Tuesday, October 16, 2007

നാശം നിങ്ങളെന്തിനാ ഇതഴിച്ചത്..!?

കുറെ നാളായുള്ള ആഗ്രഹമാണു കോട്ടും ടൈയും കെട്ടി ഒരു ഫോട്ടൊ എടുക്കണമെന്നുള്ളത്. അതിനുള്ള ശരീരപുഷ്ടി ഇല്ലാത്തതു കൊണ്ടു പലപ്പോഴായി മാറ്റിവെച്ചു. സൌദിയില്‍ പോയാല്‍ ആഗ്രഹം ബാക്കിയാകും, പറഞ്ഞു കേട്ടതു വെച്ചു അവിടെ ബ്ലാക്ക് & വൈറ്റാ..(കറുത്ത പര്‍ദയും വെളുത്ത തോപ്പും) കോട്ടു കാണാന്‍ സാധ്യത വളരെ കുറവു, ഒരാഗ്രഹവും ബാക്കിയാകാന്‍ പാടില്ല, നേരെ ഈസ്റ്റുഫോര്‍ട്ടിലേക്കു വിട്ടു. മുന്‍പ് ഒരു ദിവസം ജോലിക്കു പോയ ഡിജിറ്റല്‍ സ്റ്റുഡിയൊ കണ്ടപ്പോള്‍ സുഹൃത്തു പറഞ്ഞു, എടാ നല്ല കലക്കന്‍ ഫോട്ടൊയാ ഇവിടെ, നമുക്കു ഇവിടെ കയറാം. പോടാ.. പോടാ.. ഇവിടെ ഡിജിറ്റലാ ശെരിയാവില്ല (എന്നിട്ടു വേണം ആ പെങ്കൊച്ചിന്റെ മുമ്പീ ചെന്നു പെടാന്‍..). ഡിജിറ്റല്‍ വളരെ മോശമായ എന്തൊ സംഭവമാണെന്നു കരുതി അവന്‍ പിന്നെ മിണ്ടിയില്ല. ആറ്റുകാല്‍ ഷോപ്പിംഗ് കോം‌പ്ലക്സിലെത്തിയപ്പോള്‍ ഉള്ളിലൊരു എന്തൊരാല്‍റ്റി, അവിടെയാണു ആര്‍ച്ചിസ് ഐസ്ക്രീം പാര്‍ലര്‍ ആദ്യമായി ലവളുമായി ഒന്നിച്ചിരുന്നു ഐസ്ക്രീം കഴിച്ച ആ ബഞ്ചില്‍ ഒന്നൂടെ ഇരിക്കാനൊരു മോഹം, അവളില്ലെങ്കിലും പകരം ഫ്രണ്ടിനെ വെച്ചു അഡ്ജസ്റ്റു ചെയ്തു! ഐസ്ക്രീം വാങ്ങി അവന്റെ കണ്ണില്‍ നോക്കിയിരുന്നു, ഇനി എന്നാണിവിടെ!? ബഞ്ചിനോടും ആര്‍ച്ചിസിനോടും വിട പറഞ്ഞു പുറത്തിറങ്ങി.

അതിനടുത്തുണ്ടായിരുന്ന ഒരു സ്റ്റുഡിയൊയില്‍ കയറി. സോഡാകുപ്പി ഗ്ലാസ്സും വെളിച്ചെണ്ണയില്‍ മുക്കിയെടുത്ത തലയും ഗൌരവം ഫിറ്റു ചെയ്ത മുഖവുമായി ഒരു പരിഷ്കാരി ചേട്ടന്‍, കഴുത്തില്‍ കുറെ ഫിലിം റോള്‍(ഒക്കെ എക്സ്പെയര്‍ ആയിരിക്കും) ഒരു കൈയ്യില്‍ ക്യാമറ മറ്റെ കൈയ് കൊണ്ടു പ്രിന്ററിലെ C.M.Y.K യില്‍ കറക്കി കുത്തുന്നു, ആകെ മൊത്തം ഒരു ബിസി സെറ്റപ്പ്. ചേട്ടാ ഫോട്ടൊയെടുക്കണം, ഞങ്ങളെയൊന്നു നോക്കുകപോലും ചെയ്യാതെ ഉടന്‍ മറുപടി പി.പി യൊ ഫുള്ളൊ!? കെ.പിയെ നന്നായറിയാം (നല്ലവരാ..) ഫുള്ളു എന്നും കേള്‍ക്കുന്നതാ, എന്താടെ ഈ പി.പി.!? എടാ പാസ്പോര്‍ട്ടു സൈസല്ലെ എടുക്കേണ്ടതു, ഇവനിത്രയും അറിവാ..!? ഞാന്‍ കൂട്ടുകാരനെ അത്ഭുതത്തോടെ നോക്കി. അതെ ചേട്ടാ പി.പി തന്നെ, കോട്ടുണ്ടൊ ചേട്ടാ!? ഉണ്ടോന്നൊ!? അതെന്തു ചോദ്യമാടെ എന്ന ഭാവത്തില്‍ ഒരു നോട്ടം, എല്ലാം അകത്തുണ്ട് ചെന്നു റെഡിയാകൂ.. ഇപ്പൊ റെഡിയാക്കിത്തരാം ഞാനും അവനും കൂടി അകത്തേക്കോടി.

