! തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം..) അതു കൊണ്ടുതന്നെ അവളുടെ വിരലുകളിലെ ചുവന്ന ചായം കാണുമ്പോല്‍ എനിക്കു വല്ലാത്ത ദേഷ്യം തോന്നും അന്നും ഞാനവളോടു അതിനെക്കുറിച്ചു പറഞ്ഞു.

“വന്യ ജീവികള്‍ ഇരപിടിച്ചിട്ടു നില്‍ക്കുമ്പോലെ, നിനക്കിതു ഒഴിവാക്കിയാലെന്താ..?“

“എനിക്കിതു ഇഷ്ടമാ..!“

“എടൊ അങ്ങനല്ല നഖത്തിന്റെ യതാര്‍ത്ഥ നിറം അതിനെക്കാള്‍ മനോഹരമായൊരു നിറമുണ്ടൊ.. അതിന്റെ മുകളില്‍ വെറുതെ ഈ ചായങ്ങള്‍ പൂശി നശിപ്പിക്കല്ലെ..“

“എന്നാലും എനിക്കിതു ഇഷ്ടമാ..“

ഇവളോടു മര്യാദക്കു പറഞ്ഞാല്‍ ശെരിയാവില്ല, ഞാന്‍ ബൈക്ക് നിര്‍ത്തി ഒരു പാക്കറ്റ് വില്‍‌സു വാങ്ങി..! ഒരെണ്ണം കത്തിച്ചു. വലിച്ചുകേറ്റാനൊരു ശ്രമം നടത്തി. ഹൊ..! കാണുമ്പോലെ വലിയ സുഖമല്ലല്ലൊ ഇതിന്.. ആപാദചൂഢം എരിയുന്നു. വലിച്ചു കേറ്റല്‍ വേണ്ട.. ചുണ്ടിലിരുന്നു പുകഞ്ഞോട്ടെ. കത്തിച്ചുപിടിച്ച വില്‍‌സുമായി വണ്ടി മുന്നോട്ട്. പിറകിലിരിക്കുന്ന നായികയുടെ മോന്തായം ബലൂണ്‍ പോലെ വീര്‍ത്തും വന്നു.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം ചെല്ലക്കിളി ചോദിച്ചു,

“നീയെന്തിനാ സിഗററ്റു വലിക്കുന്നത്..!?“

“എന്റെ ഇഷ്ടം..!“

“ഇതെന്താ പുതിയ ഒരിഷ്ടം..!?“


“അയ്യൊ പുതിയതല്ല..! ഞാന്‍ പണ്ടെ വലിയൊരു വലിക്കാരനാ.. ദിവസം മൂന്നു പാക്കറ്റു വലിക്കും നിനക്കു ഇഷ്ടമില്ലെന്നു കരുതി വലിക്കാത്തതല്ലെ. ഇനി മുതല്‍ ഇങ്ങനെയാ വ്യക്തിപരമായ വിഷയങ്ങളില്‍ പരസ്പരം അഭിപ്രായം വേണ്ട.. എനിക്കു സിഗററ്റു ജീവനാ..!“


ഗ്ലാസ്സു വഴി ഞാന്‍ നോക്കി അവളുടെ കൈയ്യില്‍ ഒരു ബ്ലെയിഡ്..! ഇവളെന്തിനുള്ള പുറപ്പാടാ..!? പടച്ചോനെ.. എന്റെ കഴുത്തും അവളുടെ കൈയ്യും തമ്മില്‍ വലിയ അകലമൊന്നുമില്ല. എന്തെങ്കിലും അവിവേകം..ഏയ്..! ചിലപ്പോള്‍ ആത്മഹത്യ ചെയ്യാനാണെങ്കിലൊ.!? പെട്ടെന്നു ഞാന്‍ വണ്ടി നിര്‍ത്തി. നായിക നഖത്തിലെ ചായം ബ്ലെയിഡു കൊണ്ട് ചുരണ്ടുന്നു. ഈ സിഗററ്റ് കൊള്ളാമല്ലൊ..!


“ഡേയ്.. എന്തായിതു എനിക്കു വേണ്ടി ത്യാഗമൊന്നും ചെയ്യേണ്ട.“


“അല്ലെടാ നീ സിഗററ്റു വലിക്കരുത് എനിക്കിതു തീരെ ഇഷ്ടമില്ല. നീ വലിക്കില്ലെന്നറിഞ്ഞപ്പോള്‍ മനസ്സുകൊണ്ട്
ഞാനൊരുപാടു സന്തോഷിച്ചിട്ടുണ്ട്. പ്ലീസ് എനിക്കു വേണ്ടി നീയതു കള..”


സങ്കടം കൊണ്ട് അവട കണ്ണും വലി കാരണം എന്റെ കണ്ണും നിറഞ്ഞിരുന്നു. എല്ലാം കൂടി ചുരുട്ടി കൂട്ടി അവള്‍ ദൂരേക്കെറിഞ്ഞു. മൊത്തത്തില്‍ പൊകഞ്ഞോണ്ടിരുന്ന എനിക്കതു വലിയ ആശ്വാസവുമായി.


കോളേജില്‍ കൂടെ പഠിച്ചിരുന്ന സുരേഷിന്റെ വീട്ടിലാ അന്നു ഞങ്ങള്‍ പോയത്. അവന്റച്ഛനുമമ്മയും ജോലിക്കു പോയാല്‍ മിക്കപ്പോഴും ഞങ്ങളുടെ താവളം. ഞങ്ങളുടെ തന്നെ പാചകം അവളുടെ പാട്ട് ആകപ്പാടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍! തിരിച്ചു പോരാന്‍ നേരം സാധാരണ കാമുകരില്‍ കണ്ടു വരാറുള്ള സാധാരണയില്‍ സാധാരണയായ ഒരാഗ്രഹം എനിക്കുമുണ്ടായി. ചെറിയൊരു ടെച്ചിംഗ്..! ടെച്ചിംഗില്ലാതെ എന്തോന്നു പ്രണയം..!


“പിന്നീടാകട്ടെ..!“ മൂന്നുമാസം കൊണ്ട് സ്ഥിരമായി കിട്ടുന്ന മറുപടി, സന്തോഷമായി. “സിഗററ്റു വലിക്കുന്നവന് കൊടുക്കണമൊ എന്നു ആലോചിക്കണം“ അവസാനത്തെ ഈ വാചകം ചുണ്ടിനും മൂക്കിനുമിടയിലുള്ള സംഭവത്തിനു ഒരു വെല്ലുവിളിയായി തോന്നി..! പ്രകോപനപരമായ പല അവസരങ്ങളിലും സംയമനം പാലിച്ചിട്ടുള്ള ഈയുള്ളവനെ കുറച്ചുനാളായി ഇവള്‍ പറഞ്ഞു പറ്റിക്കുന്നു. റൂമില്‍ ആരുമില്ല. നല്ലൊരു റേപ്പിനു പറ്റിയ സാഹചര്യം..! ബാലന്‍ കെ നായര്‍, ടി.ജി. രവി തുടങ്ങിയ പുണ്യവാളന്മാരെ മനസ്സില്‍ ധ്യാനിച്ചു. മനസ്സു പറഞ്ഞു വേണ്ട..! ശരീരം പറഞ്ഞു വേണം..! തര്‍ക്കിക്കാന്‍ സമയമില്ല. അവസാനം മനസ്സും ശരീരവും ഒരു തീരുമാനത്തിലെത്തി. ദൂരദര്‍ശനിലെ ഇതിഹാസ പരമ്പരകളിലെ മുന്നണിപ്പോരാളിയെപ്പോലെ ഞാന്‍ വിളിച്ചു പറഞ്ഞു.. “ആക്രമണ്‍...!!! “


കുറച്ചു സമയത്തേക്കു (കുറച്ചു സമയത്തേക്കു മാത്രം) എന്താണു സംഭവിച്ചതെന്നു ഒരു പിടിയുമില്ല. രണ്ടു കൈയ്യിലും പതിഞ്ഞ നഖത്തിന്റെ പാടും നോക്കി ഞാനൊരു വശത്ത്. കണ്ണാടിയില്‍ നോക്കി കരയുന്ന അവള്‍ ഒരു വശത്ത്. ഇവളെന്തിനാ കണ്ണാടിയില്‍ നോക്കി കരയുന്നത്.

“എടൊ ഇങ്ങനെ കരയാനും മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്.“

അവളെന്നെ രൂക്ഷമായൊന്നു നോക്കി. ചുണ്ടില്‍ ചോര..! റേപ്പു കഴിഞ്ഞ അനുരാധയെപ്പോലെ..!

“നിനക്കു സമാധാനമായാ..? വീട്ടില്‍ ഞാനെന്തു പറയും..?“

“ക്ലാസ്സില്‍ നിന്നും വരുന്ന വഴി ഒരു റേപ്പിംഗ് അറ്റം‌പ്റ്റ് നടന്നെന്നു പറയണം. ഇപ്പോള്‍ അതൊരു ഫാഷനാ..!“

മനസ്സില്‍ കൂടിപ്പോയെന്നു തോന്നിയെങ്കിലും നാവില്‍ വന്നതു ഇങ്ങനെ. പറന്നു വന്ന പൌഡര്‍ ടിന്നില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ വിളിച്ചു പറഞ്ഞു

“ബ്രേക്കു ചവുട്ടിയപ്പോള്‍ ബസ്സില്‍ വെച്ചു സംഭവിച്ചെന്നു പറ. അല്ലെങ്കിലും ഈ ബസ്സുകാരൊന്നും പറഞ്ഞോണ്ടല്ലല്ലൊ ബ്രേക്ക് ചവിട്ടുന്നത്. മാത്രമല്ല ബസ്സില്‍ നിന്നല്ലെ പല മെഗാസീരിയലുകളും തുടങ്ങുന്നതു തന്നെ.“

അങ്ങനെ സംഭവം ബസ്സിന്റെ മണ്ടക്കു വെച്ചു..! അത്യാവശ്യം കൈത്തരിപ്പു തീര്‍ക്കാനും ഈ ബസ്സല്ലെ നമുക്കുള്ളു.


നല്ല റൊമാന്റിക്ക് മൂഡില്‍ ഞാനൊരിക്കലവളോടു ചോദിച്ചു.

“എന്നോടു നിനക്കു ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ ദിവസം ഏതാ..!?“

ചെറിയൊരു മൌനത്തിനു ശേഷം.. “അതെ.. അന്നാ സിഗററ്റു വലിച്ചില്ലെ ആ ദിവസം..!“

“കൊള്ളാം അപ്പ അതിനാണല്ലെ എന്നെ പൌഡര്‍ ടിന്നിനെറിഞ്ഞത്..!“

“അതു ഇഷ്ടം കൊണ്ടല്ലെ..!“

സത്യം പറഞ്ഞാല്‍ ഇതുങ്ങളെ മനസ്സിലാക്കാന്‍ യുഗങ്ങള്‍ വേണമെന്നു കവികള്‍ പാടിയതു വെറുതെയല്ല..! സൌന്ദര്യപ്പിണക്കങ്ങള്‍ മൂര്‍ച്ചിക്കുന്ന ചില ദിവസങ്ങളില്‍ ഞാനുറക്കെ വിളിച്ചു പറയും ഒരു സിഗററ്റു വലിക്കേണ്ടി വരുമെന്നു തോന്നുന്നു. ഉറക്കെയുള്ള പൊട്ടിച്ചിരിയായിരിക്കും അതിനുള്ള മറുപടി..!


വര്‍ഷങ്ങള്‍ കഴിഞ്ഞു, നദികള്‍ ഗതിമാറിയൊഴുകി, സുനാമിയും കത്രീനയും വന്നു ഇനിയുമെന്തൊക്കെയൊ വരാനിരിക്കുന്നു. ആ ബഹളങ്ങള്‍‍ക്കിടയില്‍ പലതും ഒലിച്ചുപോയി. സിഗററ്റിന്റെ പൊകയടിച്ചാല്‍ കണ്ണു നിറയുന്ന അവസ്ഥയില്‍ ഞാനിന്നും ബ്രൂട്ടിന്റെ സ്പ്രേ പോലെ അതെ ഗുണം അതെ മണം..!


