Friday, February 13, 2009

“ഛെ! അവളത് കണ്ടിട്ടുണ്ടാകുമോടാ..”

വാലന്റൈ ഡേ വയലന്റ് ആള്‍ ഡേ യായി പരിഷ്കരിച്ചിട്ടില്ലാരുന്ന എന്റെ കോളേജ് കാലം.
വെളുപ്പിനു തന്നെ നജീബിന്റെ ഇറച്ചിക്കടയില്‍ ചെന്നു. പറഞ്ഞ പോലെ രസ്നക്കുപ്പീല്‍ സാധനം റെഡി. കുപ്പീന്നു ഫില്ലറില്‍ ഫില്ലറീന്നു പേനയിലേക്ക്, കാളരക്തത്തിനു വല്ലാത്ത കട്ടി!? പേനകൊണ്ട് എഴുത്ത് നടക്കില്ല, ഈര്‍ക്കില്‍ കടിച്ച് ചവച്ച് അതു കൊണ്ട് ഞാന്‍ തന്നെ വരച്ചുണ്ടാക്കിയ ചുവന്ന ഹ്യദയത്തിന്റെ പടമുള്ള ഗ്രീറ്റിംഗില്‍ ഒരു വിധം എഴുതി.


“ഇതെന്റെ ഹ്യദയ രക്തം, ഇതെന്റെ പ്രണയം, നിന്നോടുള്ള പ്രണയം! നിന്റെ തുളക്കുന്ന നോട്ടം എന്നെ അന്ധനാക്കി, നിന്റെ ജ്വലിക്കുന്ന ചിരി എന്നെ വേദനയില്ലാത്തവനാക്കി, നിന്റെ ചൂടില്‍ ആ തീയില്‍ ഞാന്‍ സ്വയം കരിഞ്ഞു വീഴാം, ചിറകറ്റു വീഴും മുന്‍പെ ഒരു വാക്ക് ഇഷ്ടമാണെന്നൊരു വാക്ക്..കാത്തിരിക്കുന്നു...,“ (കടുത്തുപോയല്ലെ..! കാളരക്തത്തിനു ഈ സൈസ് മതി)


ഇടതു കൈയ്യില്‍ സ്വന്തമായി അവള്‍ക്കു കാണാന്‍ മാത്രമായി ഒരു ഡ്രസ്സിംഗ്! വീട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കാനായി ഫുള്‍സ്ലീവില്‍ ജന്റില്‍മാനായി കോളേജിലേക്ക്.
ബസ് സ്റ്റാന്‍ഡിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. വഴിയില്‍ വെച്ച് സജിയെ കണ്ടു
“അളിയാ ആ ഇരട്ടകള്‍ വരുന്നുണ്ട്”
ഒരാഴ്ചയായി ഞങ്ങടെ ഏറ്റവും വലിയ ശത്രുക്കളാ അവളുമാറ്, കുറച്ചു ദിവസം മുന്നെ അതിലൊരുവള്‍ ഇഷ്ടമാണെന്നു പറഞ്ഞ ഒറ്റക്കാരണത്താല്‍ അവനെ സ്റ്റാന്‍ഡില്‍ വെച്ച് പരസ്യമായി പോടാന്നു വിളിച്ചു! കൊലക്കയര്‍ വരെ കിട്ടാവുന്ന ക്രൂരമായ കുറ്റം! വിടില്ല ഞങ്ങള്‍!!