എന്തൊരു ഇരുട്ടാടെ ഇവിടെ ഇവിടുന്നെടുത്താല്‍ പടം തെളിയുമൊ!? പൈസ വെള്ളത്തിലായതു തന്നെ, അവന്റെ മാന്യമായ സംശയം എനിക്കും തോന്നാതിരുന്നില്ല. അവിടെയുണ്ടായിരുന്ന വലിയ ഫ്ലാഷ്‌ലൈറ്റില്‍ ഒന്നിന്റെ മണ്ട്ക്കു കുറച്ചു നേരം അവന്‍ പണിതു. ക്ടിഷ്യൂം..ഒരു മിന്നല്‍.. കോറസ്സായി ആ.. എന്നരൊച്ചയും.. കിട്ടേണ്ടതു കിട്ടിയപ്പോള്‍ അവനവിടെയുണ്ടായിരുന്ന കസേരയില്‍ മര്യാദക്കു ചെന്നിരുന്നു. ഞാനതു കണ്ടതായി ഭാവിച്ചില്ല സങ്കടം വന്നാലൊ!? മുടി ചീകാനായി ചീര്‍പ്പെടുത്തു, മുന്‍പു വന്ന ആരെയും ഒഴിവാക്കാതെ പല സൈസിലുള്ള ഒരു കളക്ഷന്‍ തന്നെ ഡൌന്‍ ലോഡു ചെയ്തു വെച്ചിട്ടുണ്ട്! ഇതിനെക്കാള്‍ നല്ലതു കൈ തന്നെ, പൌഡര്‍ ഉപയോഗിക്കാത്തതു കൊണ്ടു കുറച്ചു പൌഡറെടുത്തു തറയില്‍ തട്ടി, കുനിഞ്ഞിരിക്കുന്ന അവനോടു ചോദിച്ചു എടാ കോട്ടെവിടെ? ഹാംഗറില്‍ തൂങ്ങിയാടുന്ന കോട്ടു ചൂണ്ടി അവന്‍ വീണ്ടും കുനിഞ്ഞിരുന്നു, ഇവനെന്തു പറ്റി! ഷോക്കിനെക്കുറിച്ചു ചോദിക്കാത്തതു കൊണ്ടുള്ള പിണക്കമായിരിക്കും.

കോട്ടു കണ്ടപ്പോള്‍ സമാധാനമായി ചേട്ടന്‍ പുളുവടിച്ചതല്ല, പക്ഷെ ഇതെന്തു കോട്ടാണു!? സിനിമയിലും ടി.വിയിലുമൊന്നും ഇമ്മാതിരി മോഡല്‍ കണ്ടിട്ടില്ല! കൂടെ പടിച്ച സന്തോഷിന്റെ അപ്പാപ്പനെ പാക്ക് ചെയ്തപ്പം കോട്ടു നേരിട്ടു കണ്ടതാ അതും ഇതു പോലല്ല, ഇനി ഏതു മോഡലായാലും ഫോട്ടൊയും കൊണ്ടെ പുറത്തിറങ്ങൂ..കോട്ടിനകത്തു കേറി കണ്ണാടിയില്‍ നോക്കിയ ഞാന്‍ നാണം കൊണ്ടു വിരല്‍ കടിച്ചു പോയി. വീട്ടില്‍ മീന്‍ കൊണ്ടു വരുന്ന സാറാ ചേച്ചിയുടെ ചട്ടപോലുണ്ട്! ചേച്ചി മീന്‍‌കൊട്ട തലയില്‍ വെക്കുമ്പോള്‍ മിഡിലാ ഒബ്ലാംഗേറ്റ മൊത്തം ഔട്ടാ..! അതു പോലെ പാസ്പോര്‍ട്ടു കമ്പോസിങിന്റെ പരിധിക്കു പുറത്തു ഐറ്റംസ് നടിമാരുടെ തുണിമാതിരി മൊത്തം കീറികിടക്കുന്നു, വയറിന്റെ ഭാഗത്തായി വലിയൊരു ഹോള്‍..! ഇതേതൊ മിസ്സൈലു കൊണ്ടു മരിച്ച സായിപ്പിന്റേതാ..ഇതിന്റെ പേരും കോട്ടെന്നാണൊ!?