മുറിബീഡിക്കു പുക ചോദിക്കുന്ന മോഡേന്‍ നാരീമണികള്‍ വിലസുന്ന ഈ കാലത്തും സിഗററ്റു വലി കാരണം പ്രണയം കയ്യാലപ്പുറത്തിരിക്കുന്ന ഇംഗ്ലീഷ് സാറിനെ ഓര്‍ത്തു ഒറ്റക്കിരുന്നു കുറെ ചിരിച്ചു. ബംഗ്ലാദേശിയായ റൂംബോയി “ക്യാ ഹുവാരെ ഭായീ പാകല്‍ ആയാ” എന്നുവരെ ചോദിച്ചു. ചിരിക്കാതെ എന്തൊ ചെയ്യുമെന്നു പറ.. “സിഗററ്റു വലി ആരോഗ്യത്തിനും പ്രണയത്തിനും ഒരു പോലെ ഹാനികരം” എന്നു മാറ്റിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ. ആരോഗ്യം നോക്കാറില്ലെങ്കിലും പ്രണയത്തിനു ആവശ്യത്തിലധികം സ്ഥാനം കൊടുക്കുന്ന കാമുകഹൃദയങ്ങള്‍ കുറച്ചെങ്കിലും അതൊഴിവാക്കാന്‍ ശ്രമിച്ചേനെ..! സിഗററ്റ് കരളിനെയാണെങ്കില്‍ പ്രണയം മനസ്സിനെയാണു കാര്‍ന്നു തിന്നുന്നതെന്നു മനസ്സിലാക്കാത്തിടത്തോളം കാലം..!

രണ്ടും ഇഞ്ച്യൂറിയല്‍‌സ് ടു ഹെല്‍ത്ത്..! പാവം ഇംഗ്ളീഷ് സാര്‍! പാവം കാമുകര്‍..!

Monday, November 26, 2007

ഇങ്ങനെയും ചിലര്‍..!

"ഒരു വട്ടം കൂടി നാട്ടില്.. ഒന്നു പറന്നെത്താന്‍ കൊതീ..."

സ്റ്റുഡിയൊയില്‍ തിരക്കുള്ള ഒരു വൈകുന്നേരം എന്റെ മൊബൈല്‍ പാടാന്‍ തുടങ്ങി… ആരായിരിക്കും ഈ സമയത്ത്..!?
"ഹലൊ..ഹലോ..!"
"എടാ.. അളിയാ... ഞാനാടാ..!?" മറുവശത്തു നിന്നും പരിചയമില്ലാത്ത ശബ്ദം..!
"നിയാസാണോ..!?" ഞാന്‍ ചോദിച്ചു,
"അല്ലെടാ..റഷീദ്..!"
"ഏതു റഷീദ്..!?"
"എടാ.. ജയന്‍.. ജയന്‍ റഷീദ്..!"
വര്‍ഷങ്ങളായി കാണാതിരുന്ന ഒരു സുഹൃത്തിന്റെ ശബ്ദം കേട്ട സന്തോഷത്താല്‍ ഞാനുറക്കെ വിളിച്ചു.. "എടാ..ജയാ..." എന്റെ വിളികേട്ടു സൌദികസ്റ്റമര്‍ തുറിച്ചുനോക്കി.. കല്ലിവല്ലി..! അജ്നബികള്‍ക്കു ഉറക്കെ ഫോണ്‍വിളിക്കാന്‍ പാടില്ലെന്നു നിയമമൊന്നുമില്ലല്ലൊ..! മൈന്റു ചെയ്യാതെ വീണ്ടും വിളിച്ചു. "ജയാ.. എടാ നീയെവിടെ.!? എത്ര വര്‍ഷമായെടാ നിന്നെ കണ്ടിട്ട്..!? നിനക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടി..!? എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍..!?
"ഞാനിന്നലെ ജോയിയെ കണ്ടു. അവനാ നമ്പര്‍ തന്നത്. എല്ലാം വിശദമായി സംസാരിക്കാം. വ്യാഴവും വെള്ളിയും അവധിയല്ലെ..?" അവന്റെ ചോദ്യം കേട്ടു ഞാന്‍ വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബുപോലായി.
"എടാ സ്റ്റുഡിയോക്കാര്‍ക്കു എന്തവധി..! കഴിഞ്ഞ മൂന്നു വര്‍ഷമായി പെരുന്നാളുതന്നെ സലാ സമയത്തു ഡാര്‍ക്കുറൂമിലാ ആഘോഷിച്ചത്..!"
"ഓ.കെ.. ഓ.കെ.. എന്തായാലും ഈ വ്യാഴാഴ്ച രാത്രി നമുക്കു എന്റെ റൂമില്‍ ഒരുമിച്ചു കൂടണം.. ഞാനിപ്പോള്‍ കോബാറിലാ.. അളിയാ.. അപ്പൊ വ്യാഴാഴ്ച രാത്രി വണ്ടിയുമായി ഞാനവിടെ എത്തും.. ഓ.കെ.. അവന്‍ ഫോണ്‍ കട്ടു ചെയ്തു.

സ്റ്റുഡിയൊ ജോലികളില്‍ മുഴുകിയെങ്കിലും എന്റെ മനസ്സ് നാട്ടിലേക്കു പറന്നു. സ്കൂളില്‍ എന്റെ ജൂനിയറായിരുന്നു റഷീദ്. അത്യാവശ്യം സാമ്പത്തികമുള്ള കുടും‌ബം, നാലു പെണ്‍കുട്ടികളുടെ ഇടയില്‍ ഒരേയൊരു ആന്‍‌തരി, ഇളയ സന്തതി. പേരു സൂചിപ്പിക്കുന്നപോലെ ജയന്‍ ബോഡി, മുടിഞ്ഞ ഗ്ലാമര്‍, ആവശ്യത്തിനും അനാവശ്യത്തിനും കൈപൊക്കുന്ന ശീലം..! അതു കാരണം എന്നും പ്രശ്നങ്ങള്‍. ഒന്നു രണ്ടുവര്‍ഷത്തെ ഗള്‍ഫുവാസം കൊണ്ട് എടുത്തുചാട്ടം കുറയുമെന്നു കരുതി വീട്ടുകാര്‍ ഗള്‍ഫിലേക്കു പറഞ്ഞു വിട്ടു. അതിനു ശേഷം ഇന്നാണവന്റെ ശബ്ദം കേള്‍ക്കുന്നത്..! എട്ടു വര്‍ഷമെങ്കിലും ആയിക്കാണും അവന്‍ നാട്ടില്‍ നിന്നും പോന്നിട്ട്..!

വ്യാഴാഴ്ച രാത്രി അവന്‍ കൃത്യമായി സ്റ്റുഡിയൊയിലെത്തി, കൌണ്ടറിനകത്തു ചാടിക്കയറി അളിയാ എന്നും പറഞ്ഞു കെട്ടിയൊരു പിടുത്തം..! സ്വഭാവത്തില്‍ ഇവനാ പഴയ ജയന്‍ തന്നെ ഒരു മാറ്റവുമില്ല. പക്ഷെ അവന്റെ രൂപം വല്ലാതെ മാറിയിരിക്കുന്നു..! കൈയ്യില്‍ കുറെ വളയങ്ങളും ചുവപ്പിച്ച തലമുടിയും ചെറിയ ഒരു ടീ ഷര്‍ട്ടും പാവാടപോലത്തെ ജീന്‍സും വല്ലാത്തൊരു കോലം..! ഇതായിരിക്കും ലേറ്റസ്റ്റ് ഫാഷന്‍ ഞാന്‍ ആത്മഗതിച്ചു. ഒരു കിളിമാസ് കാറും അതിനുള്ളില്‍ അതിനെക്കാള്‍ അടിപൊളി മ്യൂസിക് സിസ്റ്റവും അവന്‍ രക്ഷപ്പെട്ടു എന്നെനിക്കു തോന്നി. അതുപോലൊരു കാറില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഗമയില്‍ ചാരിക്കിടന്നുകൊണ്ട് അവനോടു ചോദിച്ചു, "എടാ എത്ര വര്‍ഷമായി നീയിവിടെ..!?"
"ഒന്‍പതു വര്‍ഷം കഴിഞ്ഞളിയാ..!"
"നീയിതുവരെ നാട്ടില്‍ പോയില്ലെ..!?"
"കഴിഞ്ഞമാസം 20 ദിവസത്തേക്കു പോയി വന്നു..!"
"ഒന്‍പതു വര്‍ഷം നിന്നിട്ടു ഇരുപതു ദിവസം മാത്രം..!" കേട്ടിട്ടു വട്ടായി.
"അതെ അവിടെ ആരെക്കാണാനാ.. അവിടെ നിന്നാല്‍ എനിക്കു ഭ്രാന്തു പിടിക്കും ഞാന്‍ തിരിച്ചു പോന്നു..!" അവന്റെ നിരാശകലര്‍ന്ന വാക്കുകളില്‍ വിഷമം തോന്നി. പിന്നെ ഞാനൊന്നും ചോദിച്ചില്ല.

കോബാറിലുള്ള കൊട്ടാരസദൃശ്യമായ ഒരു വീടിനു മുന്നില്‍ കാര്‍ നിന്നു. ഇതാണെന്റെ സാമ്രാജ്യം..! ഞാന്‍ ഞെട്ടി..! ഇവിടാ നീ താമസിക്കുന്നത്..!? ഞാനിവിടത്തെ ഡ്രൈവറാടാ.. ഒന്‍പതു കൊല്ലം കൊണ്ട്.. അരാംകൊയിലെ പൈലറ്റാ എന്റെ കഫീല്‍ (സ്പോന്‍സര്‍), കാര്‍ പാര്‍ക്കു ചെയ്തു കൊണ്ട് അവന്‍ പറഞ്ഞു. പുറത്തു വല്ലാത്ത തണുപ്പ്.. മഞ്ഞുണ്ട് ഞാന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും മങ്കിക്യാപ്പെടുത്തു തലയില്‍ ഫിറ്റു ചെയ്തു. ആ‍ദ്യമായാ ഒരു സൌദിയുടെ വീടിന്റെ മതില്‍കെട്ടിനുള്ളില്‍... അവിടുത്തെ ഔട്ട്‌ഹൌസിലേക്കു അവനെന്നെ ക്ഷണിച്ചു, നൈറ്റ്ക്ലബ്ബു പോലുള്ള ഒരു റൂമിലേക്കു കയറി. കുറെ കളര്‍ ലൈറ്റുകളും രണ്ടുമൂന്നു അലമാരപോലുള്ള ബോക്സുകളും മൈക്കും.. ഇവനെന്തു പറ്റി..! ഒറ്റക്കുള്ള ജീവിതം കൊണ്ടു വട്ടായാ..! അപ്പോഴേക്കും അടുക്കളയില്‍ നിന്നും അവനൊരു കുപ്പിയുമായി വന്നു. അതുയര്‍ത്തിപ്പിടിച്ചു എന്നോടായി "വോഡ്ക..! ഞാന്‍ ബഹ്‌റൈനില്‍ നിന്നും കൊണ്ടു വന്നതാ.. നീ കഴിക്കുമല്ലൊ!?"
"ഏയ്..ഇല്ല..!"
"എന്തു പറ്റി നീ ബിയറും വോഡ്കയും കഴിക്കുമായിരുന്നല്ലൊ!?"
"ഇങ്ങോട്ട് പാക്ക് ചെയ്തതോടെ നിര്‍ത്തി.. അതുമല്ല പോകുന്നതിലും സ്പീഡില്‍ തിരിച്ചു വരുന്നു.!"
"ശെരി ഞാന്‍ നിര്‍ബന്ദിക്കുന്നില്ല" ഒരു ഇംഗ്ലീഷ് മ്യൂസിക് അവന്‍ പ്ലെ ചെയ്തു.. അവിടം കുലുങ്ങുന്ന പോലെ തോന്നി. അത്രക്കു ഉച്ചത്തില്‍..! "എടാ സൌദി വഴക്കു പറയില്ലെ..!?" എനിക്കു പേടിയായി.
"ഇല്ലെടാ.. നീ ധൈര്യമായിരിക്ക് അവര്‍ക്കു എന്റെ ഈ വട്ടുകളൊക്കെ അറിയാം, ഇങ്ങോട്ടു ശ്രദ്ധിക്കാറില്ല.." അപ്പോഴാണു ചുമരിലെ ഫോട്ടോകള്‍ ഞാന്‍ ശ്രദ്ധിച്ചത്. സുന്ദരിയായ ഒരു ഫിലിപ്പിനി പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ടുള്ള അവന്റെ പോസുകള്‍..! ആകാംഷയോടെ ഞാന് ‍ചോദിച്ചു,
"ആരാടാ ഇവള്‍..!?"
"എന്റെ ഇപ്പോഴത്തെ ഗേള്‍ഫ്രണ്ട്..! ഇവിടുത്തെ ജോലിക്കാരി. ഓരോ "പ്രശ്നങ്ങള്‍" ഉണ്ടാകുമ്പോള്‍ സ്പോന്‍സര്‍ ഓരോന്നിനെ പറഞ്ഞു വിടും.. ഇതു അവസാനം വന്നത്.. നീയിങ്ങു വന്നെ.. അവനെന്നെ അടഞ്ഞു കിടന്ന ഒരു മുറി തള്ളിത്തുറന്നു അകത്തോട്ടു കൊണ്ടുപോയി. കട്ടിലില്‍ ഫിലിപ്പിനിപ്പെണ്ണു മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു..! അകത്തു കയറിയതിനെക്കാള്‍ സ്പീടില്‍ ഞാന്‍ പുറത്തേക്കിറങ്ങി..! അവന്‍ കൂളായി എന്നോട് എടാ.. ഇതെന്റെ ബെഡ‌്റൂമാ.. സോറി ഞങ്ങളുടെ..! നമുക്കകത്തിരിക്കാം. വേണ്ട അവളുറങ്ങിക്കോട്ടെ. നമുക്കു പുറത്തിരിക്കാം ഞാന്‍ തിരികെ പഴയ സോഫയില്‍ വന്നിരുന്നു.

