കുറച്ചു നാള്‍ മുമ്പ് ചാറ്റുന്നതിനിടയില്‍ നെറ്റിലെ കൂട്ടുകാരി ഒരു വിശേഷം പറഞ്ഞു. പ്രണയവും പറഞ്ഞു പിന്നാലെ നടക്കുന്ന സുന്ദരനായ ഇംഗ്ലീഷ് സാറിനെ ഒഴിവാക്കാന്‍ അവള്‍ തീരുമാനിച്ചത്രേ. എന്താ കാരണം? അയാളുടെ പുകവലി! (കൊള്ളാം..!) അതറിഞ്ഞപ്പോള്‍ പുകതുപ്പിക്കൊണ്ട് മനസ്സിലേക്ക് ഓടിപ്പാഞ്ഞു വന്ന കുറച്ചോര്‍മ്മകള്‍...
പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വീടിനടുത്തുള്ള ഗുണ്ടുമണിയുമായി ചെറിയൊരു പ്രണയം. അവള്‍ ഏഴില്‍ പഠിക്കുന്നു. വീടിനോടു ചേര്‍ന്നു ഒരു പലചരക്കുകടയുണ്ട്. എന്റെ മാമയാണു നടത്തിപ്പുകാരന്‍. മാമയും ഞാനും നല്ല ദോസ്തുക്കള്‍ ആയിരുന്നു. ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളില്‍ മാമയെ സഹായിക്കാന്‍ ഞാനും കൂടും. ഗുണ്ടിന്റെ വാപ്പ നല്ലൊരു വലിക്കാരനായിരുന്നതിനാല്‍ സ്ഥിരമായി സിഗററ്റു വാങ്ങാനായി അവള്‍ കടയില്‍ വരും. മാമയറിയാതെ ഒരു വില്‍സു ഞാന്‍ അടിച്ചു മാറ്റി അതിനുള്ളിലെ പുകയിലയൊക്കെ കളഞ്ഞു അവള്‍ക്കുള്ള കത്ത് ഭദ്രമായി ചുരുട്ടി അതില്‍ വെക്കും. കത്തിക്കുന്ന ഭാഗത്തു കുറച്ചു പുകയിലയും ഒട്ടിച്ചു വെച്ചാല്‍ ഒറിജിനല്‍ വില്‍സു സല്യൂട്ട് ചെയ്തു മാറി നില്‍ക്കും. വാപ്പക്കു വലിച്ചു ചാകാനുള്ള വില്‍സിന്റെ കൂടെ എന്റെ പ്രണയവില്‍സും ഞാനവള്‍ക്കു കൈമാറും.
ഒരു ദിവസം ഗുണ്ട് വില്‍സും കൊണ്ടു പോയതിനു പിന്നാലെ അവളുടെ വാപ്പ കടയില്‍ വന്നു. മാമയോടായി
“എന്താ റഹീമെ ഇപ്പൊ സിഗററ്റിലും മായമായൊ..!? ഇതു നോക്കിക്കെ മുഴുവന്‍ പേപ്പര്‍ ചുരുട്ടി വെച്ചിരിക്കുന്നു.”
“എല്ലാത്തിലും മായമല്ലെ കാക്കാ.. നോക്കട്ടെ..!“
മാമ അതു വാങ്ങി വേറൊന്നു കൊടുത്തു. അതും വാങ്ങി ഗുണ്ടിന്റെ വാപ്പ പോയെങ്കിലും മാമ ഷെര്‍ലക്ഹോംസിന്റെ പരമ്പരയില്‍ പെട്ടയാളായതുകൊണ്ട് പേപ്പര്‍ ചുരുള്‍ നിവര്‍ത്തി പരിശോധന തുടങ്ങി. ഗുണ്ടിന്റെ വാപ്പയുടെ വരവില്‍ തന്നെ ഞാനിരുന്ന അരിച്ചാക്കു നനഞ്ഞിരുന്നു. രാജസദസ്സില്‍ വിളംബരം വായിക്കുന്നപൊലെ മാമ നീട്ടിപ്പിടിച്ചു വായന തുടങ്ങി. “നീയില്ലാത്ത നിമിഷങ്ങള്‍ എന്തു വിരസമാണു.. ഒരു ചിതയൊരുക്കി അതില്‍ ചാടിയാലൊ എന്നു പോലും ഞാന്‍ ചിന്തിക്കുന്നു..! പറവകളെപ്പോലെ നമുക്കും ചിറകുകളുണ്ടായിരുന്നെങ്കില്‍ ആരും ശല്യം ചെയ്യാനില്ലാത്ത സ്വപ്നലോകത്തേക്കു പറക്കാമായിരുന്നു” മുഴുവനും വായിച്ചു മാമ എന്നെ സൂക്ഷിച്ചൊന്നു നോക്കി.