എടാ ആ ടൈ ഇങ്ങെടുത്തെ.. അവന്‍ സമാധിയായിരിക്കുന്ന കസേരയുടെ മുകളില്‍ തൂങ്ങിയാടുന്ന ഒരെ ഒരു ടൈ ചൂണ്ടി ഞാന്‍ പറഞ്ഞു, ഒരു അനക്കവുമില്ല..! എടാ.. ഞാന്‍ വീണ്ടും വിളിച്ചു, ഒരൊറ്റ വലി ടൈയ്യുടെ കെട്ടഴിഞ്ഞു അവന്റെ കയ്യില്‍, ഇതിനു ഇത്രയും നീളമുണ്ടോന്നും ചോദിച്ചു അവനതെന്റെ കൈയ്യില്‍ തന്നു. നാശം നീയെന്തിനാ ഇതഴിച്ചതു? നിനക്കിതു കെട്ടാന്‍ അറിയാമൊ? പിന്നെ ടൈ കെട്ടല്‍ എന്റെ പാര്‍ട്ട് ടൈം പണിയായിരുന്നില്ലെ.. നീയതു കഴുത്തിലോട്ടു ചുറ്റിക്കെ, അവനെന്നെ സഹായിക്കാന്‍ കൂടി. ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ അതിന്റെ മേല്‍ പണിതു, നോ രക്ഷ..! മുന്‍പു ഒരു പ്രാവശ്യമെങ്കിലും കെട്ടിയിരുന്നെങ്കില്‍ ആ രീതി ഫോളൊ ചെയ്യാമായിരുന്നു, അകലെയുള്ള സ്കൂളില്‍ പഠിച്ച ഞാന്‍ കണ്ടിട്ടില്ലാത്ത പ്രിയപെങ്ങള്‍ ലോറി തട്ടി മരിച്ചതു കാരണം ബാക്കിയുള്ള സന്താനങ്ങള്‍‍ക്കൊക്കെ അടുത്തുള്ള പള്ളിസ്കൂളില്‍ പഠിക്കാനായിരുന്നു ഭാഗ്യം സിദ്ധിച്ചത് (ഞാന്‍ സെന്റിയായി). ഷര്‍ട്ടിന്റെ കോളര്‍ ബട്ടന്‍ ഇട്ടിട്ടു നമുക്കു വീണ്ടും ട്രൈ ചെയ്യാം..! എന്റെ കഴുത്തിനു പിടിച്ചുള്ള ഈ കലാപരിപാടിയില്‍ അവന്‍ വല്ലാത്ത ആത്മസംതൃപ്തി അനുഭവിക്കുണ്ടായിരുന്നു.(ദുഷ്ടന്‍)