അവന്‍ വീണ്ടും വോഡ്ക ഗ്ലാസ്സിലേക്കു പകര്‍ന്നു അതു ഫിനിഷു ചെയ്തു. "എടാ നീ ഇതിന്റെ ശബ്ദമൊന്നു കുറച്ചെ.. വിശേഷങ്ങള്‍ ചോദിക്കട്ടെ..!? നിന്റെ ഉമ്മയും വാപ്പയും എന്തു പറയുന്നു?" എന്റെ ചോദ്യം കേട്ടു അവന്‍ വല്ലാതെ ചിരിച്ചു..! "അവര്‍ രണ്ടും പോയെടാ..! മൂന്നു വര്‍ഷത്തിനു മുന്‍പ് വാപ്പയും കഴിഞ്ഞ മാസം ഉമ്മയും.. നീ അറിഞ്ഞില്ലെ..!? അവന്‍ സി.ഡി പ്ലെയര്‍ ഓഫ് ചെയ്തു. "സത്യത്തില്‍ ഞാനറിഞ്ഞില്ലായിരുന്നെടാ.." വല്ലപ്പോഴും വീട്ടില്‍ വിളിക്കുന്നതൊഴിച്ചാല്‍ നാടുമായി എനിക്കു യാതൊരു ബന്ധവുമില്ലായിരുന്നു എന്നതാണു സത്യം. "കൊള്ളാം നല്ലത്" അവന്‍ തുടര്‍ന്നു. "അവസാനമായി വാപ്പ എന്നെ വിളിച്ചിരുന്നു, കുറെ സംസാരിച്ചു, അവസാനം ഒരു വെള്ളമുണ്ട് വേണമെന്നു പറഞ്ഞു, വാപ്പ ആദ്യമായി ഒരു കാര്യം ചോദിച്ചതാണ്, നമ്മുടെ സുള്‍ഫി നാട്ടില്‍ പോകാന്‍ നില്‍ക്കുന്നു, ഞാനൊരു മുണ്ടുവാങ്ങി കവറില്‍ വാപ്പയുടെ പേരുമെഴുതി റൂമില്‍ വെച്ചു, വന്നു വാങ്ങിക്കാന്‍ സുള്‍ഫിയും കൊണ്ടു കൊടുക്കാന്‍ ഞാനും മറന്നു. സുള്‍ഫി പോയി പിറ്റെ ദിവസം വാപ്പ മരിച്ചെന്നും പറഞ്ഞു നാട്ടില്‍ നിന്നും ഫോന്‍ വന്നു..! അവസാനമായി പുതപ്പിക്കാനായിരിക്കും വാപ്പ എന്നോടു മുണ്ട് ചോദിച്ചത്. എനിക്കാ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല..! വീണ്ടും അവന്‍ വോഡ്ക ഗ്ലാസ്സിലേക്കു പകര്‍ന്നു.

ഉമ്മ ഒരുപാടു പ്രാവശ്യം വിളിച്ചിട്ടു എനിക്കു നിന്നെക്കാണാന്‍ കൊതിയാവുന്നു എന്നു പറഞ്ഞു. അപ്പോഴൊക്കെ ഞാന്‍ അടുത്ത മാസം വരാം അതിനടുത്ത മാസം വരാമെന്നുള്ള മറുപടികൊടുത്തു എന്റുമ്മായെ പറ്റിച്ചുകൊണ്ടിരുന്നു. ഒരു ദിവസം സ്പോന്‍സര്‍ ടിക്കറ്റും പാസ്പോര്‍ട്ടും കൈയ്യില്‍ തന്നിട്ടു എത്രയും പെട്ടെന്നു നാട്ടില്‍ പോകാന്‍ പറഞ്ഞു..! പറഞ്ഞുവിടാന്‍ ഞാനെന്തു തെറ്റു ചെയ്തെന്നു ചോദിച്ചപ്പൊഴേക്കും, ഉമ്മ ഹോസ്പിറ്റലിലാണെന്നും അവിടെ നിന്നും ഡോക്ടര്‍ വിളിച്ചിരുന്നു എന്നുമുള്ള സ്പോന്‍സറിന്റെ മറുപടിയില്‍ ഞാന്‍ വിയര്‍ത്തു, എനിക്കു ചുറ്റും ഇരുള്‍പരക്കുന്നതായി തോന്നി, വല്ലാത്ത ഒരു ഭയം എന്നെ പിടികൂടി, ഒട്ടും സമയം കളയാതെ ഞാന്‍ നാട്ടിലെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ മെഡിക്കല്‍ കോളേജിലേക്ക്..! നാട്ടില്‍ നിന്നു പോരുമ്പോള്‍ എന്റുമ്മ വളരെ ആരോഗ്യവതിയായിരുന്നെടാ.. ഒന്‍പതു വര്‍ഷത്തെ മാറ്റം..! തളര്‍ന്നുറങ്ങുന്ന ഉമ്മായെ ഞാന്‍ തട്ടി വിളിച്ചു. ഉമ്മാ.. ഉമ്മാ.. ഞാന്‍ വന്നു.. ഉമ്മയുടെ റഷീദ് വന്നു… പക്ഷെ നിര്‍ഭാഗ്യവാനായ എന്നെ തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം ഉമ്മായുടെ ബോധം മറഞ്ഞിരുന്നു. മൂന്നു ദിവസം എന്റുമ്മായുടെ അരികില്‍.. ആ ഹോസ്പിറ്റലില്‍.. പക്ഷെ ഒരിക്കല്‍പ്പോലും ഉമ്മയെന്നെ തിരിച്ചറിഞ്ഞില്ല..! നോക്കി ഒന്നു ചിരിച്ചുപോലുമില്ല..! റഷീദെ എന്നുള്ള ഒരു വിളിക്കായി ഒരു ചിരിക്കായി രാത്രിയും പകലും ഞാന്‍ കാത്തിരുന്നു. അവസാനതുള്ളി വെള്ളം എന്റെ കൈകൊണ്ടു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമൊ..!? ഉമ്മാ.. ഒരിക്കലെന്നെ മോനെ എന്നു വിളിക്കൂ.. ഞാന്‍ ഹൃദയം പൊട്ടിക്കരഞ്ഞു… ആ കരച്ചിലിനൊടുവില്‍ അവസാന ശ്വാസവും നിലച്ചു എന്റ്റുമ്മ യാത്രയായി.. അവന്റെ വാക്കുകള്‍ ഇടറിയിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. വല്ലാത്തൊരു നിര്‍ജ്ജീവാവസ്ഥയില്‍ ഞാനെല്ലാം കേട്ടിരുന്നു.

അവന്‍ കുപ്പി മുഴുവനും കാലിയാക്കി. മൈക്കു കൈയ്യിലെടുത്തു.
"നിനക്കു കവിത ഇഷ്ടമാണൊ..!?" അവന്റെ ചോദ്യം കേട്ടു ഞാനമ്പരന്നു.! ഞാനൊരു കവിത ചൊല്ലാന്‍ പോകുന്നു. ഇവിടുത്തെ ജീവിതം എനിക്കു സമ്മാനിച്ച ഒരേയൊരു നല്ല ഗുണം,,!
അവനുച്ചത്തില്‍ ചൊല്ലി…..

"അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമിന്നു നിശബ്ദമായി
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി-
നിന്നതേയുള്ള നിഴലുകള്‍ മാതിരി....."

അതു ചൊല്ലിത്തീര്‍ത്തവന്‍ അടുത്തതിലേക്കു കടന്നു..

"അങ്കണത്തൈമാവില്‍ ‍ നി-
ന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടു കണ്ണീര്‍"

ആ കവിതകള്‍ക്ക് അവന്റെ മധുരമായ ശബ്ദത്തില്‍ ജീവന്‍ വെച്ചന്നു തോന്നി.
കത്തിജ്ജ്വലിക്കുന്ന അവന്റെ അന്തരാത്മാവില്‍ നിന്നും ഉരുകിയൊലിക്കുന്ന ലാവാ പ്രവാഹം പോലെ..! ജീവിതത്തില്‍ ഇത്രയും ഹൃദയ സ്പര്‍ശിയായ ഒരാലാപനം ഞാന്‍ കേട്ടിട്ടില്ല. അറിയാതെ കവിളില്‍ നനവു ഒലിച്ചിറങ്ങി. കവിതയുടെ അവസാനം അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. വീര്‍പ്പു മുട്ടലിന്റെയും കുറ്റബോധത്തിന്റെയും കാര്‍മേഘങ്ങള്‍ പെയ്തൊഴിയുന്നതും നോക്കി ഞാനിരുന്നു.

കുറച്ചു നേരത്തെ നിശ്ബ്ദതക്കു ശേഷം അവന്‍ പറഞ്ഞു. എടാ കാശിനു വേണ്ടി നീയിവിടെ അടിഞ്ഞു കൂടരുത്. അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..! ഉറ്റവരുടേയും ഉടയവരുടേയും നഷ്ടങ്ങള്‍ക്കു ശേഷം ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാടു കാണാന്‍ കഴിയാത്തതു കൊണ്ടാകാം റഷീദിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം പടപടാന്നു മിടിക്കാന്‍ തുടങ്ങും..

Saturday, November 10, 2007

ഇരുട്ടടി..!