പരിസരം ഞങ്ങള്‍ക്കനുകൂലം, രണ്ടും സൈക്കിളിലാ വരുന്നത്, ഒന്നുരുട്ടിയും ഒന്നു ചവുട്ടിയും, ഞാന്‍ ഹാന്‍ഡിലില്‍ പിടിച്ച് നിര്‍ത്തി.
കോലുമിട്ടായി പോലെയാണെലും രണ്ടും കീരി ജന്മമാ., ചീറിക്കൊണ്ട് നില്‍ക്കുന്നു.
“ഒരാളെന്താ നടക്കുന്നത്!? എക്സര്‍സൈസാ..!“ ഞാനാക്കിച്ചോദിച്ചപ്പോഴേക്കും സജി പറഞ്ഞു
“അളിയാ ടയര്‍ വെടി തീര്‍ന്നതാ..”
ഒരെ കളറിലെ ചുരിദാര്‍, കമ്മല്‍, മാല, തലമുടി, ചെരുപ്പ്, സൈക്കിളിന്റെ നിറം എല്ലാം ഒന്ന്! എന്തിനേറെ രണ്ടിന്റെം മുഖത്തെ ദേഷ്യം പോലും എന്തൊരു സാമ്യം!
“വഴീന്നു മാറ്, ഞങ്ങള്‍ വീട്ടിച്ചെന്ന് പറയും“ ഇരട്ടേലൊന്ന് അഹങ്കാരത്തോടെ പറഞ്ഞത് കേട്ടപ്പൊ കലി വന്നു.
“എല്ലാ കാര്യത്തിലും ഒരു പോലെയല്ലെ, അപ്പൊ ഇതും അതു പോലെത്തന്നങ്ങ് പോട്ടെ”
കാറ്റുള്ളതിന്റെ കൂടി വാല്‍റ്റൂബ് ഞാനഴിച്ചെടുത്തു.
“സ്കൂളിനടുത്തുള്ള സൈക്കിള്‍ ഷോപ്പ് അറിയാമല്ലൊ, രണ്ടാളും കൂടി ജാളിയായി ഉരുട്ടിക്കൊ, ആരോടെന്നു വെച്ചാ പരാതീം പറഞ്ഞൊ!“


അപ്പോഴേക്കും ബസെത്തി, ഓടി ഒരു വിധം ബസേല്‍ തൂങ്ങി.
സിറ്റിയിലുള്ള ഭാവികാമുകിയുടെ കോളേജിനു മുന്നില്‍ കുറെ കറങ്ങി, കാണാന്‍ പറ്റിയില്ല..:(
ഞങ്ങടെ കോളേജില്‍ പെന്‍‌കുട്ടികളില്ലാത്തോണ്ട് കൂട്ടുകാരന്റെ കോളേജില്‍ ചെന്നു കറങ്ങി, ഉച്ചക്കു തന്നെ വീട്ടിലെത്തി, സജിക്കൊരു ജീന്‍സെടുക്കണം വീട്ടിലേക്ക് കുറച്ച് സാധങ്ങള്‍ വാങ്ങണം കൂടെ കാമുകിക്ക് കാര്‍ഡ് കൊടുക്കണം, വാപ്പയോട് കരഞ്ഞു കരഞ്ഞു വണ്ടി വാങ്ങി. നാല്പതില്‍ കൂടുതല്‍ സ്പീഡില്‍ പോകില്ലാന്നു എഴുതി ഒപ്പിട്ടു കൊടുത്തു. ഷോപ്പിംഗും കഴിഞ്ഞ് നേരെ അവളെക്കാണാന്‍ അവട കോളേജിലേക്ക്...