സര്‍വ്വശക്തിയുമെടുത്ത് കോളറിലെ ബട്ടന്‍സ് അവനിട്ടപ്പോഴേക്കും എന്റെ കണ്ണു പുറത്തേക്കു തള്ളി..എന്റെ ഭാഗ്യത്തിനു അപ്പോഴേക്കും സ്റ്റുഡിയൊ ചേട്ടന്‍ ക്യാമറയുമായി വന്നു. തോല്‍‌വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടു ടൈ ചേട്ടന്റെ കയ്യില്‍ കോടുത്തു. ഞങ്ങള്‍ കെട്ടിയ കെട്ടു കൈ കൊണ്ടഴിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ കടിച്ചഴിക്കാന്‍ തുടങ്ങി. നിങ്ങളെന്തിനാ ഇതഴിച്ചതു..? എന്നെ വിളിച്ചാല്‍ പോരായിരുന്നൊ..? ചേട്ടന്‍ സീരിയസ്സായി. നോക്കെടാ.. അകത്തു കയറി റെഡിയാകാന്‍ പറഞ്ഞിട്ടു പറയണ കണ്ടില്ലെ ഞാന്‍ ഇടക്കണ്ണിട്ടു അവനെ നോക്കി, അവന്‍ ഇടക്കണ്ണിട്ടു ഫ്ലാഷിനെ നോക്കി. ചേട്ടന്‍ ടൈ സ്വന്തമായി കഴുത്തില്‍ ചുറ്റി കുറച്ചു നേരം ആഡ് മള്‍ട്ടിപ്പിള്‍ സബ്സ്ട്രാക്റ്റ് ഇങ്ങനെ പല രീതികള്‍ പരീക്ഷിച്ചു, അപ്പോഴുള്ള ആ പരാക്രമം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. സംഭവം ചേട്ടനും അറിയില്ല.. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നാശം ശരിയാകുന്നില്ലല്ലൊ.. ഞാന്‍ ദാ വരുന്നു.. ചേട്ടന്‍ പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പുതിയൊരു ടൈയുമായി വന്നു. ഷര്‍ട്ടിന്റെ കോളര്‍ വെല്‍ഡ് ചെയ്തു വെച്ചിരിക്കുന്ന എന്റെ കഴുത്തില്‍ ടൈ ഫിക്സു ചെയ്തു. സാമാന്യം തുറിച്ച കണ്ണുകളുമായി ഞാന്‍ ഫോട്ടോക്കു പോസ് ചെയ്തു. രണ്ടു പ്രാവശ്യം ക്ലിക്കി. ചേട്ടാ ഒരു ഫുള്‍ ഫോട്ടൊ ഫ്രീയില്ലെ? (ആ രൂപത്തിലുള്ള ഒരു ഫുള്‍ ഫോട്ടൊ ഞാന്‍ വല്ലാതെ കൊതിച്ചു പോയിരുന്നു) പാസ്പോര്‍ട്ടിന്റേതു വലുതാക്കിതരാം. കോട്ടിനെക്കുറിച്ചു പുറം ലോകം അറിയുമെന്ന പേടിയായിരിക്കും. എപ്പോള്‍ കിട്ടും? പതിനഞ്ചു മിനുട്ട് കഴിഞ്ഞു വരൂ..

പുറത്തിറങ്ങി കുറച്ചു വായിനോക്കി. മനസ്സമാധാനം കിട്ടാത്തതുകൊണ്ടു പറഞ്ഞതിലും നേരത്തെ സ്റ്റുഡിയോയില്‍ ചെന്നു. ഇപ്പോള്‍ തരാം ചേട്ടന്‍ ഡീസന്റ് ആയി. കൂ.. ഡെവലപ് മെഷീന്‍ കൂവി..നെഗറ്റീവു പുറത്തേക്കു ചാടി. നെഗറ്റീവു നോക്കിയ ചേട്ടന്‍ നേരെ സ്റ്റുഡിയോക്കകത്തേക്കു പോയി. തിരിച്ചു വന്നു ചമ്മിയ ചിരിയോടെ മൊഴിഞ്ഞു സോറി ഒരു ഫ്ലാഷു വര്‍ക്കായില്ല ഒന്നു കൂടി എടുക്കാം. സമയമില്ലാത്ത നേരത്തു ഞാനെന്റെ സതീര്‍ത്ഥ്യനെ നോക്കി. അവന്‍ ഒന്നുമറിയാത്ത രീതിയില്‍ സുപര്‍ണ്ണയുടെ(നമ്മുടെ വൈശാലി) ഫോട്ടോയും നോക്കിയിരിക്കുന്നു. തമ്മില്‍ ലപ്പാണെന്നു തോന്നും അമ്മാതിരി കോന്‍സ്ട്രണ്ന്റേഷന്‍. വീണ്ടും ടൈ കെട്ടുന്ന കാര്യമോര്‍ത്തപ്പോള്‍.., വേണ്ട ചേട്ടാ ഇതു പ്രിന്റെടുത്തു തന്നാ മതി പെട്ടെന്നു പോണം ഞാന്‍ തിടുക്കം കൂട്ടി. കണ്ണു തുറിച്ചു ഡ്രോപ്ഷാഡോയും ഇന്നര്‍ഷാഡോയും 100% അപ്ലൈ ചെയ്തിരിക്കുന്ന ആ ഫോട്ടൊക്കു ചേട്ടന്‍ മുഴുവന്‍ കാശും വാങ്ങിയില്ല.