എന്റെ വീടിനു അടുത്തുതന്നെയാണു മാമയും കുടും‌ബവും താമസിക്കുന്നത്. മാമയുടെ മകള്‍ സുനിത പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഞാന്‍ പ്രി ഡിഗ്രിക്കും! പ്രായത്തില്‍ അവളെന്നെക്കാള്‍ സീനിയറാണെങ്കിലും ബാംഗ്ലൂരില്‍ നിന്നും നമ്മുടെ നാട്ടില്‍ പറിച്ചു നട്ടതു കൊണ്ട് പാവം എന്റെ ജൂനിയറായിപ്പോയി. അവസാന പരീക്ഷയുടെ സമയമായതു കൊണ്ട് കുറച്ചു ദിവസത്തേക്കു അവള്‍ക്കു എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു. അതു കാരണം സിറ്റിയിലുള്ള സ്കൂളില്‍ നിന്നും ക്ലാസ്സു കഴിഞ്ഞു വരുമ്പോഴേക്കും സന്ധ്യ കഴിയും.

ഒരു ദിവസം അവളെന്നെ വിളിച്ചിട്ടു പറഞ്ഞു.. "എടാ…
കുറച്ചു ദിവസമായി രണ്ടു ചെക്കന്മാര്‍ എന്നെ വല്ലാതെ ശല്യം ചെയ്യുന്നു..! "
"ആദ്യം സ്കൂളിനടുത്തുള്ള ബസ്റ്റാന്‍ഡില്‍ നിന്നു ചിരിക്കലായിരുന്നു പണി..!
പിന്നീടു ബസ്സില്‍ കൂടെകയറി നമ്മുടെ സ്റ്റോപ്പ് വരെ വരാന്‍ തുടങ്ങി..!
ഇന്നലെ അവന്മാര്‍ ഇവിടെ വരെ വന്നു..! "
"വീടിന്റെ നടയിലൊ!?" ഞാന്‍ പുലിയായി..!
"അതേടാ എന്നെക്കൊണ്ടാക്കിയിട്ടു തിരിച്ചു പോയി..! "
"നീ മാമയോടു പറഞ്ഞൊ ? "
"പറഞ്ഞു. "
അപ്പോഴേക്കും മാമ വന്നു. "മോനെ തല്ലാനും കൊല്ലാനൊന്നും പോണ്ടാ..ഇവള്‍ക്കു വീണ്ടും പഠിക്കാന്‍ പോകാനുള്ളതാ..നമുക്കു ആള്‍ക്കാരാ‍രാന്നു നോക്കാം. പറഞ്ഞു മനസ്സിലാക്കി വിടാം. നമ്മുടെ കൈയ്യില്‍ നില്‍ക്കാത്ത കേസാണെങ്കില്‍ കേന്ദ്രകമ്മറ്റിക്കു വിടാം." (എന്റെ പിതാശ്രീയോടു പറയാമെന്ന്!)

പിറ്റെ ദിവസം ഞാനും മാമയും കൂടി ബസ്റ്റാന്‍ഡില്‍ ചെന്നു കാത്തു നിന്നു. വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ നടക്കണം സ്റ്റാന്‍ഡിലേക്ക്. 6 മണി കഴിഞ്ഞപ്പോഴെ നല്ല ഇരുട്ട്. കരണ്ടും പോയി. സ്റ്റോപ്പിനടുത്തുള്ള ചെറിയ പെട്ടിക്കടയിലെ പെട്രോള്‍ മാക്സിന്റെ വെട്ടം മാത്രം! അപ്പോഴേക്കും ഒരു ഓട്ടൊറിക്ഷ ഞങ്ങളുടെ മുന്‍പില്‍ വന്നു നിന്നു, സ്ഥലത്തെ ചെറിയൊരു പുലിയായ ഓട്ടൊ ഡ്രൈവര്‍ സജി.
സജിയണ്ണന്‍ മാമയോടായി.
"കാക്കാ എന്തിവിടെ നില്‍ക്കണത്..? വീട്ടിലോട്ടാണെങ്കി വരീ ഞാനും അങ്ങോട്ടാ.. "
"എടെ മോളെക്കാത്തു നില്‍ക്കണടെ… അവളിപ്പം വരും, നീ പൊക്കൊ.. "
"മോളിത്ര താമസിക്കണതെന്ത്..!? "
"പത്തിലല്ലേടെ, എക്സ്ട്രാ ക്ലാസ്സുണ്ട്.. "
"അവളൊറ്റക്കാ കാക്കാ പോയി വരണത്..!? "
"ഇല്ലടെ കൂട്ടുകാരികളും ഉണ്ട്.."
"കാക്കാ വരീ ഓരോ തണുത്ത വെള്ളം കുടിക്കാം.. "
"വേണ്ടടെ ഇപ്പൊ കുടിച്ചതെ ഉള്ളു..! "
ഈ മാമയുടെ ഒരു കാര്യം ഞാന്‍ മനസ്സിലോര്‍ത്തു.
"എടെ എങ്കി നീ വാടെ.." മാമയോടു ചോദിച്ചപ്പോഴെ ഞാന്‍ ഓട്ടൊയില്‍ കയറിക്കഴിഞ്ഞിരുന്നു. സന്തോഷത്തോടെ ആരെങ്കിലും വിളിച്ചാല്‍ അന്നും ഇന്നും ഞാന്‍ വേണ്ടാന്നു പറയില്ല..! രസ്നയുടെ കളര്‍വെള്ളവും രണ്ടു കപ്പലണ്ടി മിഠായിയും വാങ്ങിത്തന്നു. അതിന്റെ ഉപകാര സ്മരണയില്‍ ഞങ്ങള്‍ അവിടെ നില്‍ക്കുന്നതിന്റെ കാരണം ഞാന്‍ സജിയണ്ണനോടു പറഞ്ഞു. ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പെ സജിയണ്ണന്‍ മാമയുടെ അടുത്തെത്തി.
"ഏതവന്മാരു കാക്കാ നമ്മടെ ഏരിയയില്‍ വന്നു മോളെ ശല്യം ചെയ്യണത്..?
പെണ്‍‌കുട്ടികള്‍ക്കു മനസ്സമാധാനമായി പഠിക്കാന്‍ പോകാന്‍ പറ്റാത്ത സ്ഥിതിയായല്ലൊ..! എന്തായാലും മോളു വന്നിട്ടു നമുക്കൊരുമിച്ചു പോവാം..! "
"എടെ സജീ അടിക്കേന്നും ചെയ്യരുത്..! പറഞ്ഞു വിലക്കി വിട്ടാ മതി..!" കപ്പലണ്ടി മിഠായിയും കടിച്ചു ഓട്ടോയുടെ ബാക്സീറ്റില്‍ ചാരിക്കിടക്കുന്ന എന്നെ മാമ തറപ്പിച്ചൊന്നു നോക്കി.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസു വന്നു. സുനിതയും കൂട്ടുകാരിയും ഇറങ്ങി, പിറകെ രണ്ടു ചേട്ടന്മാരും..! പവര്‍കട്ടിന്റെ നിറമായതു കാരണം ആള്‍ക്കാരെ വ്യക്തമാകുന്നില്ല. എന്തായാലും അവളുടെ ഉയരം പോലുമില്ല..!
മുണ്ടും ഷര്‍ട്ടുമാണു പരിഷ്കാരികളുടെ വേഷം. പെണ്‍കുട്ടികള്‍ മുന്‍പേ..കുറച്ചു പിറകിലായി പരിഷ്കാരികള്‍… കുറച്ചു പിറകിലായി ഓട്ടൊയില്‍ ഞങ്ങളും. എടെ സജി ഇവന്മാരെ നമുക്കു വീടിനടുത്തിട്ടു പിടിക്കാം അതുവരെ നീയൊന്നും ചെയ്യരുത്.വീണ്ടും മാമയുടെ ഉപദേശം.

നല്ല ഇരുട്ടുള്ള ഒരു ഭാഗത്തെത്തിയപ്പോള്‍ പരിഷ്കാരികള്‍ പരിഷ്കാരങ്ങള്‍ തുടങ്ങി..! ശൂ..ശൂ.. ഹെലൊ..ഹലോ.. "ഇവന്മാര്‍ ആരെയാടെ ഈ കൈയ്യും കാലും കാണിക്കണത്" സജിയണ്ണന്‍ എന്നെ നോക്കി ചോദിച്ചു.
"സുനിതയേയാ അണ്ണാ..!" പെട്ടെന്നു സജിയണ്ണന്‍ വണ്ടി ഓഫാക്കി..! "ഇനിയും കണ്ട്രോളു ചെയ്യാനുള്ള കപ്പാസിറ്റി എനിക്കില്ല" എന്നും പറഞ്ഞു വണ്ടിയില്‍ നിന്നും ഇറങ്ങി ഒരോട്ടം! രണ്ടിനേയും മുണ്ടക്കം പിടിച്ചു. മുണ്ടെനിക്കു പുല്ലാന്നും പറഞ്ഞു രണ്ടാമന്‍ പറന്നു! ഒന്നാമന്‍ മുണ്ടും കൊണ്ടെ പോകൂ എന്നു വാശിപിടിച്ചതു കാരണം സജിയണ്ണന്‍ വല്ലാണ്ടു വയലന്റായി. ഇരുട്ടു കാരണം വീഡിയോക്കു മങ്ങലുണ്ടായെങ്കിലും ഓഡിയോ നല്ല ക്ലീയര്‍ ആയിരുന്നു. ലൈവായി ഇങ്ങനെയൊന്നു കാണാന്‍ കഴിഞ്ഞ ആത്മനിര്‍വൃതിയില്‍ എല്ലാം മറന്നു ഞാന്‍ നില്‍ക്കുമ്പോള്‍ "എടാ പിടിച്ചു മാറ്റെടാ" മാമയുടെ ഉച്ചത്തിലുള്ള ശബ്ദം. മാമയും ഞാനും ഇടക്കു വീണിട്ടും അടി പൊട്ടിക്കൊണ്ടിരുന്നു. ഒരു വിധം രണ്ടിനേം രണ്ടാക്കി..!

"ഇവനെയൊന്നും ഇങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല! പോലീസില്‍ ഏല്‍പ്പിക്കണം" വല്ലാതെ കിതച്ചു കൊണ്ട് സജിയണ്ണന്‍ പറഞ്ഞു. "എടെ എന്തായാലും നമുക്കു വെട്ടത്തോട്ടു പോകാം" പരിഷ്കാരിയെ ഇനിയും കൈവെക്കുമോ എന്നു മാമക്കു പേടി . "ഇങ്ങോട്ടു വാടാ.. #$^%$#@$#%" മതിലില്‍ ചാരി വെച്ച പരിഷ്കാരിയെ ചുമന്നു കൊണ്ട് വീടിനടുത്തുള്ള ചായക്കടയില്‍ ചെന്നു. പെട്രോള്‍മാക്സിന്റെ വെട്ടത്തില്‍ സജിയണ്ണനെ കണ്ടതും പരിഷ്കാരി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.."മാമാ..സജിമാമാ……… മാമാ…ഇതു ഞാനാ.. സക്കീര്‍!" ഞാനും മാമയും പരസ്പരം മിഴിച്ചു നോക്കി..! സജിയണ്ണന്‍ പരിഷ്കാരിയെ നോക്കി..!സക്കീറിന്റെ രൂപം അവന്റെ മാതാശ്രീക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. എന്നിട്ടും സജിയണ്ണന്‍ തിരിച്ചറിഞ്ഞു! "മോനെ.. സക്കീറെ..നീയായിരുന്നോടാ……" പിന്നീടു അവിടെ നടന്നതു ഏതു കഠിന ഹൃദയന്റേയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.