“പത്താം കളാസ്സുകാരനായ മരുമകന്‍ കാമുകാ നിന്റെ റേഞ്ച് തലയില്‍ ആപ്പിളുവീണ അങ്ങേരെക്കാളും മുകളിലാണല്ലോടാ..! ഇങ്ങനെ പോയാല്‍ നിനക്കു ചിറകു മുളക്കും..!“
മാമ ആ വിഷയത്തിനു വലിയ പബ്ലിസിറ്റി കൊടുത്തില്ല.
ഗുണ്ടിനെ കുറ്റം പറയാന്‍ പറ്റില്ല, ഒറിജിനലും ഡ്യൂപ്പും തമ്മില്‍ എനിക്കു തന്നെ കന്‍ഫ്യൂഷന്‍ ഉണ്ടായിട്ടുണ്ട്. അതോടെ വിത്സ് പരിപാടി നിര്‍ത്തി. ഗുണ്ടും കുടുമ്പവും അവിടുന്നു മാറിപോയതോടെ ഞങ്ങളുടെ പ്രണയവും സിഗററ്റു പോലെ പുകഞ്ഞു തീര്‍ന്നു.
ഇനിയൊരു പ്രി ഡിഗ്രി പ്രണയം..
പെങ്കുട്ടികള്‍ ചുണ്ടിലും നഖത്തിലും ചായം പുരട്ടുന്നതു എനിക്കു തീരെ ഇഷ്ടമില്ല അന്നും ഇന്നും..! (ലിപ്സ്റ്റിക്കിന്റെയും നെയില്‍ പോളിഷിന്റെയും ഹോള്‍സെയില്‍ പാര്‍ട്ടികള്‍ വാളെടുക്കരുത്..! തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം..) അതു കൊണ്ടുതന്നെ അവളുടെ വിരലുകളിലെ ചുവന്ന ചായം കാണുമ്പോല്‍ എനിക്കു വല്ലാത്ത ദേഷ്യം തോന്നും അന്നും ഞാനവളോടു അതിനെക്കുറിച്ചു പറഞ്ഞു.
“വന്യ ജീവികള്‍ ഇരപിടിച്ചിട്ടു നില്‍ക്കുമ്പോലെ, നിനക്കിതു ഒഴിവാക്കിയാലെന്താ..?“
“എനിക്കിതു ഇഷ്ടമാ..!“
“എടൊ അങ്ങനല്ല നഖത്തിന്റെ യതാര്‍ത്ഥ നിറം അതിനെക്കാള്‍ മനോഹരമായൊരു നിറമുണ്ടൊ.. അതിന്റെ മുകളില്‍ വെറുതെ ഈ ചായങ്ങള്‍ പൂശി നശിപ്പിക്കല്ലെ..“
“എന്നാലും എനിക്കിതു ഇഷ്ടമാ..“
ഇവളോടു മര്യാദക്കു പറഞ്ഞാല്‍ ശെരിയാവില്ല, ഞാന്‍ ബൈക്ക് നിര്‍ത്തി ഒരു പാക്കറ്റ് വില്‍സു വാങ്ങി..! ഒരെണ്ണം കത്തിച്ചു. വലിച്ചുകേറ്റാനൊരു ശ്രമം നടത്തി. ഹൊ..! കാണുമ്പോലെ വലിയ സുഖമല്ലല്ലൊ ഇതിന്.. ആപാദചൂഢം എരിയുന്നു. വലിച്ചു കേറ്റല്‍ വേണ്ട.. ചുണ്ടിലിരുന്നു പുകഞ്ഞോട്ടെ. കത്തിച്ചുപിടിച്ച വില്‍സുമായി വണ്ടി മുന്നോട്ട്. പിറകിലിരിക്കുന്ന നായികയുടെ മോന്തായം ബലൂണ്‍ പോലെ വീര്‍ത്തും വന്നു.
