Monday, November 26, 2007

ഇങ്ങനെയും ചിലര്‍..!

"ഒരു വട്ടം കൂടി നാട്ടില്.. ഒന്നു പറന്നെത്താന്‍ കൊതീ..."

സ്റ്റുഡിയൊയില്‍ തിരക്കുള്ള ഒരു വൈകുന്നേരം എന്റെ മൊബൈല്‍ പാടാന്‍ തുടങ്ങി… ആരായിരിക്കും ഈ സമയത്ത്..!?
"ഹലൊ..ഹലോ..!"
"എടാ.. അളിയാ... ഞാനാടാ..!?" മറുവശത്തു നിന്നും പരിചയമില്ലാത്ത ശബ്ദം..!
"നിയാസാണോ..!?" ഞാന്‍ ചോദിച്ചു,
"അല്ലെടാ..റഷീദ്..!"
"ഏതു റഷീദ്..!?"
"എടാ.. ജയന്‍.. ജയന്‍ റഷീദ്..!"
വര്‍ഷങ്ങളായി കാണാതിരുന്ന ഒരു സുഹൃത്തിന്റെ ശബ്ദം കേട്ട സന്തോഷത്താല്‍ ഞാനുറക്കെ വിളിച്ചു.. "എടാ..ജയാ..." എന്റെ വിളികേട്ടു സൌദികസ്റ്റമര്‍ തുറിച്ചുനോക്കി.. കല്ലിവല്ലി..! അജ്നബികള്‍ക്കു ഉറക്കെ ഫോണ്‍വിളിക്കാന്‍ പാടില്ലെന്നു നിയമമൊന്നുമില്ലല്ലൊ..! മൈന്റു ചെയ്യാതെ വീണ്ടും വിളിച്ചു. "ജയാ.. എടാ നീയെവിടെ.!? എത്ര വര്‍ഷമായെടാ നിന്നെ കണ്ടിട്ട്..!? നിനക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടി..!? എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍..!?
"ഞാനിന്നലെ ജോയിയെ കണ്ടു. അവനാ നമ്പര്‍ തന്നത്. എല്ലാം വിശദമായി സംസാരിക്കാം. വ്യാഴവും വെള്ളിയും അവധിയല്ലെ..?" അവന്റെ ചോദ്യം കേട്ടു ഞാന്‍ വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബുപോലായി.
"എടാ സ്റ്റുഡിയോക്കാര്‍ക്കു എന്തവധി..! കഴിഞ്ഞ മൂന്നു വര്‍ഷമായി പെരുന്നാളുതന്നെ സലാ സമയത്തു ഡാര്‍ക്കുറൂമിലാ ആഘോഷിച്ചത്..!"
"ഓ.കെ.. ഓ.കെ.. എന്തായാലും ഈ വ്യാഴാഴ്ച രാത്രി നമുക്കു എന്റെ റൂമില്‍ ഒരുമിച്ചു കൂടണം.. ഞാനിപ്പോള്‍ കോബാറിലാ.. അളിയാ.. അപ്പൊ വ്യാഴാഴ്ച രാത്രി വണ്ടിയുമായി ഞാനവിടെ എത്തും.. ഓ.കെ.. അവന്‍ ഫോണ്‍ കട്ടു ചെയ്തു.

സ്റ്റുഡിയൊ ജോലികളില്‍ മുഴുകിയെങ്കിലും എന്റെ മനസ്സ് നാട്ടിലേക്കു പറന്നു. സ്കൂളില്‍ എന്റെ ജൂനിയറായിരുന്നു റഷീദ്. അത്യാവശ്യം സാമ്പത്തികമുള്ള കുടും‌ബം, നാലു പെണ്‍കുട്ടികളുടെ ഇടയില്‍ ഒരേയൊരു ആന്‍‌തരി, ഇളയ സന്തതി. പേരു സൂചിപ്പിക്കുന്നപോലെ ജയന്‍ ബോഡി, മുടിഞ്ഞ ഗ്ലാമര്‍, ആവശ്യത്തിനും അനാവശ്യത്തിനും കൈപൊക്കുന്ന ശീലം..! അതു കാരണം എന്നും പ്രശ്നങ്ങള്‍. ഒന്നു രണ്ടുവര്‍ഷത്തെ ഗള്‍ഫുവാസം കൊണ്ട് എടുത്തുചാട്ടം കുറയുമെന്നു കരുതി വീട്ടുകാര്‍ ഗള്‍ഫിലേക്കു പറഞ്ഞു വിട്ടു. അതിനു ശേഷം ഇന്നാണവന്റെ ശബ്ദം കേള്‍ക്കുന്നത്..! എട്ടു വര്‍ഷമെങ്കിലും ആയിക്കാണും അവന്‍ നാട്ടില്‍ നിന്നും പോന്നിട്ട്..!

