Tuesday, November 11, 2008

തോന്ന്യവാസം!

കൂട്ടുകാരന്റെ ശ്രമഫലമായി അമേരിക്കയില്‍ കാലു കുത്താന്‍ ഭാഗ്യം ലഭിച്ച കാപ്പു ആദ്യ ദിവസം തന്നെ നാട്ടിലെ ശീലത്തില്‍ വൈകുന്നേരം ഒന്നു നടക്കാനിറങ്ങി.

അമ്പരചുമ്പികളായ കൂറ്റന്‍ കെട്ടിടങ്ങളും ചുമ്പന ചുമ്പികളായ സായിപ്പിസായിപ്പന്മാരും. അമേരിക്ക എന്ന മഹാ രാജ്യം! കാപ്പു വണ്ടറടിച്ചു. ധരിച്ചിരിക്കുന്ന സെക്കന്‍ഡ് പേപ്പര്‍ മുഴുവന്‍ പുറത്തുകാണിച്ചു കൊണ്ട് തന്നെത്തന്നെ കടാക്ഷമെറിഞ്ഞു പോയ മദാമ്മയുടെ പിറകെ വിട്ടു. അവള്‍ ചെന്നു കയറിയത് ഗാര്‍ഹിക ഉപകരണങ്ങള്‍ വില്‍ക്കുന്ന വലിലൊരു ഷോപ്പില്‍. അവിടെ നിരത്തി വെച്ചിരിക്കുന്ന വാക്വം ക്ലീനറും ഗ്രൈന്റ്റ്റും കണ്ട കാപ്പു തന്റെ പ്രിയകാപ്പിലിയെ ഓര്‍ത്തു പോയി. അപ്പോള്‍ തന്നെ രോമാഞ്ചം വന്നു, അവളെങ്ങാനും അമേരിക്കയിലാരുന്നെങ്കില്‍…!???
ഇതു കൊണ്ടൊക്കെയായിരിക്കില്ലെ കര്‍ത്താവെ എന്നെ അലക്കുന്നത്!..:(

ഭാര്യയെ പേടിച്ചിട്ടൊന്നുമല്ല! പെട്ടെന്നു റൂമിലേക്ക് മടങ്ങി. രാവിലെ തന്നെ സ്കോട്ടു സായിപ്പിന്റെ കൂടെ ഓഫീസില്‍ പൊകേണ്ടതാണ്.
അതിരാവിലെ തന്നെ റെഡിയായി സ്കോട്ടിനോടൊപ്പം കാറില്‍ കയറി, എന്തിനൊ ആയി പോക്കറ്റില്‍ തപ്പിയ സായിപ്പ് “ഫക്കെന്നും” പറഞ്ഞു !പുറത്തിറങ്ങി
“ഫക്കെന്നു“ കേട്ട കാപ്പു നാണത്താല്‍ സായിപ്പിനെ നോക്കാതെ പറഞ്ഞു,
“ഉം ഉം ഞാനിവിടത്തന്നെ കാ‍ണും പോയി വാ”
കാപ്പൂന്റെ നാണത്തിന്റെ കാര്യം മനസ്സിലാകാതെ സായിപ്പ് പറഞ്ഞു.
“മിസ്റ്റര്‍ കാപ്പൂ.. ഞാനെന്റെ മൊബൈല്‍ മറന്നു, എടുത്തിട്ട് ഇപ്പൊ വരാം”

കുറെ നേരമായിട്ടും സായിപ്പിനെ കാണാഞ്ഞ്
വണ്ടീലിരുന്ന് ബോറടിച്ച കാപ്പു കൈകയ്യില്‍ കിട്ടിയ ആദ്യത്തെ സി.ഡി തന്നെ സ്റ്റീരിയോടെ അണ്ണാക്കില്‍ തള്ളി, കാറ് കുലുങ്ങുന്ന ശബ്ദത്തില്‍ അറിയാത്ത വെസ്റ്റേന്‍പാട്ടിനു താളോം പിടിച്ച് കണ്ണുമടച്ച് സീറ്റില്‍ ചാരി കിടന്നു.