കുറച്ചു നേരത്തെ മൌനത്തിനു ശേഷം ചെല്ലക്കിളി ചോദിച്ചു,
“നീയെന്തിനാ സിഗററ്റു വലിക്കുന്നത്..!?“
“എന്റെ ഇഷ്ടം..!“
“ഇതെന്താ പുതിയ ഒരിഷ്ടം..!?“
“അയ്യൊ പുതിയതല്ല..! ഞാന്‍ പണ്ടെ വലിയൊരു വലിക്കാരനാ.. ദിവസം മൂന്നു പാക്കറ്റു വലിക്കും നിനക്കു ഇഷ്ടമില്ലെന്നു കരുതി വലിക്കാത്തതല്ലെ. ഇനി മുതല്‍ ഇങ്ങനെയാ വ്യക്തിപരമായ വിഷയങ്ങളില്‍ പരസ്പരം അഭിപ്രായം വേണ്ട.. എനിക്കു സിഗററ്റു ജീവനാ..!“
ഗ്ലാസ്സു വഴി ഞാന്‍ നോക്കി അവളുടെ കൈയ്യില്‍ ഒരു ബ്ലെയിഡ്..! ഇവളെന്തിനുള്ള പുറപ്പാടാ..!? പടച്ചോനെ.. എന്റെ കഴുത്തും അവളുടെ കൈയ്യും തമ്മില്‍ വലിയ അകലമൊന്നുമില്ല. എന്തെങ്കിലും അവിവേകം..ഏയ്..! ചിലപ്പോള്‍ ആത്മഹത്യ ചെയ്യാനാണെങ്കിലൊ.!? പെട്ടെന്നു ഞാന്‍ വണ്ടി നിര്‍ത്തി. നായിക നഖത്തിലെ ചായം ബ്ലെയിഡു കൊണ്ട് ചുരണ്ടുന്നു. ഈ സിഗററ്റ് കൊള്ളാമല്ലൊ..!
“ഡേയ്.. എന്തായിതു എനിക്കു വേണ്ടി ത്യാഗമൊന്നും ചെയ്യേണ്ട.“
“അല്ലെടാ നീ സിഗററ്റു വലിക്കരുത് എനിക്കിതു തീരെ ഇഷ്ടമില്ല. നീ വലിക്കില്ലെന്നറിഞ്ഞപ്പോള്‍ മനസ്സുകൊണ്ട്
ഞാനൊരുപാടു സന്തോഷിച്ചിട്ടുണ്ട്. പ്ലീസ് എനിക്കു വേണ്ടി നീയതു കള..”
സങ്കടം കൊണ്ട് അവട കണ്ണും വലി കാരണം എന്റെ കണ്ണും നിറഞ്ഞിരുന്നു. എല്ലാം കൂടി ചുരുട്ടി കൂട്ടി അവള്‍ ദൂരേക്കെറിഞ്ഞു. മൊത്തത്തില്‍ പൊകഞ്ഞോണ്ടിരുന്ന എനിക്കതു വലിയ ആശ്വാസവുമായി.
കോളേജില്‍ കൂടെ പഠിച്ചിരുന്ന സുരേഷിന്റെ വീട്ടിലാ അന്നു ഞങ്ങള്‍ പോയത്. അവന്റച്ഛനുമമ്മയും ജോലിക്കു പോയാല്‍ മിക്കപ്പോഴും ഞങ്ങളുടെ താവളം. ഞങ്ങളുടെ തന്നെ പാചകം അവളുടെ പാട്ട് ആകപ്പാടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍! തിരിച്ചു പോരാന്‍ നേരം സാധാരണ കാമുകരില്‍ കണ്ടു വരാറുള്ള സാധാരണയില്‍ സാധാരണയായ ഒരാഗ്രഹം എനിക്കുമുണ്ടായി. ചെറിയൊരു ടെച്ചിംഗ്..! ടെച്ചിംഗില്ലാതെ എന്തോന്നു പ്രണയം..!