വ്യാഴാഴ്ച രാത്രി അവന്‍ കൃത്യമായി സ്റ്റുഡിയൊയിലെത്തി, കൌണ്ടറിനകത്തു ചാടിക്കയറി അളിയാ എന്നും പറഞ്ഞു കെട്ടിയൊരു പിടുത്തം..! സ്വഭാവത്തില്‍ ഇവനാ പഴയ ജയന്‍ തന്നെ ഒരു മാറ്റവുമില്ല. പക്ഷെ അവന്റെ രൂപം വല്ലാതെ മാറിയിരിക്കുന്നു..! കൈയ്യില്‍ കുറെ വളയങ്ങളും ചുവപ്പിച്ച തലമുടിയും ചെറിയ ഒരു ടീ ഷര്‍ട്ടും പാവാടപോലത്തെ ജീന്‍സും വല്ലാത്തൊരു കോലം..! ഇതായിരിക്കും ലേറ്റസ്റ്റ് ഫാഷന്‍ ഞാന്‍ ആത്മഗതിച്ചു. ഒരു കിളിമാസ് കാറും അതിനുള്ളില്‍ അതിനെക്കാള്‍ അടിപൊളി മ്യൂസിക് സിസ്റ്റവും അവന്‍ രക്ഷപ്പെട്ടു എന്നെനിക്കു തോന്നി. അതുപോലൊരു കാറില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഗമയില്‍ ചാരിക്കിടന്നുകൊണ്ട് അവനോടു ചോദിച്ചു, "എടാ എത്ര വര്‍ഷമായി നീയിവിടെ..!?"
"ഒന്‍പതു വര്‍ഷം കഴിഞ്ഞളിയാ..!"
"നീയിതുവരെ നാട്ടില്‍ പോയില്ലെ..!?"
"കഴിഞ്ഞമാസം 20 ദിവസത്തേക്കു പോയി വന്നു..!"
"ഒന്‍പതു വര്‍ഷം നിന്നിട്ടു ഇരുപതു ദിവസം മാത്രം..!" കേട്ടിട്ടു വട്ടായി.
"അതെ അവിടെ ആരെക്കാണാനാ.. അവിടെ നിന്നാല്‍ എനിക്കു ഭ്രാന്തു പിടിക്കും ഞാന്‍ തിരിച്ചു പോന്നു..!" അവന്റെ നിരാശകലര്‍ന്ന വാക്കുകളില്‍ വിഷമം തോന്നി. പിന്നെ ഞാനൊന്നും ചോദിച്ചില്ല.