പഴയകാല മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ ക്ലൈമാക്സു മുഴുവന്‍ അവിടെ അരങ്ങേറി. ആലിംഗന ബദ്ധരായുള്ള അവരുടെ കരച്ചിലില്‍ പ്രകൃതിപോലും കണ്ണീര്‍ പൊഴിച്ചു, മഴപെയ്യാന്‍ തുടങ്ങി, കരണ്ടു വന്നു. സജിയണ്ണന്റെ സിറ്റിയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിന്റെ മകനാണു ഈ പരിഷ്കാരി എന്നറിഞ്ഞപ്പോഴേക്കും ഞാന്‍ മാമയോടായി പറഞ്ഞു. "മാമാ നല്ല മഴ അപ്പൊ നമുക്കങ്ങോട്ട്…!" പോകുന്ന വഴി മാമ എന്നോടായി പറഞ്ഞു "സജിയുടെ ബന്ധുവായതു നന്നായി. ഇനി ശല്യം ഉണ്ടാവില്ല." "അതെ മാമാ അവര്‍ കുടുമ്പക്കാരായി എന്നാലും ഇല വന്നു മുള്ളീ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും ആര്‍ക്കാ മാമാ ഇപ്പൊ കേട്!?" "സക്കീറിന്.!"

Tuesday, October 16, 2007

നാശം നിങ്ങളെന്തിനാ ഇതഴിച്ചത്..!?

കുറെ നാളായുള്ള ആഗ്രഹമാണു കോട്ടും ടൈയും കെട്ടി ഒരു ഫോട്ടൊ എടുക്കണമെന്നുള്ളത്. അതിനുള്ള ശരീരപുഷ്ടി ഇല്ലാത്തതു കൊണ്ടു പലപ്പോഴായി മാറ്റിവെച്ചു. സൌദിയില്‍ പോയാല്‍ ആഗ്രഹം ബാക്കിയാകും, പറഞ്ഞു കേട്ടതു വെച്ചു അവിടെ ബ്ലാക്ക് & വൈറ്റാ..(കറുത്ത പര്‍ദയും വെളുത്ത തോപ്പും) കോട്ടു കാണാന്‍ സാധ്യത വളരെ കുറവു, ഒരാഗ്രഹവും ബാക്കിയാകാന്‍ പാടില്ല, നേരെ ഈസ്റ്റുഫോര്‍ട്ടിലേക്കു വിട്ടു. മുന്‍പ് ഒരു ദിവസം ജോലിക്കു പോയ ഡിജിറ്റല്‍ സ്റ്റുഡിയൊ കണ്ടപ്പോള്‍ സുഹൃത്തു പറഞ്ഞു, എടാ നല്ല കലക്കന്‍ ഫോട്ടൊയാ ഇവിടെ, നമുക്കു ഇവിടെ കയറാം. പോടാ.. പോടാ.. ഇവിടെ ഡിജിറ്റലാ ശെരിയാവില്ല (എന്നിട്ടു വേണം ആ പെങ്കൊച്ചിന്റെ മുമ്പീ ചെന്നു പെടാന്‍..). ഡിജിറ്റല്‍ വളരെ മോശമായ എന്തൊ സംഭവമാണെന്നു കരുതി അവന്‍ പിന്നെ മിണ്ടിയില്ല. ആറ്റുകാല്‍ ഷോപ്പിംഗ് കോം‌പ്ലക്സിലെത്തിയപ്പോള്‍ ഉള്ളിലൊരു എന്തൊരാല്‍റ്റി, അവിടെയാണു ആര്‍ച്ചിസ് ഐസ്ക്രീം പാര്‍ലര്‍ ആദ്യമായി ലവളുമായി ഒന്നിച്ചിരുന്നു ഐസ്ക്രീം കഴിച്ച ആ ബഞ്ചില്‍ ഒന്നൂടെ ഇരിക്കാനൊരു മോഹം, അവളില്ലെങ്കിലും പകരം ഫ്രണ്ടിനെ വെച്ചു അഡ്ജസ്റ്റു ചെയ്തു! ഐസ്ക്രീം വാങ്ങി അവന്റെ കണ്ണില്‍ നോക്കിയിരുന്നു, ഇനി എന്നാണിവിടെ!? ബഞ്ചിനോടും ആര്‍ച്ചിസിനോടും വിട പറഞ്ഞു പുറത്തിറങ്ങി.

അതിനടുത്തുണ്ടായിരുന്ന ഒരു സ്റ്റുഡിയൊയില്‍ കയറി. സോഡാകുപ്പി ഗ്ലാസ്സും വെളിച്ചെണ്ണയില്‍ മുക്കിയെടുത്ത തലയും ഗൌരവം ഫിറ്റു ചെയ്ത മുഖവുമായി ഒരു പരിഷ്കാരി ചേട്ടന്‍, കഴുത്തില്‍ കുറെ ഫിലിം റോള്‍(ഒക്കെ എക്സ്പെയര്‍ ആയിരിക്കും) ഒരു കൈയ്യില്‍ ക്യാമറ മറ്റെ കൈയ് കൊണ്ടു പ്രിന്ററിലെ C.M.Y.K യില്‍ കറക്കി കുത്തുന്നു, ആകെ മൊത്തം ഒരു ബിസി സെറ്റപ്പ്. ചേട്ടാ ഫോട്ടൊയെടുക്കണം, ഞങ്ങളെയൊന്നു നോക്കുകപോലും ചെയ്യാതെ ഉടന്‍ മറുപടി പി.പി യൊ ഫുള്ളൊ!? കെ.പിയെ നന്നായറിയാം (നല്ലവരാ..) ഫുള്ളു എന്നും കേള്‍ക്കുന്നതാ, എന്താടെ ഈ പി.പി.!? എടാ പാസ്പോര്‍ട്ടു സൈസല്ലെ എടുക്കേണ്ടതു, ഇവനിത്രയും അറിവാ..!? ഞാന്‍ കൂട്ടുകാരനെ അത്ഭുതത്തോടെ നോക്കി. അതെ ചേട്ടാ പി.പി തന്നെ, കോട്ടുണ്ടൊ ചേട്ടാ!? ഉണ്ടോന്നൊ!? അതെന്തു ചോദ്യമാടെ എന്ന ഭാവത്തില്‍ ഒരു നോട്ടം, എല്ലാം അകത്തുണ്ട് ചെന്നു റെഡിയാകൂ.. ഇപ്പൊ റെഡിയാക്കിത്തരാം ഞാനും അവനും കൂടി അകത്തേക്കോടി.

എന്തൊരു ഇരുട്ടാടെ ഇവിടെ ഇവിടുന്നെടുത്താല്‍ പടം തെളിയുമൊ!? പൈസ വെള്ളത്തിലായതു തന്നെ, അവന്റെ മാന്യമായ സംശയം എനിക്കും തോന്നാതിരുന്നില്ല. അവിടെയുണ്ടായിരുന്ന വലിയ ഫ്ലാഷ്‌ലൈറ്റില്‍ ഒന്നിന്റെ മണ്ട്ക്കു കുറച്ചു നേരം അവന്‍ പണിതു. ക്ടിഷ്യൂം..ഒരു മിന്നല്‍.. കോറസ്സായി ആ.. എന്നരൊച്ചയും.. കിട്ടേണ്ടതു കിട്ടിയപ്പോള്‍ അവനവിടെയുണ്ടായിരുന്ന കസേരയില്‍ മര്യാദക്കു ചെന്നിരുന്നു. ഞാനതു കണ്ടതായി ഭാവിച്ചില്ല സങ്കടം വന്നാലൊ!? മുടി ചീകാനായി ചീര്‍പ്പെടുത്തു, മുന്‍പു വന്ന ആരെയും ഒഴിവാക്കാതെ പല സൈസിലുള്ള ഒരു കളക്ഷന്‍ തന്നെ ഡൌന്‍ ലോഡു ചെയ്തു വെച്ചിട്ടുണ്ട്! ഇതിനെക്കാള്‍ നല്ലതു കൈ തന്നെ, പൌഡര്‍ ഉപയോഗിക്കാത്തതു കൊണ്ടു കുറച്ചു പൌഡറെടുത്തു തറയില്‍ തട്ടി, കുനിഞ്ഞിരിക്കുന്ന അവനോടു ചോദിച്ചു എടാ കോട്ടെവിടെ? ഹാംഗറില്‍ തൂങ്ങിയാടുന്ന കോട്ടു ചൂണ്ടി അവന്‍ വീണ്ടും കുനിഞ്ഞിരുന്നു, ഇവനെന്തു പറ്റി! ഷോക്കിനെക്കുറിച്ചു ചോദിക്കാത്തതു കൊണ്ടുള്ള പിണക്കമായിരിക്കും.

കോട്ടു കണ്ടപ്പോള്‍ സമാധാനമായി ചേട്ടന്‍ പുളുവടിച്ചതല്ല, പക്ഷെ ഇതെന്തു കോട്ടാണു!? സിനിമയിലും ടി.വിയിലുമൊന്നും ഇമ്മാതിരി മോഡല്‍ കണ്ടിട്ടില്ല! കൂടെ പടിച്ച സന്തോഷിന്റെ അപ്പാപ്പനെ പാക്ക് ചെയ്തപ്പം കോട്ടു നേരിട്ടു കണ്ടതാ അതും ഇതു പോലല്ല, ഇനി ഏതു മോഡലായാലും ഫോട്ടൊയും കൊണ്ടെ പുറത്തിറങ്ങൂ..കോട്ടിനകത്തു കേറി കണ്ണാടിയില്‍ നോക്കിയ ഞാന്‍ നാണം കൊണ്ടു വിരല്‍ കടിച്ചു പോയി. വീട്ടില്‍ മീന്‍ കൊണ്ടു വരുന്ന സാറാ ചേച്ചിയുടെ ചട്ടപോലുണ്ട്! ചേച്ചി മീന്‍‌കൊട്ട തലയില്‍ വെക്കുമ്പോള്‍ മിഡിലാ ഒബ്ലാംഗേറ്റ മൊത്തം ഔട്ടാ..! അതു പോലെ പാസ്പോര്‍ട്ടു കമ്പോസിങിന്റെ പരിധിക്കു പുറത്തു ഐറ്റംസ് നടിമാരുടെ തുണിമാതിരി മൊത്തം കീറികിടക്കുന്നു, വയറിന്റെ ഭാഗത്തായി വലിയൊരു ഹോള്‍..! ഇതേതൊ മിസ്സൈലു കൊണ്ടു മരിച്ച സായിപ്പിന്റേതാ..ഇതിന്റെ പേരും കോട്ടെന്നാണൊ!?