രാവിലെ പോലെ മിസ്സാകാന്‍ പാടില്ല, ഭാഗ്യം കോളേജ് വിട്ടതെ ഉള്ളു. അവള്‍ കയറിയ ഓട്ടോയോടൊപ്പം പാരലലായി വണ്ടി വിട്ടു. ഗ്രീറ്റിംഗ്കാര്‍ഡ് ഓട്ടൊക്കുള്ളിലെറിഞ്ഞു. സീറ്റില്‍ തന്നെ വീണു. ന്യൂട്ടന്‍ സിദ്ധാന്തം അരങ്ങേറാത്തതിനാല്‍ ഇച്ചിരി സമാധാനം
തിരക്കിനിടയില്‍ ഓട്ടൊ മുന്നിലായി, എന്തൊരു സ്പീഡാ ഈ ഓട്ടൊക്കാരന്!? ഇനി അവളു പറഞ്ഞിട്ടാകുമൊ!? അവളാ കാര്‍ഡ് എടുത്തൊന്ന് അറിയാന്‍ വയ്യ, വല്ലാത്ത ടെന്‍ഷന്‍.
മൂന്നു വീലുള്ള അവനീ അഹങ്കാരമാണെങ്കില്‍ രണ്ടു വീലില്‍ പോകുന്ന എനിക്കെന്തോരം കാണും!
ഞാനാക്സിലേറ്ററില്‍ മുറുക്കിയപ്പോള്‍ രണ്ടു കയ്യിലും പ്ലാസ്റ്റിക് കവറ് പിടിച്ചിരിക്കുന്നത് കൊണ്ട് സജിയെന്നെ തല കൊണ്ട ഇടിച്ചിട്ട്
“ടേയ് നീയിത്ര സീരിയസാകല്ലെ..! പതുക്കെ പൊ..”
“കാര്‍ഡവള്‍ എടുത്തോന്നറിയണം” നീ പേടിക്കാതിരിക്ക് ഞാനല്ലെ ഓടിക്കുന്നത്!“
“ഒന്ന്.. രണ്ട്.. മൂന്ന്.. ഓരൊ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഞാന്‍ എണ്ണിക്കൊണ്ടിരുന്നു..
“എടുത്തില്ലെല്‍ നാളെം കൊടുക്കാല്ലോടാ..“
“പോടാ..ഈ വാലന്റൈന്‍ ഡേക്ക് കൊടുക്കുന്ന പോലാകില്ല!“
പറഞ്ഞു തീര്‍ന്നില്ല എതിരെ പാഞ്ഞു വന്ന ടെമ്പൊ അടുത്തെത്തിയതും എന്റെ നേരെ വെട്ടിത്തിരിച്ചു, റോഡിലെ കുഴി അവനപ്പോഴാ കണ്ടത്! രക്ഷപ്പെടാനായി ഇടത്തോട്ട് ചെരിഞ്ഞ ഞാന്‍ ഓടയിലെന്റെ പ്രതിബിംബം കണ്ട് പേടിച്ചു. വലത്തോട്ട് വെട്ടിച്ചതും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പള്ളക്കടിച്ച് ഉയര്‍ന്ന് പൊങ്ങി, പിന്നീടങ്ങോട്ടുള്ളത് കൈവിട്ട കളിയായിരുന്നു, എമറ്ജന്‍സിയായി നടുറോഡില്‍ തന്നെ ലാന്‍ഡ് ചെയ്ത എന്റെ തലയില്‍ തൊട്ടുരുമ്മിക്കൊണ്ട് വല്ലാത്തൊരു ശ്ബ്ദത്തോടെ പിറകില്‍ നിന്നും വന്ന ഓട്ടൊ! തലയില്‍ മുന്നിലെ ടയറ് ചെറുതായി മുട്ടി, ടാറും ടയറും കൂടിച്ചേര്‍ന്ന കരിഞ്ഞ മണം മൂക്കു തുളച്ചു കയറി,


“എന്നെ കൊലപാതകിയാക്കുമോടാ..#%$*%(^(*(&(&&%^$%^%“ എന്നും ചോദിച്ച് ഓട്ടൊ ഡ്രൈവറിന്റെ വരവില്‍ എഴുന്നേറ്റ് ഓടണമെന്നു തോന്നിയെങ്കിലും കഴിഞ്ഞില്ല, പറക്കുന്ന പോലൊരു ഫീല്‍ തോന്നിയപ്പോഴാണ്‍ മൂന്നാലുപേരുടെ കൈയ്യിലാണെന്ന് മനസ്സിലായത്, അവരെന്നെ ചുമന്നു റോഡ് സൈഡിലെ മതിലില്‍ ചാരി നിര്‍ത്തി. ശരീരം മുഴുവന്‍ നന്നായി പരിശോധിച്ചു.
“പുറമെ ഒരു കൊഴപ്പോം ഇല്ല, യെന്നാലും ആശൂപത്രീക്കൊണ്ട് കാണിക്കണം കേട്ടാ..വല്ലോടൊം വേദനയുണ്ടാടെ!?“ കൂട്ടത്തിലാരൊ ചോദിച്ചു.
“ഇല്ലണ്ണാ..” ഒരു വിധം ഞാന്‍ പറഞ്ഞു.
നാരങ്ങാവെള്ളം, സോഡാ, എന്നൊക്കെയുള്ള നല്ല പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അപ്പോഴേക്കും ആരൊ വെള്ളവുമായി വന്നു, ആ നില്‍പ്പില്‍ രണ്ട് കപ്പ് വെള്ളം കുടിച്ചപ്പോഴാണ്‍ കൂടെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്ന കാര്യം ഓര്‍മ്മ വന്നത്. ഒരു കൈയ്യില്‍ പ്ലാസ്റ്റിക് ബാഗുകളും മറു കൈ കോമപോലെയും പിടിച്ച സജിയെ ഓടയില്‍ നിന്നും നാട്ടുകാര്‍ വലിച്ച് കയറ്റി, പിടുത്തങ്ങളില്ലാത്ത അവന്‍ ആദ്യം തന്നെ പോയിരുന്നു.
അടുത്തയാളെവിടെ..!?
റോഡിനിരുവശവും നോക്കീട്ട് കാണാത്തോണ്ട് കൂടി നിന്ന അണ്ണന്മാരോട് ചോദിച്ചു
“എന്റെ വണ്ടിയെവിടേണ്ണാ..!?,
“യെന്നാലും വീടുകളിലൊക്കെ പറഞ്ഞിട്ട് തന്നെ ചെല്ലാ വണ്ടികള്‍ ഓടിക്കണത്..! ലോണ്ടെ അവിടൊണ്ടപ്പീ..