കോബാറിലുള്ള കൊട്ടാരസദൃശ്യമായ ഒരു വീടിനു മുന്നില്‍ കാര്‍ നിന്നു. ഇതാണെന്റെ സാമ്രാജ്യം..! ഞാന്‍ ഞെട്ടി..! ഇവിടാ നീ താമസിക്കുന്നത്..!? ഞാനിവിടത്തെ ഡ്രൈവറാടാ.. ഒന്‍പതു കൊല്ലം കൊണ്ട്.. അരാംകൊയിലെ പൈലറ്റാ എന്റെ കഫീല്‍ (സ്പോന്‍സര്‍), കാര്‍ പാര്‍ക്കു ചെയ്തു കൊണ്ട് അവന്‍ പറഞ്ഞു. പുറത്തു വല്ലാത്ത തണുപ്പ്.. മഞ്ഞുണ്ട് ഞാന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും മങ്കിക്യാപ്പെടുത്തു തലയില്‍ ഫിറ്റു ചെയ്തു. ആ‍ദ്യമായാ ഒരു സൌദിയുടെ വീടിന്റെ മതില്‍കെട്ടിനുള്ളില്‍... അവിടുത്തെ ഔട്ട്‌ഹൌസിലേക്കു അവനെന്നെ ക്ഷണിച്ചു, നൈറ്റ്ക്ലബ്ബു പോലുള്ള ഒരു റൂമിലേക്കു കയറി. കുറെ കളര്‍ ലൈറ്റുകളും രണ്ടുമൂന്നു അലമാരപോലുള്ള ബോക്സുകളും മൈക്കും.. ഇവനെന്തു പറ്റി..! ഒറ്റക്കുള്ള ജീവിതം കൊണ്ടു വട്ടായാ..! അപ്പോഴേക്കും അടുക്കളയില്‍ നിന്നും അവനൊരു കുപ്പിയുമായി വന്നു. അതുയര്‍ത്തിപ്പിടിച്ചു എന്നോടായി "വോഡ്ക..! ഞാന്‍ ബഹ്‌റൈനില്‍ നിന്നും കൊണ്ടു വന്നതാ.. നീ കഴിക്കുമല്ലൊ!?"
"ഏയ്..ഇല്ല..!"
"എന്തു പറ്റി നീ ബിയറും വോഡ്കയും കഴിക്കുമായിരുന്നല്ലൊ!?"
"ഇങ്ങോട്ട് പാക്ക് ചെയ്തതോടെ നിര്‍ത്തി.. അതുമല്ല പോകുന്നതിലും സ്പീഡില്‍ തിരിച്ചു വരുന്നു.!"
"ശെരി ഞാന്‍ നിര്‍ബന്ദിക്കുന്നില്ല" ഒരു ഇംഗ്ലീഷ് മ്യൂസിക് അവന്‍ പ്ലെ ചെയ്തു.. അവിടം കുലുങ്ങുന്ന പോലെ തോന്നി. അത്രക്കു ഉച്ചത്തില്‍..! "എടാ സൌദി വഴക്കു പറയില്ലെ..!?" എനിക്കു പേടിയായി.
"ഇല്ലെടാ.. നീ ധൈര്യമായിരിക്ക് അവര്‍ക്കു എന്റെ ഈ വട്ടുകളൊക്കെ അറിയാം, ഇങ്ങോട്ടു ശ്രദ്ധിക്കാറില്ല.." അപ്പോഴാണു ചുമരിലെ ഫോട്ടോകള്‍ ഞാന്‍ ശ്രദ്ധിച്ചത്. സുന്ദരിയായ ഒരു ഫിലിപ്പിനി പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ടുള്ള അവന്റെ പോസുകള്‍..! ആകാംഷയോടെ ഞാന് ‍ചോദിച്ചു,
"ആരാടാ ഇവള്‍..!?"
"എന്റെ ഇപ്പോഴത്തെ ഗേള്‍ഫ്രണ്ട്..! ഇവിടുത്തെ ജോലിക്കാരി. ഓരോ "പ്രശ്നങ്ങള്‍" ഉണ്ടാകുമ്പോള്‍ സ്പോന്‍സര്‍ ഓരോന്നിനെ പറഞ്ഞു വിടും.. ഇതു അവസാനം വന്നത്.. നീയിങ്ങു വന്നെ.. അവനെന്നെ അടഞ്ഞു കിടന്ന ഒരു മുറി തള്ളിത്തുറന്നു അകത്തോട്ടു കൊണ്ടുപോയി. കട്ടിലില്‍ ഫിലിപ്പിനിപ്പെണ്ണു മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു..! അകത്തു കയറിയതിനെക്കാള്‍ സ്പീടില്‍ ഞാന്‍ പുറത്തേക്കിറങ്ങി..! അവന്‍ കൂളായി എന്നോട് എടാ.. ഇതെന്റെ ബെഡ‌്റൂമാ.. സോറി ഞങ്ങളുടെ..! നമുക്കകത്തിരിക്കാം. വേണ്ട അവളുറങ്ങിക്കോട്ടെ. നമുക്കു പുറത്തിരിക്കാം ഞാന്‍ തിരികെ പഴയ സോഫയില്‍ വന്നിരുന്നു.