എടാ ആ ടൈ ഇങ്ങെടുത്തെ.. അവന്‍ സമാധിയായിരിക്കുന്ന കസേരയുടെ മുകളില്‍ തൂങ്ങിയാടുന്ന ഒരെ ഒരു ടൈ ചൂണ്ടി ഞാന്‍ പറഞ്ഞു, ഒരു അനക്കവുമില്ല..! എടാ.. ഞാന്‍ വീണ്ടും വിളിച്ചു, ഒരൊറ്റ വലി ടൈയ്യുടെ കെട്ടഴിഞ്ഞു അവന്റെ കയ്യില്‍, ഇതിനു ഇത്രയും നീളമുണ്ടോന്നും ചോദിച്ചു അവനതെന്റെ കൈയ്യില്‍ തന്നു. നാശം നീയെന്തിനാ ഇതഴിച്ചതു? നിനക്കിതു കെട്ടാന്‍ അറിയാമൊ? പിന്നെ ടൈ കെട്ടല്‍ എന്റെ പാര്‍ട്ട് ടൈം പണിയായിരുന്നില്ലെ.. നീയതു കഴുത്തിലോട്ടു ചുറ്റിക്കെ, അവനെന്നെ സഹായിക്കാന്‍ കൂടി. ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ അതിന്റെ മേല്‍ പണിതു, നോ രക്ഷ..! മുന്‍പു ഒരു പ്രാവശ്യമെങ്കിലും കെട്ടിയിരുന്നെങ്കില്‍ ആ രീതി ഫോളൊ ചെയ്യാമായിരുന്നു, അകലെയുള്ള സ്കൂളില്‍ പഠിച്ച ഞാന്‍ കണ്ടിട്ടില്ലാത്ത പ്രിയപെങ്ങള്‍ ലോറി തട്ടി മരിച്ചതു കാരണം ബാക്കിയുള്ള സന്താനങ്ങള്‍‍ക്കൊക്കെ അടുത്തുള്ള പള്ളിസ്കൂളില്‍ പഠിക്കാനായിരുന്നു ഭാഗ്യം സിദ്ധിച്ചത് (ഞാന്‍ സെന്റിയായി). ഷര്‍ട്ടിന്റെ കോളര്‍ ബട്ടന്‍ ഇട്ടിട്ടു നമുക്കു വീണ്ടും ട്രൈ ചെയ്യാം..! എന്റെ കഴുത്തിനു പിടിച്ചുള്ള ഈ കലാപരിപാടിയില്‍ അവന്‍ വല്ലാത്ത ആത്മസംതൃപ്തി അനുഭവിക്കുണ്ടായിരുന്നു.(ദുഷ്ടന്‍)

സര്‍വ്വശക്തിയുമെടുത്ത് കോളറിലെ ബട്ടന്‍സ് അവനിട്ടപ്പോഴേക്കും എന്റെ കണ്ണു പുറത്തേക്കു തള്ളി..എന്റെ ഭാഗ്യത്തിനു അപ്പോഴേക്കും സ്റ്റുഡിയൊ ചേട്ടന്‍ ക്യാമറയുമായി വന്നു. തോല്‍‌വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടു ടൈ ചേട്ടന്റെ കയ്യില്‍ കോടുത്തു. ഞങ്ങള്‍ കെട്ടിയ കെട്ടു കൈ കൊണ്ടഴിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ കടിച്ചഴിക്കാന്‍ തുടങ്ങി. നിങ്ങളെന്തിനാ ഇതഴിച്ചതു..? എന്നെ വിളിച്ചാല്‍ പോരായിരുന്നൊ..? ചേട്ടന്‍ സീരിയസ്സായി. നോക്കെടാ.. അകത്തു കയറി റെഡിയാകാന്‍ പറഞ്ഞിട്ടു പറയണ കണ്ടില്ലെ ഞാന്‍ ഇടക്കണ്ണിട്ടു അവനെ നോക്കി, അവന്‍ ഇടക്കണ്ണിട്ടു ഫ്ലാഷിനെ നോക്കി. ചേട്ടന്‍ ടൈ സ്വന്തമായി കഴുത്തില്‍ ചുറ്റി കുറച്ചു നേരം ആഡ് മള്‍ട്ടിപ്പിള്‍ സബ്സ്ട്രാക്റ്റ് ഇങ്ങനെ പല രീതികള്‍ പരീക്ഷിച്ചു, അപ്പോഴുള്ള ആ പരാക്രമം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. സംഭവം ചേട്ടനും അറിയില്ല.. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നാശം ശരിയാകുന്നില്ലല്ലൊ.. ഞാന്‍ ദാ വരുന്നു.. ചേട്ടന്‍ പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പുതിയൊരു ടൈയുമായി വന്നു. ഷര്‍ട്ടിന്റെ കോളര്‍ വെല്‍ഡ് ചെയ്തു വെച്ചിരിക്കുന്ന എന്റെ കഴുത്തില്‍ ടൈ ഫിക്സു ചെയ്തു. സാമാന്യം തുറിച്ച കണ്ണുകളുമായി ഞാന്‍ ഫോട്ടോക്കു പോസ് ചെയ്തു. രണ്ടു പ്രാവശ്യം ക്ലിക്കി. ചേട്ടാ ഒരു ഫുള്‍ ഫോട്ടൊ ഫ്രീയില്ലെ? (ആ രൂപത്തിലുള്ള ഒരു ഫുള്‍ ഫോട്ടൊ ഞാന്‍ വല്ലാതെ കൊതിച്ചു പോയിരുന്നു) പാസ്പോര്‍ട്ടിന്റേതു വലുതാക്കിതരാം. കോട്ടിനെക്കുറിച്ചു പുറം ലോകം അറിയുമെന്ന പേടിയായിരിക്കും. എപ്പോള്‍ കിട്ടും? പതിനഞ്ചു മിനുട്ട് കഴിഞ്ഞു വരൂ..

പുറത്തിറങ്ങി കുറച്ചു വായിനോക്കി. മനസ്സമാധാനം കിട്ടാത്തതുകൊണ്ടു പറഞ്ഞതിലും നേരത്തെ സ്റ്റുഡിയോയില്‍ ചെന്നു. ഇപ്പോള്‍ തരാം ചേട്ടന്‍ ഡീസന്റ് ആയി. കൂ.. ഡെവലപ് മെഷീന്‍ കൂവി..നെഗറ്റീവു പുറത്തേക്കു ചാടി. നെഗറ്റീവു നോക്കിയ ചേട്ടന്‍ നേരെ സ്റ്റുഡിയോക്കകത്തേക്കു പോയി. തിരിച്ചു വന്നു ചമ്മിയ ചിരിയോടെ മൊഴിഞ്ഞു സോറി ഒരു ഫ്ലാഷു വര്‍ക്കായില്ല ഒന്നു കൂടി എടുക്കാം. സമയമില്ലാത്ത നേരത്തു ഞാനെന്റെ സതീര്‍ത്ഥ്യനെ നോക്കി. അവന്‍ ഒന്നുമറിയാത്ത രീതിയില്‍ സുപര്‍ണ്ണയുടെ(നമ്മുടെ വൈശാലി) ഫോട്ടോയും നോക്കിയിരിക്കുന്നു. തമ്മില്‍ ലപ്പാണെന്നു തോന്നും അമ്മാതിരി കോന്‍സ്ട്രണ്ന്റേഷന്‍. വീണ്ടും ടൈ കെട്ടുന്ന കാര്യമോര്‍ത്തപ്പോള്‍.., വേണ്ട ചേട്ടാ ഇതു പ്രിന്റെടുത്തു തന്നാ മതി പെട്ടെന്നു പോണം ഞാന്‍ തിടുക്കം കൂട്ടി. കണ്ണു തുറിച്ചു ഡ്രോപ്ഷാഡോയും ഇന്നര്‍ഷാഡോയും 100% അപ്ലൈ ചെയ്തിരിക്കുന്ന ആ ഫോട്ടൊക്കു ചേട്ടന്‍ മുഴുവന്‍ കാശും വാങ്ങിയില്ല.

ആ വിലപ്പെട്ട ഫോട്ടൊ കളയാതെ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. ഒരു ടൈ കെട്ടലിന്റെ ഓര്‍മ്മക്കായി. പിന്നീടു ജീവിതമാകുന്ന നാടകവേദിയില്‍ നാലു വര്‍ഷത്തോളം ഒരു സ്റ്റുഡിയോയില്‍ ഡിജിറ്റല്‍ ഫോട്ടൊഗ്രാഫറായി അഭിനയിച്ചപ്പോള്‍ എത്രയോ പേര്‍ക്കു ടൈ കെട്ടിക്കൊടുത്തിരിക്കുന്നു. ജുബ്ബയുടെ മുകളില്‍ ടൈ കെട്ടിനിന്ന ബംഗ്ലാദേശിയും തോപ്പിനു മുകളില്‍ ടൈ കെട്ടിയ യെമനിയും ടൈ അഴിഞ്ഞു പോയതു കൊണ്ടു എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന പാക്കിസ്ഥാനിയും ഒരു പാടു ചിരിപ്പിച്ചെങ്കിലും അതിലേറെ ചിന്തിപ്പിച്ചു..!.സായിപ്പിന്റെ സംസ്കാരം ഒരു പാടു വെറുക്കുന്നവര്‍ പോലും ദേശഭാഷാ വിത്യാസമില്ലാതെ അവന്റെ ഈ വേഷം വല്ലാതെ ഇഷ്ടപ്പെടുന്നു. ഒരു ഫോട്ടൊക്കു വേണ്ടിയാണെങ്കില്‍ പോലും..

Wednesday, October 3, 2007

മെഡിക്കല്‍ എന്ന പീഡനം

വിസ വന്നതിനു ശേഷം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നോടുള്ള സമീപനങ്ങളില്‍ കാര്യമായ മാറ്റം വന്നു. ഒരു ചിന്ന VIP പരിവേശം! ദിവസങ്ങള്‍ എണ്ണപ്പെട്ട മാറാരോഗിയെ പരിചരിക്കുന്ന പോലെ വീട്ടുകാര്‍ ഒരു വശത്ത്! എത്ര ദിവസമുണ്ടു? എന്നാ പോകുന്നതു? ഗള്‍ഫുകാരന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യങ്ങളുമായി നാട്ടുകാര്‍ മറുവശത്തു! രണ്ടു കൂട്ടരും കൂടി എത്രയും പെട്ടെന്നു എന്റെ കട്ടയും പടവും മടക്കുമെന്നു ഞാന്‍ ഭയന്നു! വിസ ഇത്ര പെട്ടെന്നു വരേണ്ടിയിരുന്നില്ല! നാട്ടിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നു മനസ്സിലാക്കിയപ്പോഴേക്കും മോഡല്‍ പരീക്ഷ പോലെ മുന്നില്‍ "മെഡിക്കല്‍..."വന്നു നിന്നു!. ഒരു മെനകെട്ട ഏര്‍പ്പാടാണെ ഈ സംഭവം! മാനവും കാശും മാത്രം പോരാ രക്തം മലമൂത്രവിസര്‍ജ്ജ്യനാദികള്‍‌ ഇതൊക്കെ കാണിക്കയായിട്ടും കൊടുക്കണം! ഒരു ദിവസം മുഴുവന്‍ അതിനായി പോയിക്കിട്ടും! മെഡിക്കല്‍ ഫിറ്റായില്ലെങ്കില്‍ പിന്നീടുള്ള ജീവിതം മുഴുവന്‍ ഫിറ്റായി നടക്കേണ്ടിയും വരും. സുഹൃത്തിന്‍‌റെ മെഡിക്കലിനു കൂടെപ്പോയിട്ടുണ്ടു, അന്നവിടെ കണ്ട നീണ്ട ക്യൂവിന്റെ ഉള്‍ഭവസ്ഥാനം കുറച്ചൊന്നുമല്ല ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്!. (ഇത്രയും തിരക്കുള്ളിടത്തു ഒരു ടോയ്‌ലറ്റു മാത്രം! പ്രവാസിയെ എയര്‍ ഇന്ത്യ മാത്രമല്ല ബുദ്ധിമുട്ടിക്കുന്നതു കേട്ടൊ!) ഇങ്ങനെ ക്യൂ നിന്നു സാധിക്കേണ്ട കാര്യമാണൊ ഇതൊക്കെ! ഒരാള്‍ പുറത്തു നിന്നാലെ എനിക്കു സ്റ്റാര്‍ട്ടിങ് ട്രബിളാ… അപ്പോഴാ ട്രെയിനിന്റെ ബോഗി പോലെ പത്തമ്പതണ്ണം പിറകെ നില്‍ക്കുമ്പം! അന്നു തന്നെ തല പുകഞ്ഞാലോചിച്ചു അതിനുള്ള മാര്‍ഗം കണ്ടെത്തി.