“പിന്നീടാകട്ടെ..!“ മൂന്നുമാസം കൊണ്ട് സ്ഥിരമായി കിട്ടുന്ന മറുപടി, സന്തോഷമായി. “സിഗററ്റു വലിക്കുന്നവന് കൊടുക്കണമൊ എന്നു ആലോചിക്കണം“ അവസാനത്തെ ഈ വാചകം ചുണ്ടിനും മൂക്കിനുമിടയിലുള്ള സംഭവത്തിനു ഒരു വെല്ലുവിളിയായി തോന്നി..! പ്രകോപനപരമായ പല അവസരങ്ങളിലും സംയമനം പാലിച്ചിട്ടുള്ള ഈയുള്ളവനെ കുറച്ചുനാളായി ഇവള്‍ പറഞ്ഞു പറ്റിക്കുന്നു. റൂമില്‍ ആരുമില്ല. നല്ലൊരു റേപ്പിനു പറ്റിയ സാഹചര്യം..! ബാലന്‍ കെ നായര്‍, ടി.ജി. രവി തുടങ്ങിയ പുണ്യവാളന്മാരെ മനസ്സില്‍ ധ്യാനിച്ചു. മനസ്സു പറഞ്ഞു വേണ്ട..! ശരീരം പറഞ്ഞു വേണം..! തര്‍ക്കിക്കാന്‍ സമയമില്ല. അവസാനം മനസ്സും ശരീരവും ഒരു തീരുമാനത്തിലെത്തി. ദൂരദര്‍ശനിലെ ഇതിഹാസ പരമ്പരകളിലെ മുന്നണിപ്പോരാളിയെപ്പോലെ ഞാന്‍ വിളിച്ചു പറഞ്ഞു.. “ആക്രമണ്‍...!!! “
കുറച്ചു സമയത്തേക്കു (കുറച്ചു സമയത്തേക്കു മാത്രം) എന്താണു സംഭവിച്ചതെന്നു ഒരു പിടിയുമില്ല. രണ്ടു കൈയ്യിലും പതിഞ്ഞ നഖത്തിന്റെ പാടും നോക്കി ഞാനൊരു വശത്ത്. കണ്ണാടിയില്‍ നോക്കി കരയുന്ന അവള്‍ ഒരു വശത്ത്. ഇവളെന്തിനാ കണ്ണാടിയില്‍ നോക്കി കരയുന്നത്.
“എടൊ ഇങ്ങനെ കരയാനും മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്.“
അവളെന്നെ രൂക്ഷമായൊന്നു നോക്കി. ചുണ്ടില്‍ ചോര..! റേപ്പു കഴിഞ്ഞ അനുരാധയെപ്പോലെ..!
“നിനക്കു സമാധാനമായാ..? വീട്ടില്‍ ഞാനെന്തു പറയും..?“
“ക്ലാസ്സില്‍ നിന്നും വരുന്ന വഴി ഒരു റേപ്പിംഗ് അറ്റംപ്റ്റ് നടന്നെന്നു പറയണം. ഇപ്പോള്‍ അതൊരു ഫാഷനാ..!“
മനസ്സില്‍ കൂടിപ്പോയെന്നു തോന്നിയെങ്കിലും നാവില്‍ വന്നതു ഇങ്ങനെ. പറന്നു വന്ന പൌഡര്‍ ടിന്നില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ വിളിച്ചു പറഞ്ഞു
“ബ്രേക്കു ചവുട്ടിയപ്പോള്‍ ബസ്സില്‍ വെച്ചു സംഭവിച്ചെന്നു പറ. അല്ലെങ്കിലും ഈ ബസ്സുകാരൊന്നും പറഞ്ഞോണ്ടല്ലല്ലൊ ബ്രേക്ക് ചവിട്ടുന്നത്. മാത്രമല്ല ബസ്സില്‍ നിന്നല്ലെ പല മെഗാസീരിയലുകളും തുടങ്ങുന്നതു തന്നെ.“
അങ്ങനെ സംഭവം ബസ്സിന്റെ മണ്ടക്കു വെച്ചു..! അത്യാവശ്യം കൈത്തരിപ്പു തീര്‍ക്കാനും ഈ ബസ്സല്ലെ നമുക്കുള്ളു.