വെള്ളം തന്ന അണ്ണന്‍ ചൂണ്ടിയ ഭാഗത്ത് അനാഥനെപ്പോലെ കിടക്കുന്ന സ്കൂട്ടറിനെ കണ്ടപ്പൊ മനസ്സൊന്നു കാളി, വാപ്പച്ചിയെങ്ങാന്‍ ഈ കാഴ്ച കണ്ടാല്‍! ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ, ഞാനോടി, വീണ പരിഭവം കൊണ്ടൊ നാണം കൊണ്ടാണൊ എന്നറിയില്ല തല ഒരു വശത്തേക്ക് ചരിച്ച് പിടിച്ചിരിക്കുന്നു. ഞാന്‍ ബലം പ്രയോഗിച്ച് നിവര്‍ത്തിയിട്ടും കൂട്ടാക്കുന്നില്ല. അടുത്തു നിന്ന ഒരണ്ണന്‍ ബംബര്‍ നോക്കി ഒന്നു കൊടുത്തു. നാണവും പരിഭവവും ഒന്നിച്ചു മാറി.


നാട്ടുകാര്‍ എന്നെ പരിശോധിച്ച പോലെ ഞാന്‍ സ്കൂട്ടറിനെ പര്‍ശോധിക്കാന്‍ തുടങ്ങി.
“എടാ..എന്റെ കൈമുട്ടു നോക്കിക്കെ!?” കൂട്ടുകാരന്റെ ദയനീയ ശബ്ദം,
“ഹെഡ് ലൈറ്റിനും ഇന്‍ഡിക്കേറ്ററിനും ഒരു കുഴപ്പോമില്ലെടാ..!“ ഞാനവനെ നോക്കാതെ മറുപടി കൊടുത്തു. എക്സ്ട്രാഫിറ്റിംഗ്സിന്റെ അടിഭാഗം പകുതിയും ഉരഞ്ഞു പോയിരുന്നു, അതില്ലായിരുന്നെങ്കിലുള്ള അവസ്ഥ!.
“എടാ എന്റെ കാല്‍മുട്ടും വേദനിക്കുന്നു” വീണ്ടും അവന്റെ ശബ്ദം
“ബോഡിക്ക് ഒരു പോറല്‍ പോലുമില്ലെടാ..!“ എന്റെ മറുപടിക്ക് ശേഷമുള്ള നിശബ്ദതയില്‍ പന്തിയില്ലായ്മ തോന്നിയ, ഞാന്‍ പതിയെ അവനെ നോക്കി, വല്ലാതെ വയലന്റായി നില്‍ക്കുന്ന അവനെന്നെ കൈവെച്ചേക്കുമെന്നു തോന്നിയതു കൊണ്ട് മാത്രം പറഞ്ഞു
“വണ്ടിയൊന്നു നല്ലോണം നോക്കട്ടെ! ഇപ്പം നമുക്ക് ആശുപത്രിയില്‍ പോകാടാ….“