ആ വിലപ്പെട്ട ഫോട്ടൊ കളയാതെ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. ഒരു ടൈ കെട്ടലിന്റെ ഓര്‍മ്മക്കായി. പിന്നീടു ജീവിതമാകുന്ന നാടകവേദിയില്‍ നാലു വര്‍ഷത്തോളം ഒരു സ്റ്റുഡിയോയില്‍ ഡിജിറ്റല്‍ ഫോട്ടൊഗ്രാഫറായി അഭിനയിച്ചപ്പോള്‍ എത്രയോ പേര്‍ക്കു ടൈ കെട്ടിക്കൊടുത്തിരിക്കുന്നു. ജുബ്ബയുടെ മുകളില്‍ ടൈ കെട്ടിനിന്ന ബംഗ്ലാദേശിയും തോപ്പിനു മുകളില്‍ ടൈ കെട്ടിയ യെമനിയും ടൈ അഴിഞ്ഞു പോയതു കൊണ്ടു എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന പാക്കിസ്ഥാനിയും ഒരു പാടു ചിരിപ്പിച്ചെങ്കിലും അതിലേറെ ചിന്തിപ്പിച്ചു..!.സായിപ്പിന്റെ സംസ്കാരം ഒരു പാടു വെറുക്കുന്നവര്‍ പോലും ദേശഭാഷാ വിത്യാസമില്ലാതെ അവന്റെ ഈ വേഷം വല്ലാതെ ഇഷ്ടപ്പെടുന്നു. ഒരു ഫോട്ടൊക്കു വേണ്ടിയാണെങ്കില്‍ പോലും..

Wednesday, October 3, 2007

മെഡിക്കല്‍ എന്ന പീഡനം

വിസ വന്നതിനു ശേഷം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നോടുള്ള സമീപനങ്ങളില്‍ കാര്യമായ മാറ്റം വന്നു. ഒരു ചിന്ന VIP പരിവേശം! ദിവസങ്ങള്‍ എണ്ണപ്പെട്ട മാറാരോഗിയെ പരിചരിക്കുന്ന പോലെ വീട്ടുകാര്‍ ഒരു വശത്ത്! എത്ര ദിവസമുണ്ടു? എന്നാ പോകുന്നതു? ഗള്‍ഫുകാരന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യങ്ങളുമായി നാട്ടുകാര്‍ മറുവശത്തു! രണ്ടു കൂട്ടരും കൂടി എത്രയും പെട്ടെന്നു എന്റെ കട്ടയും പടവും മടക്കുമെന്നു ഞാന്‍ ഭയന്നു! വിസ ഇത്ര പെട്ടെന്നു വരേണ്ടിയിരുന്നില്ല! നാട്ടിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നു മനസ്സിലാക്കിയപ്പോഴേക്കും മോഡല്‍ പരീക്ഷ പോലെ മുന്നില്‍ "മെഡിക്കല്‍..."വന്നു നിന്നു!. ഒരു മെനകെട്ട ഏര്‍പ്പാടാണെ ഈ സംഭവം! മാനവും കാശും മാത്രം പോരാ രക്തം മലമൂത്രവിസര്‍ജ്ജ്യനാദികള്‍‌ ഇതൊക്കെ കാണിക്കയായിട്ടും കൊടുക്കണം! ഒരു ദിവസം മുഴുവന്‍ അതിനായി പോയിക്കിട്ടും! മെഡിക്കല്‍ ഫിറ്റായില്ലെങ്കില്‍ പിന്നീടുള്ള ജീവിതം മുഴുവന്‍ ഫിറ്റായി നടക്കേണ്ടിയും വരും. സുഹൃത്തിന്‍‌റെ മെഡിക്കലിനു കൂടെപ്പോയിട്ടുണ്ടു, അന്നവിടെ കണ്ട നീണ്ട ക്യൂവിന്റെ ഉള്‍ഭവസ്ഥാനം കുറച്ചൊന്നുമല്ല ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്!. (ഇത്രയും തിരക്കുള്ളിടത്തു ഒരു ടോയ്‌ലറ്റു മാത്രം! പ്രവാസിയെ എയര്‍ ഇന്ത്യ മാത്രമല്ല ബുദ്ധിമുട്ടിക്കുന്നതു കേട്ടൊ!) ഇങ്ങനെ ക്യൂ നിന്നു സാധിക്കേണ്ട കാര്യമാണൊ ഇതൊക്കെ! ഒരാള്‍ പുറത്തു നിന്നാലെ എനിക്കു സ്റ്റാര്‍ട്ടിങ് ട്രബിളാ… അപ്പോഴാ ട്രെയിനിന്റെ ബോഗി പോലെ പത്തമ്പതണ്ണം പിറകെ നില്‍ക്കുമ്പം! അന്നു തന്നെ തല പുകഞ്ഞാലോചിച്ചു അതിനുള്ള മാര്‍ഗം കണ്ടെത്തി.