നല്ല റൊമാന്റിക്ക് മൂഡില്‍ ഞാനൊരിക്കലവളോടു ചോദിച്ചു.
“എന്നോടു നിനക്കു ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ ദിവസം ഏതാ..!?“
ചെറിയൊരു മൌനത്തിനു ശേഷം.. “അതെ.. അന്നാ സിഗററ്റു വലിച്ചില്ലെ ആ ദിവസം..!“
“കൊള്ളാം അപ്പ അതിനാണല്ലെ എന്നെ പൌഡര്‍ ടിന്നിനെറിഞ്ഞത്..!“
“അതു ഇഷ്ടം കൊണ്ടല്ലെ..!“
സത്യം പറഞ്ഞാല്‍ ഇതുങ്ങളെ മനസ്സിലാക്കാന്‍ യുഗങ്ങള്‍ വേണമെന്നു കവികള്‍ പാടിയതു വെറുതെയല്ല..! സൌന്ദര്യപ്പിണക്കങ്ങള്‍ മൂര്‍ച്ചിക്കുന്ന ചില ദിവസങ്ങളില്‍ ഞാനുറക്കെ വിളിച്ചു പറയും ഒരു സിഗററ്റു വലിക്കേണ്ടി വരുമെന്നു തോന്നുന്നു. ഉറക്കെയുള്ള പൊട്ടിച്ചിരിയായിരിക്കും അതിനുള്ള മറുപടി..!
വര്‍ഷങ്ങള്‍ കഴിഞ്ഞു, നദികള്‍ ഗതിമാറിയൊഴുകി, സുനാമിയും കത്രീനയും വന്നു ഇനിയുമെന്തൊക്കെയൊ വരാനിരിക്കുന്നു. ആ ബഹളങ്ങള്‍ക്കിടയില്‍ പലതും ഒലിച്ചുപോയി. സിഗററ്റിന്റെ പൊകയടിച്ചാല്‍ കണ്ണു നിറയുന്ന അവസ്ഥയില്‍ ഞാനിന്നും ബ്രൂട്ടിന്റെ സ്പ്രേ പോലെ അതെ ഗുണം അതെ മണം..!
മുറിബീഡിക്കു പുക ചോദിക്കുന്ന മോഡേന്‍ നാരീമണികള്‍ വിലസുന്ന ഈ കാലത്തും സിഗററ്റു വലി കാരണം പ്രണയം കയ്യാലപ്പുറത്തിരിക്കുന്ന ഇംഗ്ലീഷ് സാറിനെ ഓര്‍ത്തു ഒറ്റക്കിരുന്നു കുറെ ചിരിച്ചു. ബംഗ്ലാദേശിയായ റൂംബോയി “ക്യാ ഹുവാരെ ഭായീ പാകല്‍ ആയാ” എന്നുവരെ ചോദിച്ചു. ചിരിക്കാതെ എന്തൊ ചെയ്യുമെന്നു പറ.. “സിഗററ്റു വലി ആരോഗ്യത്തിനും പ്രണയത്തിനും ഒരു പോലെ ഹാനികരം” എന്നു മാറ്റിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ. ആരോഗ്യം നോക്കാറില്ലെങ്കിലും പ്രണയത്തിനു ആവശ്യത്തിലധികം സ്ഥാനം കൊടുക്കുന്ന കാമുകഹൃദയങ്ങള്‍ കുറച്ചെങ്കിലും അതൊഴിവാക്കാന്‍ ശ്രമിച്ചേനെ..! സിഗററ്റ് കരളിനെയാണെങ്കില്‍ പ്രണയം മനസ്സിനെയാണു കാര്‍ന്നു തിന്നുന്നതെന്നു മനസ്സിലാക്കാത്തിടത്തോളം കാലം..!
രണ്ടും ഇഞ്ച്യൂറിയല്‍സ് ടു ഹെല്‍ത്ത്..! പാവം ഇംഗ്ളീഷ് സാര്‍! പാവം കാമുകര്‍..!