പോണോരും വരണോരും പെന്‍‌വാണിഭക്കേസിലെ ഇരയെ നോക്കുന്നമാതിരി ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു, അതൊന്നും മൈന്‍ഡാതെ ചെരിഞ്ഞും കിടന്നും ഞാന്‍ വണ്ടിയെ പരിശോധിച്ചു.
“എടാ..“ വീണ്ടും അവന്റെ കരയുമ്പോലുള്ള വിളി
“ഹോസ്പിറ്റലില്‍ പോകാന്നു പറഞ്ഞില്ലേടാ..പിന്നെന്താ!?“
“അതല്ലെടാ..അങ്ങോട്ട് നോക്കിക്കെ!?”
അവന്‍ ചൂണ്ടിയ വീടിന്റെ മുകളില്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന ഇരട്ടകളെ കണ്ട് എനിക്കും കരച്ചില്‍ വന്നു,
പടച്ചോനെ ഇതുങ്ങടെ ആവാസസ്ഥാന്റെ മുന്നിലാണാ ഈ അഭ്യാസമെല്ലാം അരങ്ങേറിയത്, എങ്ങനെയെങ്കിലും അവിടുന്നു വലിഞ്ഞാ മതിയെന്നായി, ഒരു വിധം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
“എടാ കേറടാ..”
“നിന്റെ പിറകില്‍ കേറുന്ന പ്രശ്നമില്ല” എന്ന മറുപടിയോടെ അവനവിടെത്തന്നെ നിന്നു,
“എടാ അവളുമാരു നോക്കുന്നെടാ..പെട്ടെന്നു കേറെടാ..പതുക്കെ ഓടിക്കാടാ.”
ഒരു വിധം അവനെ വലിച്ചു കേറ്റി
അവളുമാരുടെ മുന്നീന്നു വിട്ടതോടെ ഇച്ചിരി സമാധാനമായി
ഹോസ്പിറ്റലില്‍ ചെന്ന് അവന്റെ കൈമുട്ടില്‍ പഞ്ഞിവെച്ച് അവന്റെ കഴുത്തില്‍ തന്നെ തൂക്കി, വീണതിന്റെ ക്ഷീണം മാറ്റാന്‍ ചിക്കനും പൊറോട്ടയും കഴിക്കാന്‍ കയറി. ആറ്ത്തിയോടെ ചിക്കന്‍ കടിച്ചു വലിക്കുന്നതിനിടെ വിഷമത്തോടെ ഞാന് പറഞ്ഞു
“ഛെ അവളത് കണ്ടിട്ടുണ്ടാകുമോടാ..”
“അതെനിക്കറിയില്ലെടാ.. പക്ഷെ അവളുമാര്‍ ആ ഇരട്ടകള് നല്ലോണം കണ്ടിട്ടുണ്ട്”

----------------------------------------------------------------------

വാല്‍ക്കഷണം
കൌമാരക്കാരന്റെ സ്വഭാവം ഇങ്ങനാ.. വാലില്‍ പടക്കം കെട്ടിയ പട്ടീടെ കൂട്ട്, ചൂടു പാലു കുടിച്ച പൂച്ചയെ പ്പോലെ,, ഓസിനു ബ്ലോഗു കിട്ടിയ ബ്ലോഗറെപ്പോലെ, ആ പ്രായത്തില്‍ ഈ ലബ്ബിന്റെ കാര്യത്തില്‍ അവറ് പല പ്രാന്തും കാണിക്കും. പ്രത്യേകിച്ച് അതിനായൊരു ദിവസം കിട്ടുകയെന്നു പറഞ്ഞാല്‍ കൂടുതല്‍ കുഷി! അതോണ്ട് അവര്‍ കാണിക്കട്ടെ, അവരെ അവരുടെ വഴിക്കങ്ങ് വിടുക, കെട്ടിയിടാന്‍ ശ്രമിച്ചാല്‍ പത്തില്‍ പത്ത് അവരത് പൊട്ടിക്കും! എന്നു കരുതി പാശ്ചാത്യരുടെ അനുകരണമായ വാലന്റൈന്‍ ഡേയോട് എനിക്കും താല്പര്യമില്ല! അങ്ങനെ കാമുകര്‍ക്കൊരു ദിവസം വേണമെന്നു നിര്‍ബന്ധാച്ചാല്‍ നമുക്കു നമ്മുടെ സംസ്കാരത്തിനു ചേര്‍ന്നൊരു ദിവസം തിരഞ്ഞെടുത്തൂടെ, റോള്‍ മോഡല്‍ രമണന്‍ തന്നെയായിക്കോട്ടെ, പുള്ളി കെട്ടിത്തൂങ്ങിയ ആ ദിവസമല്ലെ ഏറ്റവും അനുയോജ്യം! പരസ്പരം ഓരൊ മുഴം കയറ് ഗിഫ്റ്റായി കൊടുത്ത് ഹ്യദയചില്ലകളില്‍ പ്രണയത്തെ കെട്ടിത്തൂകക്കുകെം ചെയ്യാം
അപ്പോള്‍ എല്ലാവര്‍ക്കും പ്രയാസിയുടെ
“ഹാപ്പി രമണന്‍ ഡൈ ഡേ”