മെഡിക്കല്‍ ദിവസം രാവിലെ വീട്ടില്‍ നിന്നു തന്നെ ഡിലീറ്റഡ് ഫയല്‍‌സ് പ്രത്യേകം ബോട്ടിലുകളിലാക്കി ആരും കാണാതെ പാന്റ്സിനുള്ളില്‍ തിരുകി, എന്നോടാ കളി! ഇനി പിതാശ്രീയോടു സ്കൂട്ടര്‍ ചോദിക്കണം, ഒരു യഥാര്‍ഥ കാമുകന്റെ ആത്മാര്‍ഥത തെളിയിക്കാനായി ആവശ്യത്തിനും അനാവശ്യത്തിനും സ്കൂട്ടര്‍ ദുരുപയോഗം ചെയ്തതു കാരണം മഞ്ഞ കണ്ടു നില്ക്കുന്ന സമയമായിരുന്നു. ശക്തമായ ഒരു അപ്പീലിനു ശ്രമിച്ചു ചുവപ്പു വാങ്ങിച്ചു പിടിക്കേണ്ടെന്നു കരുതി കുറച്ചു നാളായി ആ ഭാഗത്തു നോക്കാറേയില്ലായിരുന്നു. എന്നത്തെയുംപോലെയല്ലല്ലൊ ഇന്ന്… അതു കൊണ്ടു തന്നെ ധൈര്യമായി ചോദിക്കാം, ചോദിച്ചു! എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ടു സന്തോഷത്തോടെ 40-ല്‍ കൂടുതല്‍ സ്പീഡു പാടില്ല എന്ന സ്ഥിരം പല്ലവിയോടെ താക്കോല്‍ തന്നു. സംഭവം ഒന്നു സ്കാനിങിനിട്ടപ്പോഴാണു കാര്യത്തിന്റെ ഗുട്ടന്‍സു പിടി കിട്ടിയതു! എന്‌റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയല്ലെ, വീടിന്റെ പ്രമാണം ചോദിച്ചാലും ചിലപ്പൊള്‍ തരും. (അതി മോഹമാണു മോനെ...)

മക്കളെക്കാള്‍ പിതാശ്രീ അധികം സ്നേഹിച്ചിരുന്ന ആ സാധനത്തിനോടു ചിലപ്പോഴൊക്കെ എനിക്കു വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്. ഒരു ഇമ്പോര്‍ട്ടഡ് ചേതക്ക്, സ്വന്തം ശരീരത്തിനു ചേരാത്ത കുറച്ചു എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ സംഭവം ഒടുക്കത്തെ ഗ്ലാമറാ….മുന്‍പുണ്ടായിരുന്ന ലോറിയുടെ പാവനസ്മരണക്കായി അതിന്റെ വലിയ രണ്ടു ഹോണെടുത്തു ഇവന്റെ മുമ്പില്‍ ഫിറ്റു ചെയ്തിട്ടുണ്ട്, കൂടാതെ ചുറ്റിനും കുറെ കമ്പി വേലിയും, അത്യാവശ്യത്തിനു ഉപകരിക്കാന്‍ അവനെ ഉള്ളെങ്കിലും ഈ എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ക്കെതിരെ എന്നിലെ ചെത്തുപയ്യന്‍ പലപ്പോഴും നിശ്ശബ്ദമായി പ്രസ്താവനകള്‍ ഇറക്കിയിരുന്നു. വലതു കൈ ആക്സിലേറ്ററില്‍ കൊടുത്തു ഇടതു കൈ സീറ്റില്‍ പിടിച്ചു ചരിച്ചു കിടത്തി വീണ്ടും നിവര്‍ത്തി വലതു കാല് തറയിലൂന്നി ഇടതുകാലുയര്‍ത്തി കിക്കറില്‍ അമര്‍ത്തിച്ചവുട്ടി കളരി പഠിക്കുകയാണെന്നു കരുതിയൊ!? ഞാനാ ടൈപ്പല്ല! ഇങ്ങനെയുള്ള അഭ്യാസമുറകള്‍ പ്രയോഗിച്ചാലേ പിതാശ്രീയുടെ ബെസ്റ്റു ഫ്രണ്ടു സ്റ്റാര്‍ട്ടാകൂ…