അവന്‍ വീണ്ടും വോഡ്ക ഗ്ലാസ്സിലേക്കു പകര്‍ന്നു അതു ഫിനിഷു ചെയ്തു. "എടാ നീ ഇതിന്റെ ശബ്ദമൊന്നു കുറച്ചെ.. വിശേഷങ്ങള്‍ ചോദിക്കട്ടെ..!? നിന്റെ ഉമ്മയും വാപ്പയും എന്തു പറയുന്നു?" എന്റെ ചോദ്യം കേട്ടു അവന്‍ വല്ലാതെ ചിരിച്ചു..! "അവര്‍ രണ്ടും പോയെടാ..! മൂന്നു വര്‍ഷത്തിനു മുന്‍പ് വാപ്പയും കഴിഞ്ഞ മാസം ഉമ്മയും.. നീ അറിഞ്ഞില്ലെ..!? അവന്‍ സി.ഡി പ്ലെയര്‍ ഓഫ് ചെയ്തു. "സത്യത്തില്‍ ഞാനറിഞ്ഞില്ലായിരുന്നെടാ.." വല്ലപ്പോഴും വീട്ടില്‍ വിളിക്കുന്നതൊഴിച്ചാല്‍ നാടുമായി എനിക്കു യാതൊരു ബന്ധവുമില്ലായിരുന്നു എന്നതാണു സത്യം. "കൊള്ളാം നല്ലത്" അവന്‍ തുടര്‍ന്നു. "അവസാനമായി വാപ്പ എന്നെ വിളിച്ചിരുന്നു, കുറെ സംസാരിച്ചു, അവസാനം ഒരു വെള്ളമുണ്ട് വേണമെന്നു പറഞ്ഞു, വാപ്പ ആദ്യമായി ഒരു കാര്യം ചോദിച്ചതാണ്, നമ്മുടെ സുള്‍ഫി നാട്ടില്‍ പോകാന്‍ നില്‍ക്കുന്നു, ഞാനൊരു മുണ്ടുവാങ്ങി കവറില്‍ വാപ്പയുടെ പേരുമെഴുതി റൂമില്‍ വെച്ചു, വന്നു വാങ്ങിക്കാന്‍ സുള്‍ഫിയും കൊണ്ടു കൊടുക്കാന്‍ ഞാനും മറന്നു. സുള്‍ഫി പോയി പിറ്റെ ദിവസം വാപ്പ മരിച്ചെന്നും പറഞ്ഞു നാട്ടില്‍ നിന്നും ഫോന്‍ വന്നു..! അവസാനമായി പുതപ്പിക്കാനായിരിക്കും വാപ്പ എന്നോടു മുണ്ട് ചോദിച്ചത്. എനിക്കാ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല..! വീണ്ടും അവന്‍ വോഡ്ക ഗ്ലാസ്സിലേക്കു പകര്‍ന്നു.

ഉമ്മ ഒരുപാടു പ്രാവശ്യം വിളിച്ചിട്ടു എനിക്കു നിന്നെക്കാണാന്‍ കൊതിയാവുന്നു എന്നു പറഞ്ഞു. അപ്പോഴൊക്കെ ഞാന്‍ അടുത്ത മാസം വരാം അതിനടുത്ത മാസം വരാമെന്നുള്ള മറുപടികൊടുത്തു എന്റുമ്മായെ പറ്റിച്ചുകൊണ്ടിരുന്നു. ഒരു ദിവസം സ്പോന്‍സര്‍ ടിക്കറ്റും പാസ്പോര്‍ട്ടും കൈയ്യില്‍ തന്നിട്ടു എത്രയും പെട്ടെന്നു നാട്ടില്‍ പോകാന്‍ പറഞ്ഞു..! പറഞ്ഞുവിടാന്‍ ഞാനെന്തു തെറ്റു ചെയ്തെന്നു ചോദിച്ചപ്പൊഴേക്കും, ഉമ്മ ഹോസ്പിറ്റലിലാണെന്നും അവിടെ നിന്നും ഡോക്ടര്‍ വിളിച്ചിരുന്നു എന്നുമുള്ള സ്പോന്‍സറിന്റെ മറുപടിയില്‍ ഞാന്‍ വിയര്‍ത്തു, എനിക്കു ചുറ്റും ഇരുള്‍പരക്കുന്നതായി തോന്നി, വല്ലാത്ത ഒരു ഭയം എന്നെ പിടികൂടി, ഒട്ടും സമയം കളയാതെ ഞാന്‍ നാട്ടിലെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ മെഡിക്കല്‍ കോളേജിലേക്ക്..! നാട്ടില്‍ നിന്നു പോരുമ്പോള്‍ എന്റുമ്മ വളരെ ആരോഗ്യവതിയായിരുന്നെടാ.. ഒന്‍പതു വര്‍ഷത്തെ മാറ്റം..! തളര്‍ന്നുറങ്ങുന്ന ഉമ്മായെ ഞാന്‍ തട്ടി വിളിച്ചു. ഉമ്മാ.. ഉമ്മാ.. ഞാന്‍ വന്നു.. ഉമ്മയുടെ റഷീദ് വന്നു… പക്ഷെ നിര്‍ഭാഗ്യവാനായ എന്നെ തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം ഉമ്മായുടെ ബോധം മറഞ്ഞിരുന്നു. മൂന്നു ദിവസം എന്റുമ്മായുടെ അരികില്‍.. ആ ഹോസ്പിറ്റലില്‍.. പക്ഷെ ഒരിക്കല്‍പ്പോലും ഉമ്മയെന്നെ തിരിച്ചറിഞ്ഞില്ല..! നോക്കി ഒന്നു ചിരിച്ചുപോലുമില്ല..! റഷീദെ എന്നുള്ള ഒരു വിളിക്കായി ഒരു ചിരിക്കായി രാത്രിയും പകലും ഞാന്‍ കാത്തിരുന്നു. അവസാനതുള്ളി വെള്ളം എന്റെ കൈകൊണ്ടു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമൊ..!? ഉമ്മാ.. ഒരിക്കലെന്നെ മോനെ എന്നു വിളിക്കൂ.. ഞാന്‍ ഹൃദയം പൊട്ടിക്കരഞ്ഞു… ആ കരച്ചിലിനൊടുവില്‍ അവസാന ശ്വാസവും നിലച്ചു എന്റ്റുമ്മ യാത്രയായി.. അവന്റെ വാക്കുകള്‍ ഇടറിയിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. വല്ലാത്തൊരു നിര്‍ജ്ജീവാവസ്ഥയില്‍ ഞാനെല്ലാം കേട്ടിരുന്നു.