മൊബൈല്‍ എടുത്ത് തിരിച്ചു വന്ന സ്കോട്ട് കാറില്‍ കയറാനായി ഡോറില്‍ പിടിച്ചു, ലോക്കായ ഡോറ് തുറക്കാന്‍ കഴിയാതെ താക്കോലിനായി കോട്ടിന്റെ പോക്കറ്റില്‍‍ മാറി മാറി കൈയ്യിട്ടു, ഫലമില്ലാതെ വന്നപ്പോള്‍ കാറിന്റെ കറുത്ത ഗ്ലാസ്സില്‍ മുഖം ചേര്‍ത്ത് ഉള്ളിലോട്ട് നോക്കി, സ്റ്റിയറിംഗിലിരിക്കുന്ന താക്കോല്‍ കണ്ടപ്പോള്‍ വീണ്ടും “ഫക്കെന്നും” പറഞ്ഞ് തലയില്‍ കൈവെച്ചു! (ഭാഗ്യത്തിനത് കാപ്പു കേട്ടില്ല അല്ലേല്‍ വീണ്ടും നാണിച്ചേനെ..:)

സീറ്റില്‍ കണ്ണുമടച്ചിരിക്കുന്ന കാപ്പൂനെ സായിപ്പ് ഡോറില്‍ മുട്ടി വിളിച്ചു.

“കാ‍പ്പു..മിസ്റ്റര്‍ കാപ്പില്‍‌സ്..”

നൊ റീപ്ലെ..!

റിപ്ലെ ബട്ടന്‍ ഹാങായ കാപ്പൂനെ നോക്കി അറിയാവുന്ന എല്ലാ ചീത്തയും വിളിച്ചു. രക്ഷയില്ലാതെ വന്നപ്പോള്‍ ഡോറില്‍ ഇടിക്കാനും ചവിട്ടാനും തുടങ്ങി.

എന്തു ചെയ്യണമെന്നറിയാ‍തെ ചുറ്റുപാടും നോക്കിയ സായിപ്പ് വീട്ടിലേക്ക് പോയി ഒരു ഹാംഗറുമായി മടങ്ങി വന്നു. സ്റ്റ്രൈറ്റാക്കി എന്‍ഡിലൊരു ക്വസ്റ്റ്യന്‍ മാര്‍ക്കുമിട്ട് ഗ്ലാസ്സിനും ഡോറിനുമിടയില്‍ തിരുകിക്കയറ്റി.

മുഖം ഗ്ലാസ്സിലമര്‍ത്തി ആ ഗ്യാപ്പിലൂടെ ഡോര്‍ലോക്ക് ലക്ഷ്യമാക്കി ഹാംഗര്‍ താഴോട്ട്.

പെട്ടെന്ന് കണ്ണു തുറന്ന കാപ്പു, ഗ്ലാസ്സില്‍ ചേര്‍ത്തു വെച്ചിരിക്കുന്ന തറയില്‍ വീണ്‍ ജാമായ ജാക് ഫ്രൂട്ട് പോലുള്ള സായിപ്പിന്റെ ഫേസ് കണ്ട് ഞെട്ടി..!

തലയൊന്നു കുടഞ്ഞ് കണ്ണ് തിരുമി ഒന്നൂടി സൂക്ഷിച്ചു നോക്കി.

ങ്ഹെ..! സ്കോട്ടിനെന്തു പറ്റി!? വാറ്റ് ഹീ ഇസ് ഡൂഇംങ്!? കുറച്ചു നേരത്തേക്ക് കാ‍പ്പൂന് ഒരന്തോം കിട്ടീല്ല.

സായിപ്പിന്റെ നവ‍രസം വിളങ്ങുന്ന മോന്തായത്തില്‍ നിന്നും ഹാംഗറിന്റെ ലക്ഷ്യം ലോക്കാണെന്ന് മനസ്സിലാക്കിയ കാപ്പു പിന്നെ ഒട്ടും സമയം കളഞ്ഞില്ല.

ഹാംഗറിനും ലോക്കിനുമിടയിലെ ഗ്യാപ്പ് സസൂഷ്മം വീക്ഷിച്ച് ‍ചരിഞ്ഞ് കിടന്നു കൊണ്ട് റിവേര്‍സ് വരുന്ന കാറിന് ദിശ കാണിക്കുന്നതു പോലെ ചൂണ്ടു വിരല്‍ കൊണ്ട് ആക്ഷനും കാണിച്ച് സായിപ്പിനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു..

"ഡൌണ്‍..!.... ഡൌണ്‍.!..." കൊറച്ച് റൈറ്റ്... പിന്നെ "ഡൌണ്‍..!.... ഡൌണ്‍..!..."