മെഡിക്കല്‍ ദിവസം രാവിലെ വീട്ടില്‍ നിന്നു തന്നെ ഡിലീറ്റഡ് ഫയല്‍‌സ് പ്രത്യേകം ബോട്ടിലുകളിലാക്കി ആരും കാണാതെ പാന്റ്സിനുള്ളില്‍ തിരുകി, എന്നോടാ കളി! ഇനി പിതാശ്രീയോടു സ്കൂട്ടര്‍ ചോദിക്കണം, ഒരു യഥാര്‍ഥ കാമുകന്റെ ആത്മാര്‍ഥത തെളിയിക്കാനായി ആവശ്യത്തിനും അനാവശ്യത്തിനും സ്കൂട്ടര്‍ ദുരുപയോഗം ചെയ്തതു കാരണം മഞ്ഞ കണ്ടു നില്ക്കുന്ന സമയമായിരുന്നു. ശക്തമായ ഒരു അപ്പീലിനു ശ്രമിച്ചു ചുവപ്പു വാങ്ങിച്ചു പിടിക്കേണ്ടെന്നു കരുതി കുറച്ചു നാളായി ആ ഭാഗത്തു നോക്കാറേയില്ലായിരുന്നു. എന്നത്തെയുംപോലെയല്ലല്ലൊ ഇന്ന്… അതു കൊണ്ടു തന്നെ ധൈര്യമായി ചോദിക്കാം, ചോദിച്ചു! എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ടു സന്തോഷത്തോടെ 40-ല്‍ കൂടുതല്‍ സ്പീഡു പാടില്ല എന്ന സ്ഥിരം പല്ലവിയോടെ താക്കോല്‍ തന്നു. സംഭവം ഒന്നു സ്കാനിങിനിട്ടപ്പോഴാണു കാര്യത്തിന്റെ ഗുട്ടന്‍സു പിടി കിട്ടിയതു! എന്‌റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയല്ലെ, വീടിന്റെ പ്രമാണം ചോദിച്ചാലും ചിലപ്പൊള്‍ തരും. (അതി മോഹമാണു മോനെ...)

മക്കളെക്കാള്‍ പിതാശ്രീ അധികം സ്നേഹിച്ചിരുന്ന ആ സാധനത്തിനോടു ചിലപ്പോഴൊക്കെ എനിക്കു വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്. ഒരു ഇമ്പോര്‍ട്ടഡ് ചേതക്ക്, സ്വന്തം ശരീരത്തിനു ചേരാത്ത കുറച്ചു എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ സംഭവം ഒടുക്കത്തെ ഗ്ലാമറാ….മുന്‍പുണ്ടായിരുന്ന ലോറിയുടെ പാവനസ്മരണക്കായി അതിന്റെ വലിയ രണ്ടു ഹോണെടുത്തു ഇവന്റെ മുമ്പില്‍ ഫിറ്റു ചെയ്തിട്ടുണ്ട്, കൂടാതെ ചുറ്റിനും കുറെ കമ്പി വേലിയും, അത്യാവശ്യത്തിനു ഉപകരിക്കാന്‍ അവനെ ഉള്ളെങ്കിലും ഈ എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ക്കെതിരെ എന്നിലെ ചെത്തുപയ്യന്‍ പലപ്പോഴും നിശ്ശബ്ദമായി പ്രസ്താവനകള്‍ ഇറക്കിയിരുന്നു. വലതു കൈ ആക്സിലേറ്ററില്‍ കൊടുത്തു ഇടതു കൈ സീറ്റില്‍ പിടിച്ചു ചരിച്ചു കിടത്തി വീണ്ടും നിവര്‍ത്തി വലതു കാല് തറയിലൂന്നി ഇടതുകാലുയര്‍ത്തി കിക്കറില്‍ അമര്‍ത്തിച്ചവുട്ടി കളരി പഠിക്കുകയാണെന്നു കരുതിയൊ!? ഞാനാ ടൈപ്പല്ല! ഇങ്ങനെയുള്ള അഭ്യാസമുറകള്‍ പ്രയോഗിച്ചാലേ പിതാശ്രീയുടെ ബെസ്റ്റു ഫ്രണ്ടു സ്റ്റാര്‍ട്ടാകൂ…

പ്ലസ്ടു അധ്യാപകനായ സുഹൃത്തിനേയും കൂട്ടി നേരെ മെഡിക്കല്‍ സെന്ററിലേക്കു വിട്ടു. അഭയാര്‍ഥികളെപ്പോലെ കാലത്തെതന്നെ ആളുകള്‍ വന്നു കാത്തുനില്‍പ്പുണ്ടു. അകലങ്ങളില്‍ നിന്നു വരുന്നവരുടെ ചോരയും വിസര്‍ജ്യവസ്തുക്കളും മാത്രമല്ല പോക്കറ്റും കൂടി ടെസ്റ്റു ചെയ്തിട്ടേ ഈ മെഡിക്കല്‍ സെന്ററുകാര്‍ വിടാറുണ്ടായിരുന്നുള്ളു!. എല്ലാവരുടെ കൈയ്യിലും പാര്‍സലുകള്‍ ഉണ്ടായിരുന്നു! എന്റെ ഐഡിയ ലീക്കായൊ!? അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒരു സംശയം തോന്നി. പരിസരം ആയതുകൊണ്ടും അറിയാവുന്ന ഒരു ചേട്ടന്‍ ഉണ്ടായിരുന്നതു കൊണ്ടും എന്റെ എഴുത്തുകുത്തൊക്കെ പെട്ടെന്നു കഴിഞ്ഞു. പോലീസ് സ്റ്റേഷനില് SI യുടെ മുന്നിലേക്കു ആനയിക്കുന്നതു പോലെ ഷര്‍ട്ടൊക്കെ അഴിപ്പിച്ചു ഒരു റൂമിലേക്കു കയറ്റി വിട്ടു. അവിടെയിരുന്ന ഡോക്ടര്‍ സാറിനെ കണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി. ഒരു ദിവസം എത്രയെന്നു വെച്ചാ!... പാവം കണ്ണടിച്ചു പൊയിട്ടുണ്ടാകും ഒന്നു രണ്ടു പ്രാവശ്യം ചുമക്കാന്‍ പറഞ്ഞിട്ടു എന്നോടു പൊക്കൊള്ളാന്‍ പറഞ്ഞു. കൂടുതല്‍ വിവരിച്ചാല്‍ എനിക്കു നാണം വരും. അതു കൊണ്ടു ഇത്രേം മതി!.

അടുത്തതു ചെറിയ രണ്ടു കുപ്പികളും തന്നു നേരെ നമ്മുടെ പഴയ ക്യൂവില്‍ കൊണ്ടു നിര്‍ത്തി. ഒരു മാറ്റവുമില്ല പഴയ നീളം പുതിയ ആളുകള്‍. പോക്കറ്റില്‍ തപ്പി സാധനം ഉണ്ടെന്നു ഉറപ്പുവരുത്തി. പ്രതീക്ഷിച്ച പോലെയല്ല നല്ല സ്പീഡുണ്ട്! അതു കൊണ്ടുതന്നെ പലരുടെയും പോക്കറ്റുകളില്‍ ഞാന്‍ സംശയത്തോടെ നോക്കി! എന്റെ ഊഴം വന്നു, അകത്തു കയറി സാധനം റീഫില്‍ ചെയ്തു അതേ സ്പീഡില്‍ തിരിച്ചിറങ്ങി. വേണ്ടവര്‍ക്കു അതു കൊണ്ടു കൊടുത്തു സമധാനമാകട്ടെ! X-Ray എടുക്കാനായി അടുത്ത റൂമിലേക്കു കയറിയപ്പോള്‍ അവിടെയും ഷര്‍ട്ട് അഴിക്കണം. X Ray എടുക്കാതെ തന്നെ എന്റെ നെഗറ്റീവ് ബോഡി പോസിറ്റീവു വ്യൂവില്‍ കണ്ടതും അവിടെ നിന്ന സിസ്റ്റര്‍മാര്‍ പരസ്പരം നോക്കി ചിരിക്കാന്‍ തുടങ്ങി, അജിതയും വനിതാ കമ്മീഷനും ഈ പീഡനം കാണുന്നില്ലല്ലോ! വലിയ ഒരു യന്ത്രത്തിന്റെ ഇടക്കു കയറ്റിനിര്‍ത്തി! ഉടനെ തന്നെ പൊയ്ക്കൊള്ളാന്‍ പറഞ്ഞു അധികം നിന്നു ആ യന്ത്രത്തിന്റെ വെട്ടമെങ്ങാനും തട്ടി വടിയായാലോന്നു പേടിച്ചിട്ടായിരിക്കും! എന്തായാലും അതുങ്ങളുടെ മുന്നീന്നു രക്ഷപ്പെട്ടു!

മെഡിക്കല്‍ സെന്ററില്‍ ചെന്ന നേരം മുതല്‍ ഞാനാ സിസ്റ്ററിനെ ശ്രദ്ധിക്കുകയായിരുന്നു, ക്ലോസപ്പ് പരസ്യത്തിലെ പെണ്ണിനെ തോല്പ്പിക്കണ ചിരി. ആ സിസ്റ്ററിന്റെ വിളിയും കാത്തു അവിടുത്തെ ബഞ്ചില്‍ ഞങ്ങളിരുന്നു. എടാ ഇഞചക്ഷന്‍ വാങ്ങണമെങ്കില്‍ ഇതു പോലുള്ള സിസ്റ്ററുമാരുടെ കൈയ്യില്‍ നിന്നും വാങ്ങണം. ഞാന്‍ കൂട്ടുകാരനോടു പറഞ്ഞു. അപ്പോഴേക്കും ചിരിച്ചു കൊണ്ടു ആ സിസ്റ്റര്‍ അടുത്തേക്കു വിളിച്ചു. മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. നീട്ടിയ കൈയില്‍ ഒരു വലിയ റബ്ബര്‍ബാന്‍ഡിട്ടു വരിഞ്ഞു മുറുക്കി. അറിഞ്ഞു പോലുമില്ല. അത്ര നല്ല ചിരി! ഒളിച്ചു കളിച്ചിരുന്ന ഞരമ്പു പുറത്തേക്കു ചാടിച്ചു സിറിഞ്ചില്‍ കൂടി രക്തം വലിച്ചെടുക്കുന്ന സ്പീഡു കണ്ടപ്പോഴാണു ഇങ്ങനെ ചിരിക്കുന്നതിന്റെ കാര്യം പിടികിട്ടിയതു! പനയില്‍ നിന്നും ഇറങ്ങി വന്നിരിക്കയാ രക്തയക്ഷി! ഇങ്ങനെ അഞ്ചു പേരുടെ ഊറ്റിയെടുത്താല്‍ ഒരു ഫുള്‍ കുപ്പി കിട്ടും! രക്തബാങ്കില്‍ കൊണ്ടു വില്‍ക്കാനാ… വൈകുന്നേരം റിസള്‍ട്ടു തരാമെന്നുപറഞ്ഞു വീണ്ടും ചിരിച്ചു. എനിക്കപ്പോള്‍ ചിരിയൊന്നും വന്നില്ല. അല്ലെങ്കിലും രക്തത്തില്‍ തൊട്ടുള്ള കളി പണ്ടേ എനിക്കിഷ്ടമില്ല!

ഇനി വൈകുന്നേരം വരെ കാക്കണം, ജനിച്ചതിനു ശേഷം ആദ്യമായാ ഇങ്ങനെയൊരു ഫുള്‍ടെസ്റ്റ്! ആകെ ടെന്‍ഷന്‍. ഫിറ്റാകുമൊ!???