അവന്‍ കുപ്പി മുഴുവനും കാലിയാക്കി. മൈക്കു കൈയ്യിലെടുത്തു.
"നിനക്കു കവിത ഇഷ്ടമാണൊ..!?" അവന്റെ ചോദ്യം കേട്ടു ഞാനമ്പരന്നു.! ഞാനൊരു കവിത ചൊല്ലാന്‍ പോകുന്നു. ഇവിടുത്തെ ജീവിതം എനിക്കു സമ്മാനിച്ച ഒരേയൊരു നല്ല ഗുണം,,!
അവനുച്ചത്തില്‍ ചൊല്ലി…..

"അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമിന്നു നിശബ്ദമായി
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി-
നിന്നതേയുള്ള നിഴലുകള്‍ മാതിരി....."

അതു ചൊല്ലിത്തീര്‍ത്തവന്‍ അടുത്തതിലേക്കു കടന്നു..

"അങ്കണത്തൈമാവില്‍ ‍ നി-
ന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടു കണ്ണീര്‍"

ആ കവിതകള്‍ക്ക് അവന്റെ മധുരമായ ശബ്ദത്തില്‍ ജീവന്‍ വെച്ചന്നു തോന്നി.
കത്തിജ്ജ്വലിക്കുന്ന അവന്റെ അന്തരാത്മാവില്‍ നിന്നും ഉരുകിയൊലിക്കുന്ന ലാവാ പ്രവാഹം പോലെ..! ജീവിതത്തില്‍ ഇത്രയും ഹൃദയ സ്പര്‍ശിയായ ഒരാലാപനം ഞാന്‍ കേട്ടിട്ടില്ല. അറിയാതെ കവിളില്‍ നനവു ഒലിച്ചിറങ്ങി. കവിതയുടെ അവസാനം അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. വീര്‍പ്പു മുട്ടലിന്റെയും കുറ്റബോധത്തിന്റെയും കാര്‍മേഘങ്ങള്‍ പെയ്തൊഴിയുന്നതും നോക്കി ഞാനിരുന്നു.

കുറച്ചു നേരത്തെ നിശ്ബ്ദതക്കു ശേഷം അവന്‍ പറഞ്ഞു. എടാ കാശിനു വേണ്ടി നീയിവിടെ അടിഞ്ഞു കൂടരുത്. അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..! ഉറ്റവരുടേയും ഉടയവരുടേയും നഷ്ടങ്ങള്‍ക്കു ശേഷം ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാടു കാണാന്‍ കഴിയാത്തതു കൊണ്ടാകാം റഷീദിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം പടപടാന്നു മിടിക്കാന്‍ തുടങ്ങും..

Saturday, November 10, 2007

ഇരുട്ടടി..!