പ്ലസ്ടു അധ്യാപകനായ സുഹൃത്തിനേയും കൂട്ടി നേരെ മെഡിക്കല്‍ സെന്ററിലേക്കു വിട്ടു. അഭയാര്‍ഥികളെപ്പോലെ കാലത്തെതന്നെ ആളുകള്‍ വന്നു കാത്തുനില്‍പ്പുണ്ടു. അകലങ്ങളില്‍ നിന്നു വരുന്നവരുടെ ചോരയും വിസര്‍ജ്യവസ്തുക്കളും മാത്രമല്ല പോക്കറ്റും കൂടി ടെസ്റ്റു ചെയ്തിട്ടേ ഈ മെഡിക്കല്‍ സെന്ററുകാര്‍ വിടാറുണ്ടായിരുന്നുള്ളു!. എല്ലാവരുടെ കൈയ്യിലും പാര്‍സലുകള്‍ ഉണ്ടായിരുന്നു! എന്റെ ഐഡിയ ലീക്കായൊ!? അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒരു സംശയം തോന്നി. പരിസരം ആയതുകൊണ്ടും അറിയാവുന്ന ഒരു ചേട്ടന്‍ ഉണ്ടായിരുന്നതു കൊണ്ടും എന്റെ എഴുത്തുകുത്തൊക്കെ പെട്ടെന്നു കഴിഞ്ഞു. പോലീസ് സ്റ്റേഷനില് SI യുടെ മുന്നിലേക്കു ആനയിക്കുന്നതു പോലെ ഷര്‍ട്ടൊക്കെ അഴിപ്പിച്ചു ഒരു റൂമിലേക്കു കയറ്റി വിട്ടു. അവിടെയിരുന്ന ഡോക്ടര്‍ സാറിനെ കണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി. ഒരു ദിവസം എത്രയെന്നു വെച്ചാ!... പാവം കണ്ണടിച്ചു പൊയിട്ടുണ്ടാകും ഒന്നു രണ്ടു പ്രാവശ്യം ചുമക്കാന്‍ പറഞ്ഞിട്ടു എന്നോടു പൊക്കൊള്ളാന്‍ പറഞ്ഞു. കൂടുതല്‍ വിവരിച്ചാല്‍ എനിക്കു നാണം വരും. അതു കൊണ്ടു ഇത്രേം മതി!.