Friday, September 21, 2007

എന്റെ സ്വന്തം ഫ്രീവിസ

എങ്ങനെയെങ്കിലും ഗള്‍ഫിലേക്കു പറക്കണമെന്നു മനസ്സില്‍‌ പ്രതിഞ്ജയെടുത്തു നടക്കുന്ന കാലം, വിസ ഉടനെ ശെരിയാകുമെന്നു വിളിക്കുമ്പോഴെല്ലാം ചേട്ടന്‍ പറയുന്നുണ്ട്! ക്ഷമ കെട്ടു അതിന്റെ പേരില്‍ വീട്ടില്‍ ബന്ദും ഹര്‍ത്താലുമൊക്കെ നടത്തി, അനാവശ്യമായ കേന്ദ്ര (ഫാദര്‍ജി) ഇടപെടല്‍ മൂലം പലതും വിജയിച്ചില്ല !ശക്തമായ ഒരു ലാത്തിച്ചാര്‍ജു നേരിടാനുള്ള ശക്തി എന്റെ സിംഗിള്‍ പാര്‍ട്ടിക്കു ഇല്ലായിരുന്നു എന്നതാണു സത്യം! അതു കൊണ്ടു തന്നെ SFI പിള്ളേര്‍ അടിവാങ്ങിച്ചു കൂട്ടുന്നതു ടി.വി യിലൂടെ കാണുമ്പോള്‍ അവര്‍ക്കു ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുമായിരുന്നു. പിന്നീടു ഗാന്ധിയന്‍ മാര്‍ഗ്ഗം ഒന്നു പരീക്ഷിച്ചു നോക്കി, നിസ്സഹകരണം, ഉപവാസം അതായപ്പോള്‍ ആക്രമണം കുറഞ്ഞു ഒന്നുമല്ലെങ്കിലും നല്ലൊരു കാര്യത്തിനു വേണ്ടിയല്ലെ! സ്ത്രീ ജനങ്ങളുടെ ഭാഗത്തു നിന്നു കുറച്ചു സഹതാപതരംഗവും ഉണ്ടായി, അതിന്റെ ഉപകാരസ്മരണക്കായി ഏഷ്യാനെറ്റിലെ സ്ത്രീ സീരിയല്‍ കണ്ടു ഞാനും അവരോടൊപ്പം കരഞ്ഞു .എന്നിട്ടും വിസയുടെ കാര്യത്തില്‍ ഒരും തീരുമാനവും ഉണ്ടായില്ല.


ഇനി ചേട്ടന്‍ പറഞ്ഞു പറ്റിക്കുകയാണൊ!? ഏയ്, സ്വന്തം ചോരയല്ലെ അങ്ങനെ ചെയ്യുമൊ!? സ്വയം സമധാനിച്ചു. ആയിടക്കു ചേട്ടന്‍ വിളിച്ചപ്പോള്‍ ഒരു കാര്യം ചോദിച്ചു, എടാ നിനക്കു വിസ വേണൊ അതിന്റെ കാശു അയച്ചു തന്നാല്‍ മതിയൊ!? എനിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു, ങ്ഹും! എന്റെ പരിപാവനമായ ഗള്‍ഫു മോഹം മുളയിലെ നുള്ളാനുള്ള പരിപാടിയാണു, ഇങ്ങനെയുള്ള പ്രലോഭനങ്ങള്‍ക്കു മുന്നിലൊന്നും ഞാന്‍ വഴങ്ങില്ല, സുഹൃത്തുക്കളായ ഗള്‍ഫുകാരുടെ ഫലഭൂയിഷ്ടമായ ശരീരവും അവധിക്കു വരുമ്പോഴുള്ള അവരുടെ ആഢം‌ബര ജീവിതവുമൊക്കെ തലയില്‍ കയറി ഫുട്ബോള്‍‍ കളിക്കാന്‍ തുടങ്ങിയിട്ടു കുറെ നാളായി. മാത്രമല്ല എന്റെ കാമുകിയെക്കാളും ഞാന്‍ ഗള്‍ഫിനെ സ്നേഹിച്ചുപോയിരുന്നു! ആയിടക്കുള്ള എന്റെ സ്വപ്നങ്ങളുടെ റീല്‍ പരിശോധിച്ചാല്‍ അതു നിറച്ചും ടി.വി യിലും സിനിമയിലുമൊക്കെ ഞാന്‍ കണ്ടിരുന്ന സുന്ദരമായ ഗള്‍ഫു മാത്രമായിരുന്നു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാനുമെന്റെ വിസക്കായി കാത്തിരുന്നു.


കേരളത്തിലെ കുടും‌ബങ്ങളിലെ മുഴുവന്‍ അസന്തുലിതാവസ്ഥക്കും (എനിക്കതിന്റെ അര്‍ത്ഥം ഇതുവരെ പിടികിട്ടിയിട്ടില്ല കേട്ടൊ!) കാരണം പരാഗണ ജീവികളായ പാവം പ്രവാസികളാണെന്നാ‍യിരുന്നു എന്റെ പ്രണയിനിയുടെ കണ്ടെത്തല്‍! അവളെന്റെ ഗള്‍ഫു സ്വപ്നത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു, തന്റെ വരും കാല കണവന്‍ ഒരു സാധാഗള്‍ഫുകാരനായിക്കാണാന്‍ അവള്‍ക്കു കഴിയില്ലായിരുന്നു. ഗവന്മെന്റു ജോലിക്കു ശ്രമിക്കാനായി പ്രീ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ ഒന്നു രണ്ടു വിഷയങ്ങളുടെ സ്ഥാനത്തു വട്ട പൂജ്യമാണെന്ന എന്റെ വിശദീകരണമൊന്നും അവള്‍ ചെവികൊണ്ടില്ല, ഗള്‍ഫു മോഹവും അവളെയും ഒരു തുലാസില്‍ തൂക്കിയപ്പോള്‍ മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ ഡയലോഗു ഞാനും ഉരുവിട്ടു. എങ്കില്‍ നമുക്കു പിരിയാം എന്ന തീരുമാനിച്ചുറപ്പിച്ച അവളുടെ വാക്കില്‍ ഞാനൊന്നു വിറച്ചു! ആ വിറയലില്‍ വര്‍ഷങ്ങള്‍ കൊണ്ടു ഞങ്ങള്‍ പടുത്തുയര്‍ത്തിയ പ്രണയസൌധങ്ങള്‍ തകര്‍ന്നു വീണു! അവിചാരിതമായി അതിനിടയില്‍ പെട്ടുപോയ ഞാന്‍ ആത്മരക്ഷാര്‍ത്ഥം അവളെ നോക്കി കൈ വീശി, അതില്‍ നിന്നും ആത്മാര്‍ത്ഥത എന്ന വലിയൊരു കല്ലെടുത്തു എന്റെ തലയിലേക്കിട്ടു എന്റെ പ്രാണപ്രേയസി നടന്നകന്നു. വര്‍ഷങ്ങള്‍ നീണ്ട പരിശുദ്ധപ്രണയം ( ഇക്കാലത്തു ഈ പദം നിലവിലുണ്ടൊ എന്നറിയില്ല ! മലയാള നിഘണ്ടു നോക്കണം ) ഗള്‍ഫു മോഹങ്ങളില്‍ ഒലിച്ചുപോയി.


അവളകന്നപ്പോഴാണു ഞാനവളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നെനിക്കു മനസ്സിലായതു! ഉറക്കമില്ലാത്ത രാത്രികള്‍ തികച്ചും ഭ്രാന്തു പിടിച്ചതു പോലെ, ഒരൊളിച്ചോട്ടം എനിക്കനിവാര്യമായി തോന്നി. പ്രണയ നൈരാശ്യവും വിസ നൈരാശ്യവും ഒരു പോലെ മനസ്സിനെ മദിച്ചു കൊണ്ടിരുന്നു, പതിയെ പതിയെ ഒരു ആധുനിക ദേവദാസ് എന്നില്‍ രൂപം കൊണ്ടു ! ഇനിയും വൈകിയാല്‍ ചിലപ്പോള്‍ ഈയുള്ളവന്‍ കുപ്പിയേയും കൂട്ടിനൊരു പട്ടിയേയും കൂട്ടു പിടിച്ചാലൊ എന്നു വീട്ടുകാര്‍ ഭയന്നു! അവസാനം കേന്ദ്രം ശക്തമായി പ്രശ്നത്തിലിടപെടുകയും വളരെപ്പെട്ടെന്നു തന്നെ എന്റെ വിസ നാട്ടിലെത്തുകയും ചെയ്തു ( അതിനു പാവം ചേട്ടന്‍ എത്ര മാത്രം കഷ്ടപ്പെട്ടുകാണുമെന്നു വഴിയെ മനസ്സിലാക്കി, അനുഭവമേ ഗുരു! ) താടിവടിച്ചു ദേവദാസിന്റെ മുഷിഞ്ഞ കുപ്പായം ഊരിയെറിഞ്ഞു, താടി ഇനിയും വരും ദേവദാസിന്റെ റോള്‍ പിന്നെയുമെടുക്കാം അങ്ങനെ ഞാനുമൊരു പ്രവാസിയാകാന്‍ പോകുന്നു.


ഫ്രീ വിസ! അതു കൊണ്ടു പേടിക്കാനില്ല! അവിടെ ചെന്നു ഏതു ജോലിയും തിരഞ്ഞെടുക്കാം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വാക്പയറ്റുകളില്‍ ഞാന്‍ സ്വയം മറന്നു, ഗള്‍ഫു മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കു വെച്ചിരിക്കുന്ന ജോലി സാധ്യതകളെക്കുറിച്ചോര്‍ത്തു പുളകം കൊണ്ടു, പ്രീ ഡിഗ്രിയും അല്പസ്വല്പം കമ്പ്യൂട്ടര്‍ പരിഞ്ജാനവുമുണ്ടെങ്കില്‍ അനന്ത സാധ്യതകളാണവിടെ ഗള്‍ഫു സുഹൃത്തുക്കളും അഭിപ്രായങ്ങളുമായി മുന്നിട്ടു നിന്നു. വിസയെക്കുറിച്ചുള്ള മെസ്സേജുകള്‍ കൊണ്ടു എന്റെ ഇന്‍ബോക്സു നിറഞ്ഞു സന്തോഷം കൊണ്ടു ചിലയവസരങ്ങളില്‍ ഞാന്‍ ഹാങ് ആയി, രണ്ടു പടങ്ങള്‍ വെട്ടി മൂന്നാമതൊരു ബാക്ക് ‍ഗ്രൌണ്ടില്‍ ഒട്ടിക്കുന്ന വിദ്യ കമ്പ്യൂട്ടറില്‍ കൂടി എനിക്കറിയാമായിരുന്നു ( ഫോട്ടൊഷോപ്പിന്റെ നാലു ടൂളുകള്‍ അത്രമാത്രം ) ആ കാരണം കൊണ്ടു എന്റെ സുഹൃത്തുക്കളുടെ ഇടയിലെ വലിയൊരു ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു ഞാന്‍ .ഈ കഴിവും കൊണ്ടു ഒരിക്കല്‍ പ്രശസ്തനായ ഒരു സംവിധായകന്റെ ഫോട്ടൊഗ്രാഫിക് സ്റ്റുഡിയോയില്‍ ജോലിക്കു പോയി, ഇവിടെ ഡിജിറ്റല്‍ വര്‍‌ക്കാ ഞങ്ങള്‍ ചെയ്യുന്നതെന്ന റിസപ്ഷനിസ്റ്റായ തരുണീമണിയുടെ വാക്കു കേട്ടു ഡിജിറ്റല്‍ വര്‍ക്കിന്റെ അര്‍ത്ഥം എന്താന്നു അറിയാത്ത എനിക്കു തലകറക്കം വന്നു, ഞാന്‍ നാളെമുതല്‍ വരാമെന്നു പറഞ്ഞു ആദ്യ ദിവസം തന്നെ മുങ്ങി.


അങ്ങനെ വളരെ വലിയ ഒരു എക്സ്പിരിയന്‍സു ഉള്ളതും എന്റെ ആത്മ വിശ്വാസം വര്‍‌ദ്ധിപ്പിച്ചു. വിസയുടെ കൂടെയുള്ള കഫീലിന്റെ( സ്പോന്‍സര്‍ ) പത്താക്ക ( തിരിച്ചറിയല്‍ കാര്‍ഡ് ) യുടെ ഫോട്ടൊകോപ്പിയിലെ ആളുടെ ഫോട്ടൊ കുറച്ചു ഭയപ്പെടുത്തിയെങ്കിലും ഞാന്‍ ഫ്രീ വിസക്കാരനല്ലെ എന്നോര്‍ത്തു സമധാനിച്ചു. അങ്ങനെ എന്റെ സ്വപ്നവും സത്യമാകുന്നു, ഞാനുമൊരു ഗള്‍ഫുകാരനാകാന്‍ പോകുന്നു.