എന്റെ വീടിനു അടുത്തുതന്നെയാണു മാമയും കുടും‌ബവും താമസിക്കുന്നത്. മാമയുടെ മകള്‍ സുനിത പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഞാന്‍ പ്രി ഡിഗ്രിക്കും! പ്രായത്തില്‍ അവളെന്നെക്കാള്‍ സീനിയറാണെങ്കിലും ബാംഗ്ലൂരില്‍ നിന്നും നമ്മുടെ നാട്ടില്‍ പറിച്ചു നട്ടതു കൊണ്ട് പാവം എന്റെ ജൂനിയറായിപ്പോയി. അവസാന പരീക്ഷയുടെ സമയമായതു കൊണ്ട് കുറച്ചു ദിവസത്തേക്കു അവള്‍ക്കു എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു. അതു കാരണം സിറ്റിയിലുള്ള സ്കൂളില്‍ നിന്നും ക്ലാസ്സു കഴിഞ്ഞു വരുമ്പോഴേക്കും സന്ധ്യ കഴിയും.

ഒരു ദിവസം അവളെന്നെ വിളിച്ചിട്ടു പറഞ്ഞു.. "എടാ…
കുറച്ചു ദിവസമായി രണ്ടു ചെക്കന്മാര്‍ എന്നെ വല്ലാതെ ശല്യം ചെയ്യുന്നു..! "
"ആദ്യം സ്കൂളിനടുത്തുള്ള ബസ്റ്റാന്‍ഡില്‍ നിന്നു ചിരിക്കലായിരുന്നു പണി..!
പിന്നീടു ബസ്സില്‍ കൂടെകയറി നമ്മുടെ സ്റ്റോപ്പ് വരെ വരാന്‍ തുടങ്ങി..!
ഇന്നലെ അവന്മാര്‍ ഇവിടെ വരെ വന്നു..! "
"വീടിന്റെ നടയിലൊ!?" ഞാന്‍ പുലിയായി..!
"അതേടാ എന്നെക്കൊണ്ടാക്കിയിട്ടു തിരിച്ചു പോയി..! "
"നീ മാമയോടു പറഞ്ഞൊ ? "
"പറഞ്ഞു. "
അപ്പോഴേക്കും മാമ വന്നു. "മോനെ തല്ലാനും കൊല്ലാനൊന്നും പോണ്ടാ..ഇവള്‍ക്കു വീണ്ടും പഠിക്കാന്‍ പോകാനുള്ളതാ..നമുക്കു ആള്‍ക്കാരാ‍രാന്നു നോക്കാം. പറഞ്ഞു മനസ്സിലാക്കി വിടാം. നമ്മുടെ കൈയ്യില്‍ നില്‍ക്കാത്ത കേസാണെങ്കില്‍ കേന്ദ്രകമ്മറ്റിക്കു വിടാം." (എന്റെ പിതാശ്രീയോടു പറയാമെന്ന്!)