അടുത്തതു ചെറിയ രണ്ടു കുപ്പികളും തന്നു നേരെ നമ്മുടെ പഴയ ക്യൂവില്‍ കൊണ്ടു നിര്‍ത്തി. ഒരു മാറ്റവുമില്ല പഴയ നീളം പുതിയ ആളുകള്‍. പോക്കറ്റില്‍ തപ്പി സാധനം ഉണ്ടെന്നു ഉറപ്പുവരുത്തി. പ്രതീക്ഷിച്ച പോലെയല്ല നല്ല സ്പീഡുണ്ട്! അതു കൊണ്ടുതന്നെ പലരുടെയും പോക്കറ്റുകളില്‍ ഞാന്‍ സംശയത്തോടെ നോക്കി! എന്റെ ഊഴം വന്നു, അകത്തു കയറി സാധനം റീഫില്‍ ചെയ്തു അതേ സ്പീഡില്‍ തിരിച്ചിറങ്ങി. വേണ്ടവര്‍ക്കു അതു കൊണ്ടു കൊടുത്തു സമധാനമാകട്ടെ! X-Ray എടുക്കാനായി അടുത്ത റൂമിലേക്കു കയറിയപ്പോള്‍ അവിടെയും ഷര്‍ട്ട് അഴിക്കണം. X Ray എടുക്കാതെ തന്നെ എന്റെ നെഗറ്റീവ് ബോഡി പോസിറ്റീവു വ്യൂവില്‍ കണ്ടതും അവിടെ നിന്ന സിസ്റ്റര്‍മാര്‍ പരസ്പരം നോക്കി ചിരിക്കാന്‍ തുടങ്ങി, അജിതയും വനിതാ കമ്മീഷനും ഈ പീഡനം കാണുന്നില്ലല്ലോ! വലിയ ഒരു യന്ത്രത്തിന്റെ ഇടക്കു കയറ്റിനിര്‍ത്തി! ഉടനെ തന്നെ പൊയ്ക്കൊള്ളാന്‍ പറഞ്ഞു അധികം നിന്നു ആ യന്ത്രത്തിന്റെ വെട്ടമെങ്ങാനും തട്ടി വടിയായാലോന്നു പേടിച്ചിട്ടായിരിക്കും! എന്തായാലും അതുങ്ങളുടെ മുന്നീന്നു രക്ഷപ്പെട്ടു!

മെഡിക്കല്‍ സെന്ററില്‍ ചെന്ന നേരം മുതല്‍ ഞാനാ സിസ്റ്ററിനെ ശ്രദ്ധിക്കുകയായിരുന്നു, ക്ലോസപ്പ് പരസ്യത്തിലെ പെണ്ണിനെ തോല്പ്പിക്കണ ചിരി. ആ സിസ്റ്ററിന്റെ വിളിയും കാത്തു അവിടുത്തെ ബഞ്ചില്‍ ഞങ്ങളിരുന്നു. എടാ ഇഞചക്ഷന്‍ വാങ്ങണമെങ്കില്‍ ഇതു പോലുള്ള സിസ്റ്ററുമാരുടെ കൈയ്യില്‍ നിന്നും വാങ്ങണം. ഞാന്‍ കൂട്ടുകാരനോടു പറഞ്ഞു. അപ്പോഴേക്കും ചിരിച്ചു കൊണ്ടു ആ സിസ്റ്റര്‍ അടുത്തേക്കു വിളിച്ചു. മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. നീട്ടിയ കൈയില്‍ ഒരു വലിയ റബ്ബര്‍ബാന്‍ഡിട്ടു വരിഞ്ഞു മുറുക്കി. അറിഞ്ഞു പോലുമില്ല. അത്ര നല്ല ചിരി! ഒളിച്ചു കളിച്ചിരുന്ന ഞരമ്പു പുറത്തേക്കു ചാടിച്ചു സിറിഞ്ചില്‍ കൂടി രക്തം വലിച്ചെടുക്കുന്ന സ്പീഡു കണ്ടപ്പോഴാണു ഇങ്ങനെ ചിരിക്കുന്നതിന്റെ കാര്യം പിടികിട്ടിയതു! പനയില്‍ നിന്നും ഇറങ്ങി വന്നിരിക്കയാ രക്തയക്ഷി! ഇങ്ങനെ അഞ്ചു പേരുടെ ഊറ്റിയെടുത്താല്‍ ഒരു ഫുള്‍ കുപ്പി കിട്ടും! രക്തബാങ്കില്‍ കൊണ്ടു വില്‍ക്കാനാ… വൈകുന്നേരം റിസള്‍ട്ടു തരാമെന്നുപറഞ്ഞു വീണ്ടും ചിരിച്ചു. എനിക്കപ്പോള്‍ ചിരിയൊന്നും വന്നില്ല. അല്ലെങ്കിലും രക്തത്തില്‍ തൊട്ടുള്ള കളി പണ്ടേ എനിക്കിഷ്ടമില്ല!

ഇനി വൈകുന്നേരം വരെ കാക്കണം, ജനിച്ചതിനു ശേഷം ആദ്യമായാ ഇങ്ങനെയൊരു ഫുള്‍ടെസ്റ്റ്! ആകെ ടെന്‍ഷന്‍. ഫിറ്റാകുമൊ!???