പിറ്റെ ദിവസം ഞാനും മാമയും കൂടി ബസ്റ്റാന്‍ഡില്‍ ചെന്നു കാത്തു നിന്നു. വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ നടക്കണം സ്റ്റാന്‍ഡിലേക്ക്. 6 മണി കഴിഞ്ഞപ്പോഴെ നല്ല ഇരുട്ട്. കരണ്ടും പോയി. സ്റ്റോപ്പിനടുത്തുള്ള ചെറിയ പെട്ടിക്കടയിലെ പെട്രോള്‍ മാക്സിന്റെ വെട്ടം മാത്രം! അപ്പോഴേക്കും ഒരു ഓട്ടൊറിക്ഷ ഞങ്ങളുടെ മുന്‍പില്‍ വന്നു നിന്നു, സ്ഥലത്തെ ചെറിയൊരു പുലിയായ ഓട്ടൊ ഡ്രൈവര്‍ സജി.
സജിയണ്ണന്‍ മാമയോടായി.
"കാക്കാ എന്തിവിടെ നില്‍ക്കണത്..? വീട്ടിലോട്ടാണെങ്കി വരീ ഞാനും അങ്ങോട്ടാ.. "
"എടെ മോളെക്കാത്തു നില്‍ക്കണടെ… അവളിപ്പം വരും, നീ പൊക്കൊ.. "
"മോളിത്ര താമസിക്കണതെന്ത്..!? "
"പത്തിലല്ലേടെ, എക്സ്ട്രാ ക്ലാസ്സുണ്ട്.. "
"അവളൊറ്റക്കാ കാക്കാ പോയി വരണത്..!? "
"ഇല്ലടെ കൂട്ടുകാരികളും ഉണ്ട്.."
"കാക്കാ വരീ ഓരോ തണുത്ത വെള്ളം കുടിക്കാം.. "
"വേണ്ടടെ ഇപ്പൊ കുടിച്ചതെ ഉള്ളു..! "
ഈ മാമയുടെ ഒരു കാര്യം ഞാന്‍ മനസ്സിലോര്‍ത്തു.
"എടെ എങ്കി നീ വാടെ.." മാമയോടു ചോദിച്ചപ്പോഴെ ഞാന്‍ ഓട്ടൊയില്‍ കയറിക്കഴിഞ്ഞിരുന്നു. സന്തോഷത്തോടെ ആരെങ്കിലും വിളിച്ചാല്‍ അന്നും ഇന്നും ഞാന്‍ വേണ്ടാന്നു പറയില്ല..! രസ്നയുടെ കളര്‍വെള്ളവും രണ്ടു കപ്പലണ്ടി മിഠായിയും വാങ്ങിത്തന്നു. അതിന്റെ ഉപകാര സ്മരണയില്‍ ഞങ്ങള്‍ അവിടെ നില്‍ക്കുന്നതിന്റെ കാരണം ഞാന്‍ സജിയണ്ണനോടു പറഞ്ഞു. ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പെ സജിയണ്ണന്‍ മാമയുടെ അടുത്തെത്തി.
"ഏതവന്മാരു കാക്കാ നമ്മടെ ഏരിയയില്‍ വന്നു മോളെ ശല്യം ചെയ്യണത്..?
പെണ്‍‌കുട്ടികള്‍ക്കു മനസ്സമാധാനമായി പഠിക്കാന്‍ പോകാന്‍ പറ്റാത്ത സ്ഥിതിയായല്ലൊ..! എന്തായാലും മോളു വന്നിട്ടു നമുക്കൊരുമിച്ചു പോവാം..! "
"എടെ സജീ അടിക്കേന്നും ചെയ്യരുത്..! പറഞ്ഞു വിലക്കി വിട്ടാ മതി..!" കപ്പലണ്ടി മിഠായിയും കടിച്ചു ഓട്ടോയുടെ ബാക്സീറ്റില്‍ ചാരിക്കിടക്കുന്ന എന്നെ മാമ തറപ്പിച്ചൊന്നു നോക്കി.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസു വന്നു. സുനിതയും കൂട്ടുകാരിയും ഇറങ്ങി, പിറകെ രണ്ടു ചേട്ടന്മാരും..! പവര്‍കട്ടിന്റെ നിറമായതു കാരണം ആള്‍ക്കാരെ വ്യക്തമാകുന്നില്ല. എന്തായാലും അവളുടെ ഉയരം പോലുമില്ല..!
മുണ്ടും ഷര്‍ട്ടുമാണു പരിഷ്കാരികളുടെ വേഷം. പെണ്‍കുട്ടികള്‍ മുന്‍പേ..കുറച്ചു പിറകിലായി പരിഷ്കാരികള്‍… കുറച്ചു പിറകിലായി ഓട്ടൊയില്‍ ഞങ്ങളും. എടെ സജി ഇവന്മാരെ നമുക്കു വീടിനടുത്തിട്ടു പിടിക്കാം അതുവരെ നീയൊന്നും ചെയ്യരുത്.വീണ്ടും മാമയുടെ ഉപദേശം.

നല്ല ഇരുട്ടുള്ള ഒരു ഭാഗത്തെത്തിയപ്പോള്‍ പരിഷ്കാരികള്‍ പരിഷ്കാരങ്ങള്‍ തുടങ്ങി..! ശൂ..ശൂ.. ഹെലൊ..ഹലോ.. "ഇവന്മാര്‍ ആരെയാടെ ഈ കൈയ്യും കാലും കാണിക്കണത്" സജിയണ്ണന്‍ എന്നെ നോക്കി ചോദിച്ചു.
"സുനിതയേയാ അണ്ണാ..!" പെട്ടെന്നു സജിയണ്ണന്‍ വണ്ടി ഓഫാക്കി..! "ഇനിയും കണ്ട്രോളു ചെയ്യാനുള്ള കപ്പാസിറ്റി എനിക്കില്ല" എന്നും പറഞ്ഞു വണ്ടിയില്‍ നിന്നും ഇറങ്ങി ഒരോട്ടം! രണ്ടിനേയും മുണ്ടക്കം പിടിച്ചു. മുണ്ടെനിക്കു പുല്ലാന്നും പറഞ്ഞു രണ്ടാമന്‍ പറന്നു! ഒന്നാമന്‍ മുണ്ടും കൊണ്ടെ പോകൂ എന്നു വാശിപിടിച്ചതു കാരണം സജിയണ്ണന്‍ വല്ലാണ്ടു വയലന്റായി. ഇരുട്ടു കാരണം വീഡിയോക്കു മങ്ങലുണ്ടായെങ്കിലും ഓഡിയോ നല്ല ക്ലീയര്‍ ആയിരുന്നു. ലൈവായി ഇങ്ങനെയൊന്നു കാണാന്‍ കഴിഞ്ഞ ആത്മനിര്‍വൃതിയില്‍ എല്ലാം മറന്നു ഞാന്‍ നില്‍ക്കുമ്പോള്‍ "എടാ പിടിച്ചു മാറ്റെടാ" മാമയുടെ ഉച്ചത്തിലുള്ള ശബ്ദം. മാമയും ഞാനും ഇടക്കു വീണിട്ടും അടി പൊട്ടിക്കൊണ്ടിരുന്നു. ഒരു വിധം രണ്ടിനേം രണ്ടാക്കി..!

"ഇവനെയൊന്നും ഇങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല! പോലീസില്‍ ഏല്‍പ്പിക്കണം" വല്ലാതെ കിതച്ചു കൊണ്ട് സജിയണ്ണന്‍ പറഞ്ഞു. "എടെ എന്തായാലും നമുക്കു വെട്ടത്തോട്ടു പോകാം" പരിഷ്കാരിയെ ഇനിയും കൈവെക്കുമോ എന്നു മാമക്കു പേടി . "ഇങ്ങോട്ടു വാടാ.. #$^%$#@$#%" മതിലില്‍ ചാരി വെച്ച പരിഷ്കാരിയെ ചുമന്നു കൊണ്ട് വീടിനടുത്തുള്ള ചായക്കടയില്‍ ചെന്നു. പെട്രോള്‍മാക്സിന്റെ വെട്ടത്തില്‍ സജിയണ്ണനെ കണ്ടതും പരിഷ്കാരി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.."മാമാ..സജിമാമാ……… മാമാ…ഇതു ഞാനാ.. സക്കീര്‍!" ഞാനും മാമയും പരസ്പരം മിഴിച്ചു നോക്കി..! സജിയണ്ണന്‍ പരിഷ്കാരിയെ നോക്കി..!സക്കീറിന്റെ രൂപം അവന്റെ മാതാശ്രീക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. എന്നിട്ടും സജിയണ്ണന്‍ തിരിച്ചറിഞ്ഞു! "മോനെ.. സക്കീറെ..നീയായിരുന്നോടാ……" പിന്നീടു അവിടെ നടന്നതു ഏതു കഠിന ഹൃദയന്റേയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.

പഴയകാല മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ ക്ലൈമാക്സു മുഴുവന്‍ അവിടെ അരങ്ങേറി. ആലിംഗന ബദ്ധരായുള്ള അവരുടെ കരച്ചിലില്‍ പ്രകൃതിപോലും കണ്ണീര്‍ പൊഴിച്ചു, മഴപെയ്യാന്‍ തുടങ്ങി, കരണ്ടു വന്നു. സജിയണ്ണന്റെ സിറ്റിയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിന്റെ മകനാണു ഈ പരിഷ്കാരി എന്നറിഞ്ഞപ്പോഴേക്കും ഞാന്‍ മാമയോടായി പറഞ്ഞു. "മാമാ നല്ല മഴ അപ്പൊ നമുക്കങ്ങോട്ട്…!" പോകുന്ന വഴി മാമ എന്നോടായി പറഞ്ഞു "സജിയുടെ ബന്ധുവായതു നന്നായി. ഇനി ശല്യം ഉണ്ടാവില്ല." "അതെ മാമാ അവര്‍ കുടുമ്പക്കാരായി എന്നാലും ഇല വന്നു മുള്ളീ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും ആര്‍ക്കാ മാമാ ഇപ്പൊ കേട്!?" "സക്കീറിന്.!"